ആരാവും പ്രതിപക്ഷ നേതാവ്? ചെന്നിത്തലയെ പിന്തുണച്ച് എ ഗ്രൂപ്പ്, സതീശന്‍ മതിയെന്ന് ഒരു വിഭാഗം, ചര്‍ച്ചകള്‍ ഇങ്ങനെ

തിരുവനന്തപുരം: നിയമസഭയിലേക്കുള്ള പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാനുള്ള അവസാനഘട്ട ചര്‍ച്ചകളിലേക്ക് കടന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുന്നതിന് തൊട്ടുമുമ്പ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതായി എ ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. എംഎല്‍എമാരുമായി ഉമ്മന്‍ ചാണ്ടി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം ഉരുത്തിരിഞ്ഞ് വന്നത്. എന്നാല്‍, ഗ്രൂപ്പിലെ ഒരു വിഭാഗത്തിന് ഈ തീരുമാനത്തോട് എതിര്‍പ്പുണ്ട്.

വിഡി സതീശന്റെ പേരാണ് ചെന്നിത്തലയോടൊപ്പം തന്നെ ഉയര്‍ന്നുവരുന്നത്. തീരുമാനമെടുക്കാനെത്തുന്ന ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ചെന്നിത്തലയെ കേന്ദ്രനേതൃത്വത്തിലേക്ക് കടന്നുവരാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ ചെന്നിത്തല സതീശന്റെ പേരാവും നിര്‍ദ്ദേശിക്കുക. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെയും വി വൈത്തിലിംഗവുമാണ് ഹൈക്കമാന്‍ഡിനെ പ്രതിനിധീകരിച്ചെത്തിയിരിക്കുന്നത്. പിടി തോമസിനെ പ്രതിപക്ഷ നേതാവാക്കണമെന്ന ആവശ്യവും ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ടെങ്കിലും ശക്തമായ സമ്മര്‍ദ്ദങ്ങളില്ല. 21 എംഎല്‍എമാരില്‍നിന്നും അഭിപ്രായം തേടിയ ശേഷമാവും ഹൈക്കമാന്‍ഡ് അന്തിമ തീരുമാനമെടുക്കുക.

2016ല തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ഉമ്മന്‍ചാണ്ടി നേതൃസ്ഥാനത്തുനിന്നും മാറിയതോടെയായിരുന്നു ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്തേക്കെത്തിയത്. പ്രതിപക്ഷ നേതാവ് എന്നനിലയില്‍ ചെന്നിത്തല ചെയ്ത കാര്യങ്ങളില്‍ ഹൈക്കമാന്‍ഡിന് സംതൃപ്തിയുണ്ട്. ഇതാണ് വീണ്ടും ചെന്നിത്തലയെത്തന്നെ സ്ഥാനത്തേക്ക് ആലോചിക്കുന്നതിലെ ഒരു കാര്യം.

അതേസമയം തന്നെ, വിഡി സതീശന്‍ മികച്ച പാര്‍ലമെന്റേറിയനായിരുന്നെന്നും തലമുറമാറ്റത്തിന് പാര്‍ട്ടി തയ്യാറെടുക്കുന്ന പശ്ചാത്തലത്തില്‍ സതീശനെ നേതൃസ്ഥാനത്തെത്തിക്കണമെന്നുമാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്. ഗ്രൂപ്പുകള്‍ക്ക് അതീതനായി നില്‍ക്കുന്നു എന്ന പ്രതിച്ഛായയും സതീശന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡിനുണ്ട്.