കടത്തിൽ മുങ്ങി പ്രതിസന്ധിയിലായിരുന്ന കഫെ കോഫീ ഡേയെ ചുരുങ്ങിയ കാലം കൊണ്ട് കൈപിടിച്ചുയർത്തി മാളവിക ഹെഗ്ഡെ. കമ്പനി ഉടമയും ഭർത്താവുമായിരുന്ന വിജി സിദ്ദാര്ത്ഥയുടെ ആത്മത്യയെ തുടർന്നായിരുന്നു 2009ൽ മാളവിക തലപ്പത്തെത്തിയത്. അന്ന് 7000 കോടി രൂപയായിരുന്നു കടം. അപ്രതീക്ഷിത വളർച്ചയിലേക്ക് കമ്പനിയെ നയിച്ച് രണ്ട് വർഷം കൊണ്ട് 5500 കോടി രൂപയുടെ കടം വീട്ടിയിരിക്കുകയാണ് മാളവിക.
രാജ്യമാകെ വലിയ നെറ്റ്വർക്കുള്ള കോഫീ ശൃംഖലയെ ലാഭത്തിലേക്ക് നയിക്കാൻ തനിക്ക് കഴിഞ്ഞില്ലെന്ന് പരിതപിച്ചായിരുന്നു 2019 ജൂലൈ 31ന് സിദ്ധാർത്ഥ നേത്രാവദി നദിയിലേക്ക് ചാടി ജീവനൊടുക്കിയത്. കമ്പനി ഉടമയുടെ മരണവും കോടികളുടെ കടവും സിസിഡിയുടെ ഭാവി തന്നെ ആശങ്കയിലാക്കിയിരുന്നു. എന്നാൽ കൊവിഡ് മഹാമാരിയുടെ പ്രതിസന്ധിക്കിടയിലും കമ്പനിയെ ഉയർച്ചയിലേക്ക് മാളവിക നയിച്ചു.
നിരവധി പരിഷ്കാരങ്ങളാണ് മാളവിക നടപ്പിലാക്കിയത്. ചെലവുചുരുക്കി പ്രവർത്തങ്ങൾ മെച്ചപ്പെടുത്തി. കമ്പനിക്ക് അകത്തും പുറത്തുമുള്ള വിശ്വാസ്യത തിരികെ കൊണ്ടുവന്നു. കൊവിഡ് പ്രതിസന്ധി മറികടക്കാനുള്ള പ്രത്യേക പദ്ധതികൾ ആവിഷ്ക്കരിച്ചു. ചുരുങ്ങിയ കാലംകൊണ്ട് ലാഭമുണ്ടാക്കുന്ന ബിസിനസ് മോഡൽ തന്നെയാണ് സിസിഡിയെന്ന് തെളിയിച്ചു.

ബംഗളുരുവിൽ നിന്നാണ് 1990 ൽ സിദ്ധാർത്ഥ കോഫീഡേ യാത്ര ആരംഭിച്ചത്. സ്വന്തമായി കാപ്പി കൃഷി ചെയ്ത് കാപ്പിയുണ്ടാക്കി വിറ്റു. കാപ്പിക്കുരു കയറ്റുമതി ചെയ്തു. 2011ൽ ആയിരത്തിലധികം ഔട്ട്ലറ്റുകളുള്ള ശൃംഖലയായി വളർന്നു. എന്നാൽ പിന്നീട് എവിടെയോ പിഴച്ചു. ഷോപ്പുകൾ ഒന്നൊന്നായി പൂട്ടി. കടം പെരുകി. സിദ്ധാർത്ഥ ജീവനൊടുക്കി. പണമിറക്കിയവരിരുടെയും ഷെയർ ഉടമകളുടെയും സമ്മർദ്ദവും ആദായനികുതി വകുപ്പിന്റെ ഉപദ്രവവും താങ്ങാവുന്നതിനപ്പുറമെന്ന് സിദ്ധാർത്ഥ ആത്മത്യാ കുറിപ്പിൽ എഴുതി.
ഇന്ന് കോഫീ ഡേയുടെ രക്ഷക മാത്രമല്ല മാളവിക, രാജ്യത്തെ സംരംഭകരുടെ പ്രതീക്ഷയും മാതൃകയുമാണ്. മുൻ കർണാടക മുഖ്യമന്ത്രി എസ്എം കൃഷണയുടെ മകൾ കൂടിയാണ് മാളവിക.