റോഡ് ഉപരോധത്തിനിടെ കോണ്‍ഗ്രസ് നേതാക്കളും നടന് ജോജു ജോര്‍ജും തമ്മില്‍ വാക്കേറ്റമുണ്ടായ സംഭവത്തില്‍ ‘അമ്മ’ സ്വീകരിച്ച നിലപാടിനെതിരെ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാലിനെ പേരെടുത്ത് പറയാതെയാണ് ഗണേഷ്കുമാറിന്റെ വിമര്‍ശനം. ജോജുവിനെ പിന്തുണയ്ക്കാതിരുന്ന അമ്മ പ്രതിനിധികള്‍ ആരെയാണ് ഭയക്കുന്നതെന്ന് നടന് ചോദിച്ചു. കോണ്‍ഗ്രസ് നേതാക്കളായ വി ഡി സതീശനും കെ സി വേണുഗോപാലും ജോജുവിനെതിരായ അക്രമത്തെ അപലപിച്ചു. എന്നിട്ടും അമ്മ സെക്രട്ടറി ഇടവേള ബാബു ഉള്‍പ്പെടെയുള്ള പ്രതിനിധികള്‍ മൗനം പാലിച്ചതിനെതിരെ സംഘടനയുടെ യോഗത്തില്‍ പ്രതിഷേധം ഉയര്‍ത്തുമെന്നും പത്തനാപുരം എംഎല്‍എ പറഞ്ഞു.
അമ്മയുടെ പ്രതിനിധികള്‍ എന്താണ് മിണ്ടാത്തതെന്ന് മനസിലാകുന്നില്ല. അമ്മയുടെ സെക്രട്ടറി അഭിപ്രായം പറയണ്ടേ? ആരെ പേടിച്ചാണ് ഒളിച്ചിരിക്കുന്നത്?
കെ ബി ഗണേഷ് കുമാര്‍
സ്ത്രീകളെ മുന്നില്‍ നിര്‍ത്തി കള്ളക്കേസ് ചമയ്ക്കല്‍ കോണ്‍ഗ്രസിന്റെ ശൈലിയാണെന്നും നടന് കുറ്റപ്പെടുത്തി. ചവറയില്‍ വെച്ച് തനിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് അക്രമമുണ്ടായപ്പോള്‍ രണ്ട് വനിതകളെ കൊണ്ടുവന്നത് കള്ളക്കേസുണ്ടാക്കാനാണ്. താന്‍ പുറത്തിറങ്ങിയാല്‍ സ്ത്രീകളെ കടന്നുപിടിച്ചെന്ന് ആരോപിക്കാനായിരുന്നു ശ്രമമെന്നും കെ ബി ഗണേഷ് കുമാര്‍ പ്രതികരിച്ചു.
ഗണേഷ് കുമാര്‍ പറഞ്ഞത്
“അമ്മയിലെ അംഗമായ ജോജുവിനെ ഇത്തരത്തില്‍ ആക്രമിച്ചിട്ടും അമ്മയുടെ സെക്രട്ടറി ഒന്നും മിണ്ടിയില്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാവ് കെ സി വേണുഗോപാലും ഈ ആക്രമത്തെ അപലപിക്കുമ്പോള്‍ അമ്മയുടെ പ്രതിനിധികള്‍ എന്താണ് മിണ്ടാത്തതെന്ന് മനസിലാകുന്നില്ല. അമ്മയുടെ സെക്രട്ടറി അഭിപ്രായം പറയണ്ടേ? ആരെ പേടിച്ചാണ് ഒളിച്ചിരിക്കുന്നത്? ഇത്തരം അക്രമങ്ങള്‍ ശരിയല്ല. കാരണം ഞാനിതിന്റെ അനുഭവസ്ഥനാണ്. ഞാനൊരു എംഎല്‍എയും രാഷ്ട്രീയ പ്രവര്ത്തകനുമായതുകൊണ്ട് അതങ്ങനെ പോയെന്നേ ഉള്ളൂ. സ്ത്രീകളെ മറയാക്കുന്നത് ലജ്ജാകരമാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് ചവറയില്‍ വെച്ച് എന്നെ ആക്രമിക്കുമ്പോഴും രണ്ട് സ്ത്രീകളുണ്ടായിരുന്നു. യൂത്ത് കോണ്‍ഗ്രസ് തന്നെ ഷൂട്ട് ചെയ്ത വീഡിയോയില്‍ രണ്ട് സ്ത്രീകളുടെ ശബ്ദം കേള്‍ക്കാം. എന്താണ് ലക്ഷ്യം? കാറില്‍ നിന്ന് ഞാന്‍ പുറത്തിറങ്ങിയാല്‍ ഞാന്‍ കടന്നുപിടിച്ചെന്നാരോപിച്ച് ഒരു കള്ളക്കേസുണ്ടാക്കാന്‍ വേണ്ടി അവരെ കൊണ്ടുവന്നിരിക്കുകയാണ്. പ്രത്യേകിച്ചും ഇത്തരം അക്രമസമരത്തിന് പോകുന്നവര്‍ സ്ത്രീകളെ വിളിച്ചുകൊണ്ടുപോകരുത്.”
ജോജുവിന്റെ കാര്‍ തല്ലിപ്പൊളിച്ച സംഭവത്തില്‍ നടനെ പിന്തുണച്ച് മലയാള സിനിമയിലെ സംവിധായകരും അഭിനേതാക്കളും രംഗത്തെത്തിയിരുന്നു. താരസംഘടനാ ഭാരവാഹികളിലൊരാളായ ബാബുരാജ് വിഷയത്തില്‍ പരസ്യ പ്രസ്താവന നടത്തുകയുണ്ടായി. ജോജുവിന്റെ വാഹനം തല്ലിപ്പൊളിച്ചത് കോണ്‍ഗ്രസിന്റെ സംസ്കാരമാണ്. സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉണ്ടെങ്കില്‍ അതിനെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്കുമുണ്ട്. ജോജുവിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അമ്മ എക്സിക്യൂട്ടീവ് മെമ്പറായ ബാബുരാജ് ദിവസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞു.
ജോജു ജോര്‍ജുമായുണ്ടായ വിവാദം ഒത്തുതീര്‍പ്പിലേക്ക് നീങ്ങുകയാണെന്ന് എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് സൂചിപ്പിച്ചിട്ടുണ്ട്. ഒത്തുതീര്‍പ്പ് ശ്രമം നടക്കുകയാണ്. ഇരുവിഭാഗവും തെറ്റുകള്‍ സമ്മതിച്ചെന്നും പ്രശ്നം രമ്യമായി പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷ. ജോജുവിന്റെ സുഹൃത്തുക്കള്‍ കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചു. പ്രശ്നങ്ങള്‍ സംസാരിച്ച് തീര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇരുകൂട്ടരുടേയും ഭാഗത്തുനിന്നുമുണ്ടായ പെട്ടെന്നുള്ള പ്രകോപനമാണ് വാക്കേറ്റത്തിലേക്കും പ്രശ്നങ്ങളിലേക്കും നയിച്ചതെന്നും ഷിയാസ് ചൂണ്ടിക്കാട്ടി.