‘സിപിഐഎം എന്റെ മരണം ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്?’; തന്റെ ചിത്രമുള്ള റീത്ത് ചൂണ്ടി ഷിബു ബേബി ജോണ്‍

ചവറയില്‍ യൂത്ത് കോണ്‍ഗ്രസ് കൊടിമരത്തില്‍ തന്റെ ചിത്രമുള്ള റീത്ത് വെച്ച സംഭവത്തില്‍ പ്രതികരണവുമായി ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. വ്യത്യസ്ത രാഷ്ട്രീയമാണെന്ന പേരില്‍ ആരെയും മാറ്റിനിര്‍ത്തുകയോ ദ്രോഹിക്കുകയോ ചെയ്യാത്ത ആളാണ് താന്‍. എന്നിട്ടും സിപിഐഎമ്മും ഡിവൈഎഫ്‌ഐയും തന്റെ മരണം ആഗ്രഹിക്കുകയാണെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു.

എന്നാല്‍ അതിനപ്പുറം എന്റെ മരണം ആഗ്രഹിക്കുന്ന നിലയിലേക്ക് സിപിഎമ്മിലെ കൊച്ചനുജന്മാരെ ചിന്തിപ്പിക്കുന്നത് എന്താണ് എന്ന് മനസിലാകുന്നില്ല.

ഷിബു ബേബി ജോണ്‍

രാഷ്ട്രീയപ്രത്യയ ശാസ്ത്രങ്ങളുടെ വൈവിധ്യമാണ് ജനാധിപത്യത്തിന്റെ ശക്തി. ഞാനൊരു രാഷ്ട്രീയത്തില്‍ വിശ്വസിച്ച് കഴിഞ്ഞ 23 വര്‍ഷമായി സജീവ പൊതുപ്രവര്‍ത്തന രംഗത്തുണ്ട്. അതിനുമുമ്പും ആ രാഷ്ട്രീയത്തിന്റെ അനുഭാവിയാണ്. എന്നാല്‍ പൊതുപ്രവര്‍ത്തകനെന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും എന്നെ സമീപിക്കുന്ന എല്ലാവരേയും രാഷ്ട്രീയഭേദമന്യേ സഹായിച്ചിട്ടേയുള്ളൂയെന്നും ഷിബു ബേബി ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ചവറയില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ഷിബു ബേബി ജോണ്‍ തോറ്റത് ചര്‍ച്ചയായിരുന്നു. 1409 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. സുജിത്ത് വിജയനാണ് ചവറയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. സുജിത്ത് വിജയന്‍ പിള്ള 63,282 വോട്ടുകളും ഷിബു ബേബി ജോണ്‍ 62,186 വോട്ടുകളും നേടി. 14,211 പേരാണ് ബിജെപി സ്ഥാനാര്‍ത്ഥി വിവേക് ഗോപന് വോട്ടുചെയ്തത്.

ആര്‍എസ്പിയുടെ ഉറച്ച മണ്ഡലമായിരുന്നു ചവറ. 2001ലും 2011ലും ഷിബുവാണ് ചവറയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. 2016ല്‍ സിഎംപി അരവിന്ദാക്ഷന്‍ വിഭാഗത്തിന്റെ നേതാവായിരുന്ന എന്‍ വിജയന്‍ പിള്ള യുഡിഎഫില്‍ നിന്ന് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. ഇത്തവണ തെരഞ്ഞെടുക്കപ്പെട്ട സുജിത്ത് അന്തരിച്ച മുന്‍ എംഎല്‍എ വിജയന്‍ പിള്ളയുടെ മകനാണ്.