കുഴല്‍പ്പണ കവര്‍ച്ച സുരേന്ദ്രന്റെ മകനെ അറിയിച്ചതെന്തിന്?; ധര്‍മ്മരാജന്‍ ആദ്യം വിളിച്ച ഏഴ് ബിജെപി നേതാക്കളേക്കുറിച്ച് പൊലീസ് അന്വേഷണം

കൊടകര കുഴല്‍പണക്കേസിലെ മുഖ്യ ആസൂത്രകനെന്ന് കരുതപ്പെടുന്ന ധര്‍മ്മരാജന് ബിജെപി ഉന്നതരുമായുള്ള ‘ഹോട്ട് ലൈന്‍’ ബന്ധത്തേക്കുറിച്ച് കൂടുതല്‍ തെളിവുകള്‍. ധര്‍മ്മരാജന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകന്‍ കെ എസ് ഹരികൃഷ്ണനെ ഫോണില്‍ ബന്ധപ്പെട്ടതിനേക്കുറിച്ച് അന്വേഷണ സംഘത്തിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. സുരേന്ദ്രന്റെ മകനുമായി 24 സെക്കന്‍ഡാണ് ധര്‍മ്മരാജന്‍ സംസാരിച്ചത്. കൊടകരയില്‍ വെച്ച് കുഴല്‍പണം കവര്‍ച്ച ചെയ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണിത്.

കവര്‍ച്ചയ്ക്ക് ശേഷം ധര്‍മ്മരാജന്‍ വിളിച്ച ഏഴ് ബിജെപി നേതാക്കളേക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്. പണം നഷ്ടപ്പെട്ട വിവരം ഉടനടി ബിജെപി നേതാക്കളെ അറിയിച്ചത് എന്തിനെന്ന് കണ്ടെത്താനുള്ള പൊലീസ് സംഘത്തിന്റെ നീക്കം നിര്‍ണായകമാകും.

കൊടകര കവര്‍ച്ചാ കേസില്‍ പരാതിക്കാരനായ ധര്‍മ്മരാജന്‍ സ്പിരിറ്റ് കടത്ത് കേസില്‍ പ്രതിയാണ്. ഏഴ് ദിവസം ഇയാള്‍ ജയിലില്‍ കിടന്നിട്ടുണ്ട്. പന്നിയങ്കര, സുല്‍ത്താന്‍ബത്തേരി സ്റ്റേഷനുകളില്‍ ധര്‍മ്മരാജനെതിരെ കേസുണ്ട്. സ്പിരിറ്റ് കടത്ത് കേസില്‍ ധര്‍മ്മരാജന്റെ ശിക്ഷ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇയാള്‍ ഉള്‍പ്പെട്ട കേസുകളുടെ വിശദാംശങ്ങള്‍ പൊലീസ് ഇതിനോടകം ശേഖരിച്ചുകഴിഞ്ഞു.

കോന്നിയില്‍ വെച്ച് കെ സുരേന്ദ്രനും ധര്‍മ്മരാജനും കൂടിക്കാഴ്ച്ച നടത്തിയതിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഹരികൃഷ്ണന്റെ ഫോണില്‍ നിന്ന് ധര്‍മ്മരാജന് കോളുകള്‍ വന്നതായും പൊലീസ് കണ്ടെത്തി. മകന്റെ ഫോണില്‍ നിന്ന് സുരേന്ദ്രന്‍ ധര്‍മ്മരാജനെ വിളിച്ചതാണോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. മകനിലേക്ക് അന്വേഷണം എത്തില്ലെന്ന് കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം വെല്ലുവിളിച്ചിരുന്നു.

കൊടകരക്കേസില്‍ പരാതിക്കാരന്‍ മാത്രമാണ് ധര്‍മ്മരാജന്‍ എന്ന വാദമുയര്‍ത്തിയാണ് ബിജെപി അന്വേഷണത്തേയും ആരോപണങ്ങളേയും നേരിടുന്നത്. എന്തിനാണ് പൊലീസ് പരാതിക്കാരന്റെ ഫോണ്‍കോളുകള്‍ പരിശോധിക്കുന്നത്?. പരാതിക്കാരന്റെ കോള്‍ ലിസ്റ്റിലുള്ളവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത് ബിജെപി നേതാക്കളെ കരിവാരി തേയ്ക്കാന്‍ വേണ്ടിയാണെന്നും വി മുരളീധരനും കുമ്മനം രാജശേഖരനും ആരോപിച്ചു.