ഏപ്രില്‍ 30 മുതല്‍ നാല് ദിവസത്തേക്ക് ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ ബഹിഷ്കരിക്കാന്‍ ഇംഗ്ലണ്ടിലെ ഫുട്ബോള്‍ ഭരണ സംവിധാനങ്ങള്‍ തീരുമാനമെടുത്തിരിക്കുകയാണ്. ഓണ്‍ലൈന്‍ മുഖാന്തരമുള്ള വംശീയ, ലിംഗാധിഷ്ഠിത വിവേചനങ്ങള്‍ ഉള്‍പ്പെടെ എല്ലാത്തരം വേര്തിരിവുകള്ക്കുമെതിരെയാണ് ഈ പ്രതീകാത്മക സമരം. സൈബര്‍ ആക്രമണമെന്ന ഗുരുതരപ്രശ്നത്തെ ഗൗരവത്തോടെ നേരിട്ട് പരിഹരിക്കാന്‍ ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമുകളോട് ഇംഗ്ലീഷ് ഫുട്ബോള്‍ ലോകം ആവശ്യപ്പെടും. താരങ്ങള്‍ക്കും ഫുട്ബോളുമായി ബന്ധപ്പെട്ടുനില്ക്കുന്നവര്ക്കുമെതിരെ വിദ്വേഷ പ്രതികരണങ്ങള്‍ രൂക്ഷമായതോടെയാണിത്.

താരങ്ങള്‍, റഫറിമാര്‍, കമന്റേറ്റേഴ്സ്, ക്ലബ്ബ് ഒഫീഷ്യല്‍സ് തുടങ്ങിയവര്‍ക്കെതിരെ ഭീഷണികളുണ്ടാകുന്നതും തുടര്‍ച്ചയായിട്ടുണ്ട്. ബിബിസിയുടെ പഠന റിപ്പോര്‍ട്ട് പ്രകാരം ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി 2019-20 സീസണില്‍ നടന്ന പത്തില്‍ ഒരു കളിയിലെങ്കിലും വിദ്വേഷകരമായ സംഭവങ്ങളുണ്ടായി. സ്റ്റേഡിയത്തില്‍ വംശീയ ആക്രോശങ്ങളും അധിക്ഷേപവും മുഴക്കുന്നതുമായ ബന്ധപ്പെട്ട സംഭവങ്ങളും വര്‍ധിച്ചു. ഇത്തരം സംഭവങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെടുന്നവരുടെ എണ്ണം 14ല്‍ നിന്ന് 35ലേക്ക് ഉയര്‍ന്നു. രണ്ട് സീസണുകള്ക്കിടെയാണ് ഈ വ്യത്യാസം. കൊവിഡ് മൂലം കളികള്‍ റദ്ദ് ചെയ്യുകയും കാണികളെ ഒഴിവാക്കുകയും ചെയ്യുന്നതിനിടെ ഇത്തരമൊരു വര്‍ധനവ് ആശങ്കയുണ്ടാക്കുന്നുണ്ട്.
മാഞ്ചസ്റ്റര്‍ സിറ്റി ഡിഫന്‍ഡര്‍ കൈല്‍ വാക്കറാണ് വംശീയ അധിക്ഷേപത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇര. ലീഗ് കപ്പ് ഫൈനലില്‍ സിറ്റി ടോട്ടനത്തെ തോല്പിച്ച് കിരീടം നേടിയതിന് പിന്നാലെ ഇംഗ്ലീഷ് താരത്തിന് ഇന്‍സ്റ്റഗ്രാമില്‍ വംശീയ വെറി നേരിടേണ്ടി വന്നു. ആഴ്സണല്‍ വിങ്ങര്‍ വില്ലിയനെ രണ്ട് തവണ ‘കുരങ്ങന്’ എന്ന് അഭിസംബോധന ചെയ്യുന്ന കമന്റുകള്‍ ഇന്‍സ്റ്റഗ്രാമിലെത്തി. വില്ലിയന്റെ സഹതാരം എഡ്ഡി എന്‍കെറ്റിയ, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആന്തണി മാര്‍ഷല്‍, മാര്‍കസ് റാഷ്ഫോഡ്, ചെല്‍സിയുടെ റീസ് ജയിംസ്, ലിവര്‍പൂളിന്റെ ട്രെന്റ് അലക്സാണ്ടര്‍ അര്‍ണോള്‍ഡ്, നാബി കെയ്റ്റ, സാദിയോ മാനെ എന്നിവരാണ് മറ്റ് ഇരകള്‍.

വിരമിച്ച കളിക്കാര്‍ക്കെതിരേയും സൈബര്‍ ആക്രമണമുണ്ട്. മുന്‍ ആഴ്സണല്‍-ഇംഗ്ലീഷ് സ്ട്രൈക്കര്‍ ഇയാന്‍ റൈറ്റിന് ഇന്‍സ്റ്റാഗ്രാമില്‍ വിദ്വേഷ സന്ദേശമെത്തി. അയര്‍ലന്‍ഡിലെ ഒരു കൗമാരക്കാനായിരുന്നു ഇതിന് പിന്നില്‍. പ്ലേ സ്റ്റേഷനില്‍ ഫിഫ ഗെയിം തോറ്റതിന്റെ ദേഷ്യത്തിലായിരുന്നു ഇത്. മാര്‍ച്ചില്‍ ആഴ്സണലിന്റെ ഇതിഹാസതാരം തിയറി ഹെന്റി ബുള്ളിയിങ്ങിലും വംശീയതയിലും പ്രതിഷേധിച്ച് സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉപേക്ഷിച്ചത് വാര്‍ത്തയായിരുന്നു.

പ്രീമിയര്‍ ലീഗ്, ഇംഗ്ലീഷ് ഫുട്ബോള്‍ ലീഗ്, വുമന്‍സ് സൂപ്പര്‍ ലീഗ്, ഫുട്ബോള്‍ അസോസിയേഷന്, ഫുട്ബോള്‍ സപ്പോര്‍ട്ടേഴ്സ് അസോസിയേഷന്, പ്രൊഫഷണല്‍ ഫുട്ബോളേഴ്സ് അസോസിയേഷന്, ലീഗ് മാനേജേര്‍സ് അസോസിയേഷന്, വുമന്‍ ഇന്‍ ഫുട്ബോള്‍, വുമന്‍സ് ചാംപ്യന്‍ഷിപ്പും ക്ലബ്ബുകളും, പ്രൊഫഷണല്‍ ഗെയിം മാച്ച് ഒഫീഷ്യല്‍സ് ലിമിറ്റഡ്, വിവേചനത്തിനെതിരെ പ്രവര്‍ത്തിക്കുന്ന കിക്ക് ഇറ്റ് ഔട്ട് എന്നിവരാണ് സമൂഹമാധ്യമ ബഹിഷ്കരണത്തില്‍ പങ്കാളിയാകുന്നത്.