എന്തുകൊണ്ട് ഓക്‌സിജന്‍ ക്ഷാമം? കേരളത്തെ ബാധിക്കുമോ?

കൊവിഡ് വ്യാപനത്തിന്റെ രണ്ടാം വരവ് ഓക്‌സിജന്‍ ലഭ്യത കൈകാര്യം ചെയ്യുന്നതിലെ ഭരണസംവിധാനങ്ങളുടെ ആസൂത്രണപ്പിഴവ് കൂടിയാണ് പുറത്തുകൊണ്ടുവന്നത്. ഓക്‌സിജന്‍ ക്ഷാമത്തേത്തുടര്‍ന്ന് വടക്കേ ഇന്ത്യയില്‍ നൂറ് കണക്കിന് കൊവിഡ് രോഗികളാണ് ആശുപത്രിയിലും തെരുവിലും വീടുകളിലുമായി മരിച്ചുവീഴുന്നത്. സമൂഹമാധ്യമങ്ങളില്‍ മിനുട്ടുകള്‍ ഇടവിട്ട് ഓക്‌സിജന്‍ അഭ്യര്‍ത്ഥനകള്‍ പ്രത്യക്ഷപ്പെടുന്നു.

കൊവിഡ് ചികിത്സയ്ക്ക് ഓക്‌സിജന്‍ ഇത്ര അത്യാവശ്യമായി വരുന്നതെങ്ങനെ?

ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന സാര്‍സ് കൊവിഡ് 2 വൈറസ് കൊവിഡ് 19 ന്യൂമോണിയക്കും ഹൈപ്പോക്‌സേമിയക്കും കാരണമാകുന്നു. രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുന്ന അവസ്ഥയാണ് ഹൈപ്പോക്‌സേമിയ. കൊവിഡ് 19 ന്യൂമോണിയയിലെ ഏറ്റവും വലിയ സങ്കീര്‍ണ്ണതയും പ്രധാനപ്പെട്ട മരണകാരണവുമാണിത്.

കൊവിഡ് അണുബാധയെ ചികിത്സിക്കുന്നതില്‍ ഏതാനും ചില ആന്റി വൈറല്‍ മരുന്നുകള്‍ ഫലപ്രദമാണ്. ന്യൂമോണിയ രൂക്ഷമാകുന്ന അവസ്ഥയില്‍ ഹൈപ്പോക്‌സേമിയയില്‍ നിന്നും ഓക്‌സിജന്‍ ആശ്വാസം നല്‍കുന്നു. ശ്വാസകോശത്തിലെ അണുബാധ മാറാനും ഭേദപ്പെടാനും ഓക്‌സിജന്‍ സമയം നീട്ടിത്തരും. കൊവിഡ് ബാധിച്ച ഒരുപാട് പേര്‍ക്ക് ഓക്‌സിജന്‍ ജീവരക്ഷയാണ്.

രോഗികള്‍ക്ക് ഓക്‌സിജന്‍ എത്തിക്കുന്നതിലെ വെല്ലുവിളി എന്താണ്?

ഈ പകര്‍ച്ചവ്യാധി വരുന്നതിന് മുന്നേ തന്നെ അവികസിത-വികസ്വര രാജ്യങ്ങളില്‍ ഏറ്റവും സാധാരണമായ രോഗങ്ങളിലൊന്നാണ് ന്യൂമോണിയ. എന്നിട്ടും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഓക്‌സിജന്‍ ലഭ്യമാക്കാന്‍ വേണ്ട സംവിധാനമുണ്ടാക്കുന്നതില്‍ പതിറ്റാണ്ടുകളോളം പിറകോട്ടുപോയി. വിപണിയിലെ പ്രശ്‌നങ്ങള്‍, മുന്‍കരുതല്‍ ഇല്ലായ്മ, നിഷ്‌ക്രിയത്വം എന്നിവയാണ് ഇപ്പോഴത്തെ ഓക്‌സിജന്‍ ദൗര്‍ലഭ്യത്തിന്റെ മുഖ്യകാരണങ്ങള്‍. കൊവിഡിന്റെ ഒന്നാം വരവില്‍ ഓക്‌സിജന്‍ എത്രത്തോളം പ്രധാനമെന്ന് തിരിച്ചറിഞ്ഞ് സംവിധാനം ശക്തമാക്കാന്‍ നിക്ഷേപം നടത്തി തയ്യാറെടുക്കുന്നതില്‍ ഭരണസംവിധാനങ്ങള്‍ക്ക് വീഴ്ച്ച പറ്റി.

15,000 കോടി രൂപയുടെ കൊവിഡ് പാക്കേജാണ് കേന്ദ്ര സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിന് പിന്നാലെ വാഗദ്ാനം ചെയ്തത്. ഈ തുക ദേശീയ-സംസ്ഥാന ആരോഗ്യമേഖലയെ ഇനി വരാനിരിക്കുന്ന പകര്‍ച്ചവ്യാധികളെ നേരിടാവുന്ന തരത്തില്‍ ശക്തമാക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുകയുണ്ടായി. പക്ഷെ പകര്‍ച്ചവ്യാധി ആരംഭിച്ച് എട്ടാം മാസം വരെ, കൃത്യമായി പറഞ്ഞാല്‍ 2020 ഒക്ടോബര്‍ വരെ ഓക്‌സിജന്‍ പ്ലാന്റുകള്‍ക്ക് വേണ്ടിയുള്ള ടെന്‍ഡറുകള്‍ പുറത്തുവിട്ടില്ല. ഒക്ടോബറില്‍ കേന്ദ്രം 150 ഓക്‌സിജന്‍ പ്ലാന്റുകള്‍ക്കായുള്ള ടെന്‍ഡറുകള്‍ പ്രസിദ്ധീകരിച്ചു. 2021 ഏപ്രിലിനിടെ വരെ സജ്ജമായത് അതില്‍ 33 എണ്ണം മാത്രമാണ്.

എന്താണ് ഓക്‌സിജന്‍ സിസ്റ്റം?

ഹൈപ്പോക്‌സീമിയ കണ്ടെത്താനും ഓക്‌സിജന്‍ നല്‍കാനും കഴിയുന്ന ഉപകരണമാണ് ഓക്‌സിജന്‍ സിസ്റ്റം. ഹൈപ്പോക്‌സീമിയ കണ്ടെത്താനുള്ള ഒരു പള്‍സ് ഓക്‌സിമീറ്റര്‍, ഓക്‌സിജന്‍ സ്രോതസ്, ഫ്‌ളോ മീറ്ററും ട്യൂബിങ്ങും അടക്കമുള്ള മറ്റ് സാങ്കേതിക ഭാഗങ്ങള്‍, സ്രോതസില്‍ നിന്നെത്തുന്ന ഓക്‌സിജന്റെ ശുദ്ധത അളക്കാനുള്ള ഓക്‌സിജന്‍ അനലൈസര്‍, വൈദ്യുതി എന്നിവയടങ്ങുന്ന സംവിധാനമാണിത്. പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍ത്തകരേയും ബയോ മെഡിക്കല്‍ ടെക്‌നീഷ്യന്‍മാരേയും കൂടാതെ ഓക്‌സിജന്‍ സംവിധാനം അറ്റകുറ്റപ്പണി നടത്തി പരിപാലിക്കേണ്ടതും അത്യാവശ്യമാണ്.

ഓക്‌സിജന്‍ സിലിണ്ടറുകള്‍

ഓക്‌സിജന്‍ സ്രോതസായുള്ളത് ഓക്‌സിജന്‍ സിലിണ്ടറുകള്‍, ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റേഴ്‌സ്, ഓക്‌സിജന്‍ ജനറേറ്റേഴ്‌സ് എന്നിവയാണ്. ഒരു ഓക്‌സിജന്‍ സിലിണ്ടറിന് ഒരാള്‍ക്ക് 24 മണിക്കൂര്‍ മുതല്‍ 72 മണിക്കൂര്‍ വരെ ഓക്‌സിജന്‍ നല്‍കാനാകും. ഹൈപ്പോക്‌സീമിയയുടെ തീവ്രതയും വേണ്ടി വരുന്ന ഓക്‌സിജന്റെ അളവിനേയും അനുസരിച്ചായിരിക്കുമിത്. കൊവിഡ് 19 തീവ്രമായ രോഗികളില്‍ ഒരാഴ്ച്ചയിലധികം ഹൈപ്പോക്‌സീമിയ നീണ്ടുനിന്നേക്കാമെന്നതിനാല്‍ കൂടുതല്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ വേണ്ടി വന്നേക്കും. സ്വകാര്യ വിതരണക്കാര്‍ക്ക് ഓക്‌സിജന്‍ നിറച്ച സിലിണ്ടറുകള്‍ നഗരങ്ങളില്‍ നിന്നും വിദൂര സ്ഥലങ്ങളിലെ ആശുപത്രികളിലെത്തിക്കല്‍ ദുഷ്‌കരവും ചെലവേറിയതുമായ പ്രവൃത്തിയാണ്. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ ഉപയോഗിക്കാനുള്ള സൗകര്യമാണ് സിലിണ്ടറുകളുടെ മറ്റൊരു പ്രത്യേകത.

ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍

കിടക്കയ്ക്ക് സമീപം വെയ്ക്കാവുന്ന ചെറിയ യന്ത്രമാണ് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റേഴ്‌സ്. അന്തരീക്ഷ വായുവില്‍ നിന്നാണ് ഈ ഉപകരണം ഓക്‌സിജന്‍ എടുക്കുക. അന്തരീക്ഷ വായു വലിച്ചെടുത്ത് നൈട്രജന്‍ (അന്തരീക്ഷ വായുവില്‍ 78 ശതമാനം നൈട്രജനാണ്) വേര്‍തിരിച്ച് മാറ്റി ഓക്‌സിജന്‍ മാത്രമാക്കും. ഗുരുതര ശ്വാസകോശ രോഗമുള്ള വൃദ്ധര്‍ക്ക് വീട്ടില്‍ ഒരുക്കുന്ന സംവിധാനമായാണ് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വടക്കേ അമേരിക്കയിലേയും യൂറോപ്പിലേയും വിപണിയിലെത്തിയത്. 1990കള്‍ മുതല്‍ വികസ്വര-അവികസിത രാജ്യങ്ങളിലെ ആശുപത്രിയില്‍ ഈ സംവിധാനത്തെ ആശ്രയിക്കുന്നുണ്ട്. ഒരേ സമയം ഒന്നോ രണ്ടോ മുതിര്‍ന്നവര്‍ക്കോ അഞ്ച് കുട്ടികള്‍ക്കോ ഓക്‌സിജന്‍ നല്‍കാന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ക്ക് ആകും. കോണ്‍സന്‍ട്രേറ്ററുകള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ച് വായുവില്‍ നിന്ന് ഓക്‌സിജന്‍ നല്‍കിക്കൊണ്ടിരിക്കും. അതുകൊണ് സിലിണ്ടറുകളേപ്പോലെ റീഫില്‍ ചെയ്യേണ്ട ആവശ്യമില്ല. വൈദ്യുതി, പരിശീലന ലഭിച്ച ജീവനക്കാര്‍, അറ്റകുറ്റപ്പണി എന്നിവ ഉറപ്പുവരുത്തിയാല്‍ മതി. ഇന്ത്യ, യുഎസ്, യൂറോപ്പ്, ചൈന, റഷ്യ എന്നിവിടങ്ങളില്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ നിര്‍മ്മിക്കുന്നുണ്ട്. 35,000 മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ഇതിന്റെ വില.

ഓക്‌സിജന്‍ ജനറേറ്റര്‍

രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കാന്‍ കഴിയുന്ന മറ്റൊരു സംവിധാനമാണ് ഓക്‌സിജന്‍ ജനറേറ്ററുകള്‍. അന്തരീക്ഷ വായു വലിച്ചെടുത്ത് ഓക്‌സിജന്‍ വേര്‍തിരിച്ചെടുക്കുന്ന വലിയ യന്ത്രമാണിത്. ഒരു മണിക്കൂറില്‍ ഏകദേശം 5,000 ലിറ്റര്‍ വായു വലിച്ചെടുക്കാന്‍ ഇവയ്ക്കാകും. 30 മുതല്‍ 50 സിലിണ്ടറുകള്‍ വരെ നിറയ്ക്കാന്‍ ഒരു ജനറേറ്ററിന് സാധിക്കും. ഇവ വളരെ വിലയേറിയതാണ്. ഒരു ജനറേറ്റര്‍ വാങ്ങാന്‍ ചുരുങ്ങിയത് 50 ലക്ഷം രൂപയെങ്കിലുമാകും. അമേരിക്കയിലും ചൈനയിലും ഇവ നിര്‍മ്മാണത്തിലുണ്ട്. സാമഗ്രികള്‍ കൂട്ടിച്ചേര്‍ത്ത് മുഴുവന്‍ യന്ത്രമാക്കി ഹോസ്പിറ്റലുകളിലേക്ക് അയക്കുന്ന രീതിയുമുണ്ട്. വൈദ്യുതിയും പരിശീലനം ലഭിച്ച ബയോ മെഡിക്കല്‍ ടെക്‌നീഷ്യനും മാത്രമാണ് ഓക്‌സിജന്‍ ജനറേറ്ററുകള്‍ക്ക് വേണ്ടത്.

സ്വകാര്യ കമ്പനികളെ ആശ്രയിക്കാതെ ഒരു പ്രദേശത്തിനോ ആരോഗ്യ സേവന സംവിധാനത്തിനോ ഓക്‌സിജന്‍ മുടക്കമില്ലാതെ നല്‍കിക്കൊണ്ടിരിക്കാന്‍ കഴിയുമെന്നതാണ് ഓക്‌സിജന്‍ ജനറേറ്ററുകളുടേയും കോണ്‍സന്‍ട്രേറ്ററുകളുടേയും സവിശേഷത.

ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ എന്താണ് വഴി?

പ്രാദേശിക സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് പരിഹാരമാര്‍ഗങ്ങള്‍. പ്രാദേശിക വിതരണക്കാര്‍, ബയോ മെഡ് ജീവനക്കാര്‍, വൈദ്യുതി ലഭ്യത എന്നിവ നിര്‍ണായകമാണ്. 15 മുതല്‍ 20 വരെ രോഗികള്‍ക്ക് ദിവസേന ഓക്‌സിജന്‍ നല്‍കുന്ന ആശുപത്രിക്ക് ഒരു ദിവസം 40,000 ലിറ്റര്‍ ഓക്‌സിജന്‍ നല്‍കേണ്ടി വരും. ഓക്‌സിജന്‍ ഉല്‍പാദനവും കൃത്യമായ വിതരണസംവിധാനവും ഉറപ്പുവരുത്തുകയാണ് ഏറ്റവും നല്ല വഴി. അവികസിത-വികസ്വര രാജ്യങ്ങളില്‍ കോണ്‍സന്‍ട്രേറ്ററുകളും ജനറേറ്ററുകളും ഉപയോഗിക്കല്‍ മികച്ച മാര്‍ഗമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഗൈഡ്‌ലൈന്‍സ് എഡിറ്റര്‍ പ്രൊഫ. ട്രെവര്‍ ഡ്യൂക്ക് പറയുന്നു.

കൊവിഡ് 19 ഒരു നീണ്ട പോരാട്ടമാണ്. കാര്യക്ഷമമായ ഓക്‌സിജന്‍ സംവിധാനങ്ങള്‍ എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏര്‍പ്പെടുത്തേണ്ടതായിരുന്നു. ഇപ്പോള്‍ തന്നെ സമയം അതിക്രമിച്ചിരിക്കുന്നു.

ട്രെവര്‍ ഡ്യൂക്ക്

കേരളത്തിലെ സാഹചര്യം

വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് ഓക്‌സിജന്റെ ആവശ്യം വര്‍ധിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക് കൂട്ടല്‍. 105,000 കൊവിഡ് രോഗികള്‍ക്ക് 51.45 മെട്രിക് ടണ്‍ ഓക്‌സിജന്‍ പ്രതിദിനം ആവശ്യമായി വന്നേക്കും.

നിലവില്‍ രാജ്യത്ത് ഓക്‌സിജന്‍ മിച്ചമുള്ള ഏക സംസ്ഥാനം കേരളമാണ്. തമിഴ്‌നാട്, ഗോവ, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്ക് കേരളം ഓക്‌സിജന്‍ നല്‍കുന്നുണ്ട്. സംസ്ഥാനത്തിന് 70-80 ടണ്‍ ഓക്‌സിജന്‍ മാത്രമാണ് ആവശ്യം വരുന്നത്. കൊവിഡ് ആവശ്യത്തിന് 30-35 ടണ്‍. കൊവിഡ് ചികിത്സയ്ക്ക് അല്ലാതെ 40-45 ടണ്‍. ദിവസം 204 ടണ്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കാനുള്ള ശേഷി സംസ്ഥാനത്തിനുണ്ട്. സംസ്ഥാനത്ത് 11 എയര്‍ സെപ്പറേഷന്‍ യൂണിറ്റുകളാണുള്ളത്. പാലക്കാട് ഒരു എഎസ്‌യു കൂടി ആഴ്ച്ചകള്‍ക്കകം തുറക്കും. നാലു മെട്രിക് ടണ്‍ ആണ് ഇതിന്റെ ശേഷി.

കേന്ദ്ര സ്ഥാപനമായ പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷനാണ് (പെസോ) മെഡിക്കല്‍ ഓക്‌സിജന്‍ വിതരണത്തിന്റെ ഉത്തരവാദിത്തം. ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പും പെസോയും നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. ഓരോ ജില്ലയിലും ആവശ്യമുള്ള ഓക്‌സിജന്റെ അളവ് ആരോഗ്യവകുപ്പ് പെസോയെ അറിയിക്കും. നിലവില്‍ 500 ടണ്ണിലധികം ഓക്‌സിജന്‍ സംസ്ഥാനത്ത് സ്‌റ്റോക്കുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കിയിരുന്നു. നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ 220 മെട്രിക് ടണ്‍ ഓക്‌സിജന്‍ ലഭ്യമാണ്. ഏത് പ്രതികൂല സാഹചര്യത്തേയും പ്രതിരോധിക്കുന്നതിനായി കരുതല്‍ ശേഖരം 1000 മെട്രിക് ടണ്ണായി വര്‍ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

ഇപ്പോഴത്തെ പ്രതിദിന ഉല്‍പാദനം

ഐനോക്‌സ് കഞ്ചിക്കോട് – 149 ടണ്‍
കെഎംഎംഎല്‍, ചവറ – 6 ടണ്‍
ബിപിസിഎല്‍, ചവറ – 6 ടണ്‍
കൊച്ചിന്‍ ഷിപ്പ് യാഡ് – 5.45 ടണ്‍
എഎസ് യു പ്ലാന്റുകള്‍ – 44 ടണ്‍

സര്‍ക്കാര്‍-സ്വകാര്യമേഖലയില്‍ 30 ആശുപത്രികളിലാണ് ഓക്‌സിജന്‍ പ്ലാന്റുള്ളത്. മറ്റ് ആശുപത്രികളില്‍ കിടക്കയ്ക്ക് സമീപം സിലിണ്ടര്‍ വെച്ചുള്ള ചികിത്സയെയാണ് ആശ്രയിക്കുന്നത്. 16 ആശുപത്രികളില്‍ ഒരു കിലോ ലിറ്റര്‍ ടാങ്ക് സ്ഥാപിച്ച് ലിക്വിഡ് ഓക്‌സിജന്‍ നല്‍കാനുള്ള ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരും പെസോയും ഒരു വര്‍ഷം മുന്‍പ് നടത്തിയ തയ്യാറെടുപ്പാണ് കേരളത്തെ ഓക്‌സിജന്‍ സംവിധാനം മെച്ചപ്പെടുത്തുന്നതില്‍ മുന്നിലെത്തിച്ചത്. അടഞ്ഞുകിടന്ന എഎസ്‌യു പ്ലാന്റുകളെ പ്രവര്‍ത്തനക്ഷമമാക്കി 24 മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചു. ആശുപത്രികളില്‍ ലൈസന്‍സ് അനുവദിക്കുന്നതിന് മുന്‍പ് തന്നെ ഓക്‌സിജന്‍ ശേഖരിക്കാന്‍ പെസോ അനുവാദം കൊടുത്തു. വ്യവസായ ആവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറുകളെ മെഡിക്കല്‍ ഓക്‌സിജന്‍ സിലിണ്ടറാക്കി. നൈട്രജന്‍ സിലിണ്ടറുകളേക്കൂടി ഓക്‌സിജനിലേക്ക് മാറ്റിയതോടെ ഇപ്പോള്‍ ആവശ്യത്തിന് സിലിണ്ടറുകള്‍ സ്‌റ്റോക്കുണ്ട്.

കൊവിഡ് ഒന്നാം തരംഗത്തിന് പിന്നാലെ സംസ്ഥാനം ഐസിയു ബെഡ്ഡുകളുടെ എണ്ണം കൂട്ടിയിരുന്നു. വെന്റിലേറ്ററുകള്‍ ഇരട്ടിയാക്കി. ഇപ്പോള്‍ 9,735 ഐസിയു കിടക്കകളുണ്ട്. 3,776 വെന്റിലേറ്ററുകളും തയ്യാറാക്കിയിരുന്നു. ഓക്‌സിജന്റെ കൃത്യമായ വിനിയോഗത്തിന് വേണ്ടി ആശുപത്രി തലത്തില്‍ ഓക്‌സിജന്‍ ഓഡിറ്റ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ഓക്‌സിജന്‍ പൂഴ്ത്തിവയ്പ് തടയാനും വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള നടപടികളും സ്വീകരിച്ചുപോരുന്നു.