‘പുത്തരിക്കണ്ടത്ത് പ്രസംഗിക്കേണ്ടത് ബജറ്റിലൂടെ അവതരിപ്പിച്ചു’; ഉത്തേജക പാക്കേജായി പ്രഖ്യാപിച്ച 20,000 കോടി ബജറ്റ് എസ്റ്റിമേറ്റില്‍ ഇല്ലെന്ന് പ്രതിപക്ഷം

എല്‍ഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ പറയേണ്ടത് നയപ്രഖ്യാപനത്തിലും നയപ്രഖ്യാപനത്തില്‍ പറയേണ്ടത് ബജറ്റിലുമാണ് പറഞ്ഞതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പുത്തരിക്കണ്ടം മൈതാനത്ത് പ്രസംഗിക്കേണ്ടത് ബജറ്റിലൂടെ അവതരിപ്പിച്ചു. ഇത്രേയുള്ളൂ പ്രത്യേകത. ഭരണഘടനയനുസരിച്ച് വാര്‍ഷിക സാമ്പത്തിക പ്രസ്താവനയാണ് ബജറ്റ്. അതിന്റെ പവിത്രത നശിപ്പിക്കും വിധം രാഷ്ട്രീയം കുത്തിനിറച്ചത് ശരിയായില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

ബജറ്റിലെ സാമ്പത്തിക കണക്കുകളെ സംബന്ധിച്ച അവ്യക്തത വളരെ വ്യക്തമാണ്. അധികച്ചെലവ് 1715 കോടി രൂപ എന്നാണ് പറഞ്ഞിരിക്കുന്നത്. പക്ഷെ, 20,000 കോടി രൂപയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. അത് അധികച്ചെലവ് അല്ലേ? ഇന്ന് ബജറ്റില്‍ പ്രഖ്യാപിച്ച ഉത്തേജക പാക്കേജ് കഴിഞ്ഞ തവണത്തേതുപോലെ ഒന്നാണോയെന്ന് സംശയമുണ്ട്. കൊവിഡിന്റെ സമയത്തെ ഒന്നാം ഉത്തേജക പാക്കേജ് അതുവരെയുള്ള പിഡബ്ലിയുഡി കരാറുകളുടെ പണവും ക്ഷേമ പെന്‍ഷന്‍ കാശും കൊടുത്തുതീര്‍ക്കാന്‍ വേണ്ടിയാണ് ഉപയോഗിച്ചത്. കുടിശ്ശിക കൊടുത്തുതീര്‍ക്കാല്‍ സര്‍ക്കാരിന്റെ ബാധ്യതയാണ്. അതെങ്ങനെയാണ് ഉത്തേജക പാക്കേജ് ആയതെന്ന് ഇപ്പോഴും ഞങ്ങള്‍ അത്ഭുതപ്പെടുകയാണെന്നും പ്രതിപക്ഷം പരിഹസിച്ചു.

ബജറ്റിന്റെ എസ്റ്റിമേറ്റില്‍ ഈ 20,000 കോടി രൂപയില്ല. പുതുതായി പ്രഖ്യാപിക്കപ്പെട്ട രണ്ടാമത്തെ കൊവിഡ് പാക്കേജ് എസ്റ്റിമേറ്റില്‍ ഇല്ല. എസ്റ്റിമേറ്റാണ് ബജറ്റ്, ബാക്കിയെല്ലാം പ്രസംഗമാണ്. 20,000 കോടി ചേര്‍ത്തിരുന്നെങ്കില്‍ 21,715 കോടി രൂപ അധികച്ചെലവായേനെ. റവന്യൂ കമ്മി കാണിച്ചിരിക്കുന്നത് 16,910 കോടി. അതിനോട് 20,000 കോടി കൂട്ടണം. അപ്പോള്‍ റവന്യൂ കമ്മി 37,000 കോടിയോളമായി.

വി ഡി സതീശന്‍

അധികവിഭവ സമാഹരണമൊന്നുമില്ല. പുതിയ നികുതി നിര്‍ദ്ദേശങ്ങളില്ല. 37,000 കോടി റവന്യൂ കമ്മി വരുന്ന ഈ എസ്റ്റിമേറ്റ് തന്നെ അടിസ്ഥാനരഹിതമായി മാറുകയാണ്.

കൊവിഡ് മൂന്നാംതരംഗത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പ് നടത്തണമെന്ന പ്രതിപക്ഷ നിര്‍ദ്ദേശം ബജറ്റില്‍ സ്വീകരിച്ചതിനെ സ്വാഗതം ചെയ്യുന്നു. എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് മൂന്ന് കോടി രൂപയെടുത്ത് പ്രഥമികാ ആരോഗ്യ കേന്ദ്രങ്ങളില്‍ പത്ത് ഐസൊലേഷന്‍ വാര്‍ഡുകള്‍ വീതം സജ്ജീകരിക്കാന്‍ തീരുമാനമുണ്ട്. അത് ഞങ്ങള്‍ സമ്മതിച്ചാണ്. മുഖ്യമന്ത്രി ഞങ്ങളുടെ നേതാക്കളുമായി ആലോചന നടത്തിയിരുന്നു.

കൊവിഡ് മൂലം പ്രയാസപ്പെടുന്ന ഏറ്റവും താഴെതട്ടിലുള്ള സാധാരണ ജനങ്ങള്‍ക്ക് നേരിട്ട് പണം കൊടുക്കണം, അത് വിപണിയെ ഉത്തേജിപ്പിക്കും എന്നത് നയപ്രഖ്യാപനവേളയില്‍ പ്രതിപക്ഷം മുന്നോട്ടുവെച്ച നിര്‍ദ്ദേശമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.