കഴിഞ്ഞ കാല് നൂറ്റാണ്ടിനിടെ കേരള രാഷ്ട്രീയത്തേയും മലയാള മാധ്യമരംഗത്തേയും ഐഎസ്ആർഒ ചാരക്കേസിനോളം ഇളക്കിമറിച്ച മറ്റൊരു സംഭവമുണ്ടായിട്ടില്ല. ബഹിരാകാശ വകുപ്പിലെ ശാസ്ത്രജ്ഞർ ശത്രുരാജ്യങ്ങൾക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന സംശയം, വിദേശ വനിതകളുടെ സാന്നിധ്യം, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ പേര് ഉയർന്നുവന്നത്, മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്റെ രാജി, കോൺഗ്രസിലെ ഉൾപ്പാർട്ടിപ്പോര്, സിബിഐയുടെ രംഗപ്രവേശം, കേസ് കെട്ടിച്ചമച്ചതാണെന്ന പ്രഖ്യാപനം, പതിറ്റാണ്ടുകൾ നീണ്ട് ഇപ്പോഴും തുടരുന്ന നിയമയുദ്ധം, ഒരു മനുഷ്യാവകാശ പ്രശ്നമായുള്ള കേസിന്റെ പരിവർത്തനം തുടങ്ങി ഒട്ടേറെ ഘടകങ്ങൾ ചാരക്കേസിനെ ഒരു ത്രില്ലർ വെബ് സീരീസിനേക്കാൾ നാടകീയമാക്കുന്നു.
കേസ് അന്വേഷിച്ച കേരള പൊലീസ്-ഐബി ഉദ്യോഗസ്ഥരും പ്രതികളും സിബിഐ ഉദ്യോഗസ്ഥരും അങ്ങേയറ്റം കടക വിരുദ്ധമായ പ്രസ്താവനകള്‍ ഇപ്പോഴും തുടരുന്നതിനാല്‍ എക്കാലവും പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു വിഷയമായി അത് മാറി. ഇതിനിടെ ഭരണകൂട അന്വേഷണ സംവിധാനങ്ങള്‍, രാഷ്ട്രീയനേതൃത്വം, പ്രതികള്‍, മാധ്യമങ്ങള്‍ എന്നിവരാൽ സ്വാധീനം ചെലുത്തപ്പെട്ട് കേരള സമൂഹത്തിന്റെ പൊതുമനസാക്ഷി ഒന്നിലധികം തവണ ‘യു ടേണ്‍’ തിരിഞ്ഞു. രാഷ്ട്രീയ പകപോക്കലിന്റെ ബലിമൃഗങ്ങളായും പൊലീസ് വേട്ടയുടെ ഇരകളുമായാണ് ചാരക്കേസ് പ്രതികൾ ഇന്ന് വിശേഷിപ്പിക്കപ്പെടുന്നത്. ഐഎസ്ആർഒ ഗൂഢാലോചന കേസിൽ മുൻ പൊലീസ്-ഐബി ഉദ്യോഗസ്ഥരെ സിബിഐ പ്രതിയാക്കിയതോടെ ചാരക്കേസ് ചർച്ചകളുടെ പുതിയൊരു ഘട്ടം ആരംഭിച്ചുകഴിഞ്ഞു.

1996ല്‍, ഇല്ലാത്ത കേസെന്ന വാദത്തോടെ സിബിഐ അന്വേഷണം അവസാനിപ്പിച്ചെങ്കിലും ഉത്തരങ്ങളേക്കാൾ കൂടുതൽ ചോദ്യങ്ങളാണ് ആ റിപ്പോർട്ട് അവശേഷിപ്പിച്ചത്. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് പുരസ്കാരം നേടിയ ദ കാരവൻ മാധ്യമപ്രവർത്തക നിലീന എംഎസ് സിബിഐയുടെ ഈ കേസ് അവസാനിപ്പിക്കല്‍ റിപ്പോര്‍ട്ടിന്റെ ഓരോ വരിയിലൂടെയും സഞ്ചരിച്ചു. കേസ് അന്വേഷിച്ചവരേക്കുറിച്ച് ഒരു സ്വതന്ത്ര അന്വേഷണം തന്നെ നടത്തി. ‘അവിചാരിത കണ്ടുമുട്ടലുകള്‍’ എന്ന് സിബിഐ വിശേഷിപ്പിച്ച കുറ്റാരോപിതരുടെ കൂടിക്കാഴ്ച്ചകളും അന്വേഷിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ട ‘അന്തര്‍ദേശീയ തുമ്പുകളും’ നിലീന സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി.
ഒന്നര വര്‍ഷത്തെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് 17,000ലധികം വാക്കുകളുള്ള ഈ വാർത്ത നിലീന എംഎസ് പൂര്‍ത്തിയാക്കിയത്. പ്രധാനമന്ത്രിയുടെ ഓഫീസ് മുതല്‍ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയുടെ ഇടപെടല്‍ വരെ കണ്ട ഒരു ന്യൂസ് സ്റ്റോറി. ഐഎസ്ആര്‍ഒ ചാരക്കേസിനേക്കുറിച്ചുള്ള ഏറ്റവും സമഗ്രമായ അന്വേഷണാത്മക വാര്‍ത്താ റിപ്പോര്‍ട്ട് ആണ് കാരവൻ മാസിക പ്രസിദ്ധീകരിച്ച Space Secrets: How the CBI killed India’s biggest espionage case. ചാരക്കേസിനേക്കുറിച്ചുള്ള പൊതുധാരണകളെ വസ്തുതകൾ കൊണ്ട് പൊളിച്ചെഴുതാൻ പ്രാപ്തിയുള്ള ഈ വാർത്താ റിപ്പോർട്ടിന്റെ പ്രാധാന്യം കണക്കിലെടുത്ത് ന്യൂസ്റപ്റ്റ് കാരവന്റെ അനുമതിയോടുകൂടി പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നു.: എഡിറ്റര്‍
ബഹിരാകാശ രഹസ്യങ്ങള്‍: ഇന്ത്യയിലെ ഏറ്റവും വലിയ ചാരക്കേസ് സിബിഐ ഇല്ലാതാക്കിയത് എങ്ങനെ?
നിലീന എംഎസ്
ഭാഗം ഒന്ന്
ഡിസംബര്‍ 1994: സിബിഐ ഡയറക്ടര്‍ വിജയ രാമ റാവുവിനൊപ്പം ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള പ്രത്യേക വിമാനത്തില്‍ യാത്ര ചെയ്യുകയാണ് ഇന്റലിജന്‍സ് ബ്യൂറോ ജോയിന്റ് ഡയറക്ടര്‍ എംകെ ധര്. ദക്ഷിണേന്ത്യന്‍ രാഷ്ട്രീയ-മാധ്യമ ലോകത്തെ ഇളക്കിമറിച്ചുകൊണ്ടിരിക്കുന്ന സ്തോഭജനകമായ ഒരു ചാരവൃത്തിക്കേസിന്റെ അന്വേഷണം ഔദ്യോഗികമായി ഏറ്റെടുക്കലാണ് റാവുവിന്റേയും മറ്റ് സിബിഐ ഓഫീസര്‍മാരുടേയും യാത്രോദ്ദേശം.

ഇന്ത്യയുടെ ബഹിരാകാശ സാങ്കേതികവിദ്യയും ബാംഗ്ലൂരിലുള്ള പ്രതിരോധ സ്ഥാപനങ്ങളേക്കുറിച്ചുള്ള വിവരങ്ങളും, പാകിസ്താനും റഷ്യയുമായി ബന്ധമുള്ള വിദേശ പൗരന്മാര്ക്ക് കൈമാറി എന്ന് സംശയിക്കപ്പെടുന്ന കേസായിരുന്നു അത്. സംശയകേന്ദ്രമായുണ്ടായിരുന്നത് ആറ് വ്യക്തികള്‍: മാലിദ്വീപ് സ്വദേശിനിമാരായ മറിയം റഷീദ, ഫൗസിയ ഹസ്സന്, ബിസിനസുകാരായ കെ ചന്ദ്രശേഖര്‍, എസ് കെ ശര്‍മ, ഏറ്റവും വിവാദാസ്പദമായ രണ്ട് സാന്നിധ്യങ്ങള്‍ കൂടി: ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷനിലെ രണ്ട് ശാസ്ത്രജ്ഞര്‍; എസ് നമ്പി നാരായണന്, ഡി ശശികുമാരന്.
1994 ഒക്ടോബര്‍ പകുതിയോടെ ഇന്റലിജന്‍സ് ബ്യൂറോയും കേരള പൊലീസും ഈ ആരോപിത ചാരശൃംഖലയുടെ ഒരു ചിത്രം കൂട്ടിച്ചേര്ത്തുവരികയായിരുന്നു. ഈ പേരുകള്‍ അതിനിടെ ചോര്‍ന്ന് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. ഗുരുതരമായ സുരക്ഷാലംഘനം ഉള്‍പ്പെട്ടെ ഈ ആരോപണം, പല സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമായി പടര്ന്നുകിടന്നതുകൊണ്ട് കേരള സര്‍ക്കാര്‍ കേസ് സിബിഐക്ക് കൈമാറാന്‍ തീരുമാനിച്ചു.
ഇന്ധനം നിറയ്ക്കാനായി വിമാനം നാഗ്പൂരിലാണ് നിറുത്തേണ്ടിയിരുന്നത്. പക്ഷെ, വിമാനം ഭോപ്പാലിന് മുകളിലൂടെ പറക്കുന്നതിനിടെ ഡല്‍ഹിയില്‍ നിന്നുള്ള ഒരു ഫോണ്‍ കോളെടുക്കാന്‍ സിബിഐ ഡയറക്ടറെ കോക്പിറ്റിലേക്ക് വിളിച്ചു. സീറ്റില്‍ തിരിച്ചെത്തിയ റാവു യാത്രാപദ്ധതിയില്‍ ഒരു മാറ്റമുണ്ടെന്ന് പ്രഖ്യാപിച്ചു. ഫ്ളൈറ്റ് ഇനി ഇന്ധനം നിറയ്ക്കുക ബാംഗ്ലൂരില്‍ വെച്ചാകും. അദ്ദേഹത്തിന് അവിടെ ഒരു പ്രധാന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാനുണ്ട്. ശേഷം തന്റെ ഉദ്യോഗസ്ഥരുമായി റാവു ഒരു അടക്കംപറച്ചില്‍ നടത്തി. ധര് ജിജ്ഞാസയോടെ ഇതെല്ലാം നോക്കി നിന്നു. ഫ്ളൈറ്റില്‍ വെച്ച് ഡല്‍ഹിയില്‍ നിന്നുള്ള ഫോണ്‍ അറ്റന്‍ഡ് ചെയ്തതിന് ശേഷം റാവുവിന്റെ പെരുമാറ്റരീതിയില്‍ ‘പെട്ടെന്ന് ഒരു മാറ്റം’ വന്നതായി ധര് 2005ല്‍ പ്രസിദ്ധീകരിച്ച തന്റെ ആത്മകഥയായ ‘ഓപ്പണ്‍ സീക്രട്ട്സ്’ല്‍ എഴുതി.
ബാംഗ്ലൂരില്‍ വിമാനമിറങ്ങിയ ഉടന്‍ റാവുവും സിബിഐ ഇന്‍സ്പെക്ടര്‍ ജനറലും നഗരത്തിലേക്ക് പോയി. രണ്ടര മണിക്കൂറിന് ശേഷമാണ് ഇരുവരും തിരിച്ചുവന്നത്. റാവു പോയത് ഡിപ്പാര്‍ട്മെന്റ് ഓഫ് പേഴ്സൊണല്‍ ആന്റ് ട്രെയിനിങ്ങ് മന്ത്രി മാര്‍ഗരറ്റ് ആല്വയുമായി ‘ഒരു ഔപചാരിക കൂടിക്കാഴ്ച്ച’യില്‍ പങ്കെടുക്കാനായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള അധികാര പരിധിയില്‍ വരുന്ന ഡിഒപിറ്റി മന്ത്രാലയത്തിന് കീഴിലാണ് സിബിഐയുടെ നിയന്ത്രണവും. ഐഎസ്ആര്‍ഒ തലവനായ കെ കസ്തൂരിരംഗനുമായി റാവു മറ്റൊരു കൂടിക്കാഴ്ച്ച നടത്തിയെന്നും പ്രധാനമന്ത്രി പി വി നരസിംഹ റാവുവുമായി റാവു ഫോണില്‍ സംസാരിച്ചെന്നും ഒരു സിബിഐ ഉദ്യോഗസ്ഥന് ധറിനോട് പറഞ്ഞു.
‘ബാംഗ്ലൂരില്‍ വിജയ രാമ റാവു വിമാനത്തില്‍ തിരികെ കയറിയ ആ നിമിഷം മുതല്‍ ചങ്ങാത്തത്തിന്റെ അന്തരീക്ഷം പൂര്‍ണമായും ഇല്ലാതായി,’ ധര് എഴുതുന്നു. ‘അദ്ദേഹം എന്നോട് സംസാരിച്ചില്ല, എപ്പോഴും ഊഷ്മളമായി പെരുമാറിക്കൊണ്ടിരുന്ന അദ്ദേഹത്തില്‍ നിന്ന് അത്തരമൊരു പെരുമാറ്റരീതി അസാധാരണമായിരുന്നു.’
പിറ്റേന്ന് തന്നെ എല്ലാ കേസ് ഫയലുകളും സിബിഐ ഏറ്റെടുത്തു. കേസുമായി ബന്ധപ്പെട്ട് കേരള പൊലീസും ഐബിയുമായി ആശയവിനിമയം പുലര്‍ത്തിയിരുന്ന സിബിഐ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം പൊടുന്നനെ അത് നിര്‍ത്തി. കേസുമായി ബന്ധപ്പെട്ട എല്ലാ യോഗങ്ങളില്‍ നിന്നും താന്‍ പുറത്താക്കപ്പെട്ടിരിക്കുകയാണെന്ന് ധറിന് മനസിലായി. അപമാനിക്കപ്പെടുന്നത് ഒഴിവാക്കാന്‍ ധര് നാട്ടിലേക്ക് ഫ്ളൈറ്റ് കയറി.
പെട്ടെന്ന് തണുപ്പന്‍ സ്വഭാവക്കാരനായി മാറിയ സിബിഐ മേധാവിയുടെ ഭാവാന്തരം, അതിന് പിന്നാലെ മറ്റെല്ലാ അന്വേഷണ ഏജന്‍സികളേയും തള്ളിമാറ്റല്‍, ഇതെല്ലാം ഐഎസ്ആര്‍ഒ അന്വേഷണങ്ങള്‍ എങ്ങനെ മുന്നോട്ടുപോകുമെന്നതിന്റെ മുന്നറിയിപ്പായിരുന്നു, വരാനിരുന്ന നാടകീയ ഗതിമാറ്റങ്ങളുടേയും.

ഐഎസ്ആര്‍ഒ ചാരക്കേസ് ഇന്ത്യയിലെ ഏറ്റവും വലിയ ആരോപണമായി മാറിയത് ചാരവൃത്തി പൂര്‍ണമായും തെളിയിക്കപ്പെട്ടതുകൊണ്ടല്ല, മറിച്ച് സര്‍ക്കാരുകള്‍ തമ്മിലും അന്വേഷണ ഏജന്‍സികള്‍ തമ്മിലും മുന്‍പില്ലാത്ത വിധം കളിച്ചുതീര്‍ത്ത നാടകത്തിലൂടെയാണ്. 1990കളുടെ തുടക്കമായിരുന്നു അത്, ആഗോള ബഹിരാകാശ മത്സരത്തില്‍ ഇന്ത്യ പുതിയൊരു ചുവടുവെയ്ക്കുന്ന കാലം. വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയൊരു ബഹിരാകാശ യാത്രാ സാങ്കേതികവിദ്യയുടെ വാണിജ്യസാധ്യതകള്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ ഇടയില്‍ അടക്കംപറച്ചിലുകളുണ്ടാക്കുന്നു. പക്ഷെ, രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം രാജ്യങ്ങള്‍ തമ്മിലുള്ള ഔദ്യോഗിക സാങ്കേതികവിദ്യാ കൈമാറ്റ ഉടമ്പടികള്‍ കാര്യമായി മുന്നോട്ടുപോകാത്ത സാഹചര്യമായിരുന്നു അത്. ശീതയുദ്ധത്തിന്റെ നിഴലില്‍ നിന്ന് ലോകം അപ്പോഴും പുറത്തുവരുന്നതേയുണ്ടായിരുന്നുള്ളൂ. ഇന്ത്യയുടെ റോക്കറ്റ് പ്രൊജക്ടുകളേക്കുറിച്ചുള്ള അതിനിര്‍ണായകമായ വിവരങ്ങള്‍ വന്‍ തുകയ്ക്ക് വിറ്റുകൊണ്ടിരിക്കുകയാണെന്ന് സൂചനകളുണ്ടായി. ഈ കണ്ണികളേക്കുറിച്ച് അന്വേഷിക്കുകയായിരുന്നു ഇന്റലിജന്‍സ് ബ്യൂറോയും കേരളാ പൊലീസും. അന്വേഷണം ആദ്യ ഘട്ടങ്ങളിലായിരുന്നു. സംശയിക്കപ്പെടുന്ന ആറ് പേരും ഒരു അന്താരാഷ്ട്ര ഗൂഢ ശൃംഖലയുടെ ഭാഗമാണെന്ന കണ്ടെത്തലിലേക്കാണ് ഐബിയും പൊലീസുമെത്തിയത്. സിബിഐ ഔദ്യോഗികമായി കേസ് ഏറ്റെടുക്കുമ്പോള്‍ ഈ തുമ്പുകളില്‍ നിന്ന് അന്വേഷണം മുന്നോട്ടുപോകുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ, അതുണ്ടായില്ല.
കേസിന്റെ അടിസ്ഥാന വസ്തുതകളേക്കുറിച്ചുപോലും വലിയ തര്ക്കമാണിന്ന് നിലനില്‍ക്കുന്നത്. ഈ ആറ് വ്യക്തികള്‍ എങ്ങനെ കണ്ടുമുട്ടി, എത്ര കാലം ഇവര്‍ക്ക് പരസ്പരം അറിയാമായിരുന്നു എന്നതുള്‍പ്പെടെ. ഒരേ വ്യക്തികള്‍ തന്നെ വിവിധ അന്വേഷ ഏജന്‍സികള്‍ക്ക് വ്യത്യസ്ത കുറ്റസമ്മതമൊഴികളാണ് നല്‍കിയത്. പക്ഷെ, ഒരു ഭാഷ്യം എല്ലാറ്റിനേയും ജയിക്കുന്നതായിരുന്നു. ഉചിതമായ ഒരു വിചാരണയോ സംഭവത്തിന്റെ വസ്തുതകളേക്കുറിച്ച് കൃത്യമായ ഒരു അന്വേഷണമോ പോലും നടക്കാതെയാണ് അത് സംഭവിച്ചതും.
ഐബിയും പൊലീസും കേസ് അന്വേഷിച്ച ആറ് ആഴ്ച്ചയ്ക്കിടെ ചോദ്യംചെയ്യല്‍ മൊഴികളില്‍ ഉയര്‍ന്ന വന്ന ഒരു പേര് പ്രഭാകര്‍ റാവുവിന്റേതായിരുന്നു, പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ മകന്. ഇതറിഞ്ഞപാടേ പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക് പാഞ്ഞെത്തി. ‘എല്ലാവരും കാണ്‍കെയുള്ള ആ വരവ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് എന്ന മട്ടിലായിരുന്നു. പക്ഷെ, ഐസ്ആര്‍ഒ ചാരക്കേസ് അന്വേഷണം ഇത്ര വേഗത്തില്‍ വേണ്ട, പതുക്കെ മതി എന്ന സ്വാധീനം ചെലുത്തലായിരുന്നു യഥാര്‍ത്ഥ ആഗമനോദ്ദേശം’, ധര് എഴുതി.
ഏതാണ്ട് ഇതേ സമയത്ത് തന്നെ, പ്രത്യേക പൊലീസ് അന്വേഷണ സംഘത്തിന്റെ തലവനായ സിബി മാത്യൂസ് കേസ് സിബിഐയ്ക്ക് കൈമാറണമെന്ന് അഭ്യര്‍ത്ഥന നടത്തി. കേസിനാസ്പദമായ സംഭവങ്ങള്‍ കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും ശ്രീലങ്ക, മാലിദ്വീപ് എന്നീ രാജ്യങ്ങളിലുമായി വ്യാപിച്ചുകിടക്കുന്നതുകൊണ്ട് മെച്ചപ്പെട്ട അന്വേഷണസംവിധാനമുള്ള കേന്ദ്ര ഏജന്‍സിയെ ഏല്പിക്കുന്നതാണ് ഉചിതം എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. പക്ഷെ, സിബി മാത്യൂസിന്റെ ഈ അഭ്യര്‍ത്ഥനയ്ക്ക് പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. വ്യക്തിതാല്പര്യങ്ങള് തമ്മിലുളള ഒരു സംഘര്‍ഷം ഒഴിവാക്കല്‍. സംശയിക്കപ്പെട്ടവരില് പലരും ചോദ്യം ചെയ്യലിനിടെ രമണ്‍ ശ്രീവാസ്തവയുടെ പേര് പരാമര്‍ശിച്ചിരുന്നു. സിബി മാത്യൂസിന്റെ സീനിയര്‍ ഉദ്യോഗസ്ഥനായ രമണ്‍ ശ്രീവാസ്തവ ആ സമയത്ത് കേരളത്തിന്റെ ദക്ഷിണ മേഖല ഐജിയാണ്. ശ്രീവാസ്തവയുടെ സഹോദരനാകട്ടെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്തിരുന്ന ഇന്‍സ്പെക്ടര്‍ ജനറലും. സായുധസേനയേക്കുറിച്ചുള്ള തന്ത്രപരമായ വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നതില്‍ മുതിര്‍ന്ന സൈനിക-പൊലീസ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും പ്രത്യേക അന്വേഷണസംഘം സംശയിച്ചിരുന്നു.
റെക്കോഡ് സമയത്തിനുള്ളിലാണ് സിബിഐ കേസ് ഏറ്റെടുത്തത്. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറാന്‍ ഐബി ഉദ്യോഗസ്ഥരോട് സിബിഐ ആവശ്യപ്പെട്ടു. അന്വേഷണത്തിന്റെ ആദ്യഘട്ടങ്ങളിലെ കൈയ്യെഴുത്തുനോട്ടുകളും ഐബി റെക്കോഡ് ചെയ്തിരുന്ന ഓഡിയോ റെക്കോഡുകളും 72 കുറ്റസമ്മത വീഡിയോ ടേപ്പുകളും ഉള്‍പ്പെടെ, എല്ലാം.

സിബിഐ ചിത്രത്തില്‍ വരുമ്പോഴേക്കും കേരളത്തിലെ മാധ്യമങ്ങള്‍ കേസിനെ അടുത്ത് നിന്ന് പിന്തുടരുന്നുണ്ടായിരുന്നു. പക്ഷെ, കേസിന്റെ പൊരുളിനേക്കാള് കൂടുതല്‍ അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് ലൈംഗീകച്ചുവയുള്ള വിശദീകരണങ്ങളിലാണ്. മാലിദ്വീപുകാരായ സ്ത്രീകളും സംശയിക്കപ്പെടുന്ന മറ്റുള്ളവരും തമ്മിലുള്ള ലൈംഗീകബന്ധത്തേക്കുറിച്ചുള്ള ആരോപണങ്ങള്‍, ചാരവൃത്തിയുടെ സാധ്യതയേക്കാളും അതിനേക്കുറിച്ചുള്ള വിവരങ്ങളേക്കാളും പ്രാധാന്യം നേടി. സിബിഐ അന്വേഷണം പുരോഗമിച്ചതോടെ മാധ്യമങ്ങളുടെ ആഖ്യാനങ്ങളിലും മാറ്റം വന്നുതുടങ്ങി. മലയാള മാധ്യമങ്ങളുടെ സെന്‍സേഷണലിസത്തെ വിമര്‍ശിക്കല്‍ അല്ലാതെ ഡല്‍ഹിയില്‍ നിന്നെത്തിയ റിപ്പോര്‍ട്ടര്‍മാര്‍ ചെയ്ത പണി ഒരു ഗൂഡാലോചനാ സാധ്യത ഉയര്‍ത്തിക്കൊണ്ടുവരലാണ്, പൊലീസും ഐബിയും കേസ് കെട്ടിച്ചമച്ചതായിരിക്കാം എന്ന ധ്വനിയോടെ. പൊലീസും ഐബിയും എന്തിന് അത് ചെയ്യണമെന്ന ചോദ്യം മാത്രം ഉയര്‍ന്നുവന്നില്ല. നരസിംഹറാവു സൂക്ഷ്മമായി നിരീക്ഷിച്ചിരുന്ന സിബിഐ, എങ്ങനെയാണ് അന്വേഷണത്തെ വ്യവസ്ഥാപിതമായി ഇല്ലാതാക്കിയത് എന്ന യാഥാര്‍ത്ഥ്യത്തെ ഇത്തരം റിപ്പോര്‍ട്ടുകള്‍ ഗ്രഹണം പോലെ മൂടിക്കളഞ്ഞു.
1996 ഏപ്രിലില്‍, സിബിഐ ചാരക്കേസിന്റെ അന്വേഷണം അവസാനിപ്പിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് നല്കി. അഴിമതിയാരോപണങ്ങളുടെ ചേറുപുരണ്ട നരസിംഹറാവു സര്‍ക്കാര്‍ രണ്ടാമതൊരു അവസരം തേടുന്ന പൊതുതെരഞ്ഞെടുപ്പ് കാലമായിരുന്നു അത്. കേരള പൊലീസും ഐബിയും ശേഖരിച്ച മിക്ക അന്വേഷണവിവരങ്ങളും സിബിഐ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞു. കുറ്റാരോപിതരുടെ മൊഴികളെ അടിസ്ഥാനമാക്കി ചാരവൃത്തി നടന്നിട്ടേയില്ലെന്ന് സിബിഐ വാദിച്ചു. കുറ്റാരോപിതരെ പൊലീസ് പീഡിപ്പിച്ചെന്നും അവരുടെ കുറ്റസമ്മതം ബലപ്രയോഗത്തിലൂടെ പിഴിഞ്ഞെടുത്തതാണ് എന്നുമായിരുന്നു സിബിഐയുടെ വാദം.
സിബിഐ റിപ്പോര്‍ട്ട് അവസാന വാക്കായി സ്വീകരിക്കപ്പെട്ടു. പക്ഷെ, ഉത്തരങ്ങളേക്കാള്‍ കൂടുതല്‍ ചോദ്യങ്ങളാണ് റിപ്പോര്‍ട്ട് ഉയര്‍ത്തുന്നത്. അന്വേഷണത്തിലെ ഗുരുതരമായ വിടവുകളിലേക്കാണ് റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നതും. കടംകഥയായി അവശേഷിച്ച ഇടങ്ങള്‍ പൂരിപ്പിക്കാന്‍ വേണ്ട അന്വേഷണം നടത്തി ബ്യൂറോ ബുദ്ധിമുട്ടിയില്ല, അല്ലെങ്കില്‍ ആ വിടവുകള്‍ സൗകര്യപ്രദമെന്നോണം കണ്ടില്ലെന്ന് നടിച്ചു. ഉദാഹരണത്തിന്, എന്തുകൊണ്ട് ഐഎസ്ആര്‍ഒയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി വിദേശികളായ രണ്ടുപേരോട് – ഒരാള്‍ മാലിദ്വീപ് ഭരണകൂടത്തിന്റെ ഇന്റലിജന്‍സ് സര്‍വ്വീസിലാണ് ജോലി ചെയ്തിരുന്നതും – സമ്പര്‍ക്കത്തിലേര്‍പ്പെട്ടു എന്നത് ഒരിക്കലും വ്യക്തമാക്കപ്പെട്ടില്ല. അങ്ങനെ ചെയ്യുമ്പോള്‍ തങ്ങളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് ചെയ്യണമെന്ന ചട്ടം നമ്പി നാരായണനും ഡി ശശികുമാരനും ലംഘിച്ചു. ഒഫീഷ്യല്‍ സീക്രട്സ് ആക്ട് പ്രകാരം ഇത് ഗൗരവമേറിയ നിയമലംഘനമാണ്.

അന്വേഷണത്തിന്റെ ഭാഗമായിരുന്ന ഒരു സിബിഐ ഉദ്യോഗസ്ഥന് പേര് വെളിപ്പെടുത്തരുത് എന്ന നിബന്ധനയോടെ എന്നോട് പ്രതികരിച്ചു. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരാന്‍ രണ്ട് വര്ഷത്തോളമെടുത്തെങ്കിലും രണ്ട് മാസത്തിനകം തന്നെ കേസിലെ സിബിഐ നിലപാട് തീരുമാനിക്കപ്പെട്ടിരുന്നെന്ന് അദ്ദേഹം പറഞ്ഞു, ‘കാതലായ എന്തെങ്കിലും അന്വേഷണം നടന്നതായി എനിക്ക് തോന്നുന്നില്ല.’
കുറ്റകൃത്യങ്ങളെ പുനരാവിഷ്കരിക്കാന്‍ സഹായിക്കുന്ന തരത്തില്‍, ശൃംഖലകളേക്കുറിച്ച് അന്വേഷണം നടത്താനായി സിബിഐ ഒരു പ്രത്യേക സംവിധാനം വികസിപ്പിച്ചിരുന്നു. മേല്‍ പറഞ്ഞ ഉദ്യോഗസ്ഥന് ഈ ഡേറ്റ അനാലിസിസ് ടീമിന്റെ ഭാഗമായിരുന്നു. 1993ലെ മുംബൈ സ്ഫോടനവും 1991ലുണ്ടായ രാജീവ് ഗാന്ധി വധവും ഉള്‍പ്പെടെ അതീവ ഗൗരവമാര്‍ന്ന കേസുകളുടെ അന്വേഷണത്തിന് ഈ രീതി അവലംബിച്ചിരുന്നു. സൂക്ഷ്മ പരിശോധന തുടങ്ങാന്‍ അദ്ദേഹത്തിന് മാലിദ്വീപുകാരായ രണ്ട് പേരുടേയും പാസ്പോര്‍ട്ട് നല്കി. കോള്‍ റെക്കോഡുകള്‍ കൂടി പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ചൂണ്ടിക്കാട്ടി ഡേറ്റ അനാലിസിസ് ടീം മറ്റൊരു അഭ്യര്‍ത്ഥന കൂടി നടത്തി. പക്ഷെ, അവയൊരിക്കലും ലഭിക്കുകയുണ്ടായില്ല. കേസിന്റെ പ്രാധാന്യം വെച്ചുനോക്കുമ്പോള്‍ അത് അസാധാരണമായിരുന്നെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഒന്നോ രണ്ടോ മാസത്തിനകം തന്നെ അനാലിസിസ് നിര്‍ത്തിക്കോളൂ എന്ന നിര്‍ദ്ദേശം തനിക്ക് ലഭിച്ചെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ‘കേസ് ഇല്ല’ എന്ന് നിശ്ചയിക്കപ്പെട്ടു എന്നതാണ് പരിശോധന നിര്‍ത്താനുള്ള കാരണമായി പറഞ്ഞത്. ‘മാലിദ്വീപുകാര്‍ ഇന്ത്യയില്‍ വരികയും ഐസ്ആര്‍ഒ ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു എന്ന യഥാര്‍ത്ഥ വിഷയത്തെ സിബിഐ അന്വേഷണം പൂര്‍ണമായും മൂടിവെച്ചു.’ മുന്‍ സിബിഐ ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു.

ഒട്ടേറെ ഫോറിന് എക്സ്ചേഞ്ച് ഇടപാടുകള്‍ നടത്തുന്ന ഒരു കോണ്‍ട്രാക്ടറുടെ സ്വകാര്യ ഉപദേശകനായി നമ്പി നാരായണന് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ശശികുമാരന് ഐസ്ആര്‍ഒയില്‍ ജോലി ചെയ്യുമ്പോള്‍ തന്നെ ഒരു സ്വകാര്യസ്ഥാപനം തുടങ്ങാനുള്ള പദ്ധതിയുണ്ടായിരുന്നു. ഇത് രണ്ടും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടത്തിന്റെ നഗ്നലംഘനവുമാണ്. തങ്ങളുടെ സ്വകാര്യ താല്പര്യങ്ങള് കരുപ്പിടിപ്പിച്ചുകൊണ്ട് രണ്ട് ഐസ്ആര്‍ഒ ഉദ്യോഗസ്ഥര്‍ മുന്നോട്ടുപോകുന്നതിന് തെളിവുണ്ടായിട്ടും സിബിഐയ്ക്ക് അത് സംശയാസ്പദമായി തോന്നിയില്ല. പൊതുജനാഭിപ്രായങ്ങള്‍ക്ക് വിരുദ്ധമായ ഒരു കാര്യം കൂടിയുണ്ട് -ചാരക്കേസ് ആരോപണം പൊട്ടിപ്പുറപ്പെടുന്നതിന് മുന്‍പ് അത്ര കളങ്കമറ്റ പ്രശസ്തിയായിരുന്നില്ല ഇരുവര്‍ക്കുമുണ്ടായിരുന്നത്. ചാരക്കേസിന് പത്ത് വര്‍ഷം മുന്നേ ‘സ്വകാര്യ ബിസിനസുകള്‍ നടത്തുന്നു’, ‘കണക്കില്‍പെടാത്ത സ്വത്തുക്കള്‍ കൈവശം വെച്ചിരിക്കുന്നു’, ‘സത്യസന്ധതയില്‍ സംശയം’ എന്നീ കണ്ടെത്തലുകളിന്മേല് ഐഎസ്ആര്‍ഒയില്‍ നമ്പി നാരായണനും ശശികുമാരനുമെതിരെ ദോഷസൂചനകള്‍ നല്കപ്പെട്ടിരുന്നു. ഇത് വ്യക്തമാക്കുന്ന ബഹിരാകാശ വകുപ്പ് രേഖകള്‍ ഇപ്പോള്‍ കാരവന്റെ പക്കലുണ്ട്.
സിബിഐയുടെ ക്ലോഷര്‍ റിപ്പോര്‍ട്ട് പ്രകാരം സംശയിക്കപ്പെട്ട ആറ് പേരും കുറ്റവിമുക്തരാക്കപ്പെട്ടു. സുപ്രീം കോടതി പിന്നീട് ഓരോരുത്തര്‍ക്കും ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി വിധിച്ചു. ദേശീയ മനുഷ്യാവകാശ കമ്മീഷന് കുറച്ചുകൂടി മുന്നോട്ടുപോയി, നമ്പി നാരായണന് മറ്റൊരു പത്ത് ലക്ഷം കൂടി നല്‍കണമെന്ന് ഉത്തരവിട്ടു. ഐസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന് അന്ന് മുതല്‍ ഇന്ന് വരെ ചാരക്കേസ് ആരോപണത്തിലെ ഏറ്റവും തിരിച്ചറിയപ്പെടുന്ന മുഖമാണ്. താന്‍ നീതിരഹിതമായി വേട്ടയാടപ്പെട്ടതുകൊണ്ട് ഇന്ത്യയുടെ റോക്കറ്റ് സാങ്കേതിക വിദ്യ കുറഞ്ഞത് 15 വര്‍ഷമെങ്കിലും പുറകോട്ട് പോയെന്ന് നമ്പി നാരായണന് വാദിച്ചു. പക്ഷെ, പല നിരീക്ഷകര്‍ക്കും ഇത് അവിശ്വസനീയമായ അതിശയോക്തിയാണ്. അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുന്‍പ് നമ്പി നാരായണന് സ്വമേധയാ വിരമിക്കലിന് അപേക്ഷ നല്‍കിയിരുന്നു എന്ന വസ്തുതയ്ക്കും അദ്ദേഹത്തിന്റെ തന്നെ ഈ വാദം എതിരാണ്. നമ്പി നാരായണന് ഐസ്ആര്‍ഒയില്‍ വിരമിക്കല്‍ അപേക്ഷ നല്‍കിയതിന്റെ രേഖകളുടെ പകര്‍പ്പ് കാരവന്റെ പക്കലുണ്ട്.

സ്പഷ്ടമായ പൊരുത്തക്കേടുകളുണ്ടായിരുന്നിട്ടും അന്വേഷണ ഏജന്‍സികള്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ സിബിഐ ജേതാവായി ഉയര്‍ന്നുവന്നു. മാത്രമല്ല, നീതി ഉയര്‍ത്തിപ്പിടിച്ച ഏജന്‍സിയായാണ് ബ്യൂറോ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിച്ചത്. കേസിന്റെ മേല്‍നോട്ട ചുമതലയുണ്ടായിരുന്ന സിബിഐ ഉദ്യോഗസ്ഥന് പി എം നായര്‍ എന്നോട് പറഞ്ഞത് ബ്യൂറോ സമഗ്രമായ അന്വേഷണം നടത്തിയെന്നാണ്. ‘ഞങ്ങള്‍ അതിന്റെ ഓരോ മാത്രയും അന്വേഷിച്ചു, ചീട്ടുകൊട്ടാരം പോലെ എല്ലാം പൊളിഞ്ഞുവീഴുന്നതായി ഞങ്ങള്‍ കണ്ടെത്തി,’ അദ്ദേഹം പറഞ്ഞു. ഔദ്യോഗിക ജീവിതത്തില്‍ കൈകാര്യം ചെയ്ത മറ്റ് കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ചാരക്കേസില്‍ അസാധാരണമായി എന്തെങ്കിലും ഉണ്ടായിരുന്നോ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു, അന്വേഷകര്‍ എന്ന ചുമതലയ്ക്ക് അപ്പുറം കടന്ന് പ്രവൃത്തിക്കേണ്ടവിധം മനസിനെ ഇളക്കിയ ഒരു കേസായിരുന്നു ഇതെന്ന് അദ്ദേഹം മറുപടി നല്കി. ‘ഞങ്ങള്‍ നീതിക്ക് വേണ്ടി പോരാടേണ്ടി വന്ന ഒരു അന്വേഷണമായിരുന്നു ഇത്. സാധാരണ കുറ്റാരോപിതരാണ് നീതിക്ക് വേണ്ടി പോരാടുന്നത്, ഇവിടെ കേസ് അന്വേഷിക്കുന്നവരാണ് നീതിക്ക് വേണ്ടി പോരാടേണ്ടി വന്നത്.’
കേസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാവുന്ന ഒരുപിടി തുമ്പുകളാണ് ഐബിയുടേയും കേരളാ പൊലീസിന്റേയും പക്കലുണ്ടായിരുന്നത്. തങ്ങള്‍ കേസ് അന്വേഷിച്ച 45 ദിവസങ്ങള്‍ കൊണ്ട് അവര്‍ ശേഖരിച്ചതായിരുന്നു ഈ വിവരങ്ങള്‍. കൂടുതല്‍ അന്വേഷണം വേണമെന്ന് ഈ രണ്ട് ഏജന്‍സികള്‍ക്കും വ്യക്തമായ ബോധ്യമുണ്ടായിരുന്നു. സിബിഐയാകട്ടെ, രണ്ട് വര്‍ഷമെടുത്ത ശേഷം പല തുമ്പുകളും അന്വേഷിക്കാതിരിക്കുകയോ പലതും തള്ളിക്കളയുകയോ ചെയ്തു. പലപ്പോഴും ചെറിയ സാങ്കേതികത്വങ്ങളാണ് ഇതിന് കാരണമായി പറഞ്ഞത്.

കേസ് അന്വേഷണത്തിന്റെ ഭാഗമായിരുന്ന സിബിഐയിലേയും ഐബിയിലേയും കേരളാ പൊലീസിലേയും അനവധി ഉദ്യോഗസ്ഥരുമായി ഞാന്‍ സംസാരിച്ചു. എല്ലാ ചോദ്യം ചെയ്യല്‍ റിപ്പോര്‍ട്ടുകളും രേഖകളും വായിച്ചു. കേസിലെ സംഭവങ്ങള്‍ പുനരാവിഷ്കരിക്കുന്നതിന് ഒരു ശ്രമം നടത്താന്‍ വേണ്ടിയായിരുന്നു ഇത്. 1995ല്‍ കേസ് കേരള ഹൈക്കോടതിയുടെ മുമ്പാകെ വന്നപ്പോള്‍ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് കെ ശ്രീധരനുമായി ഞാന്‍ അഭിമുഖം നടത്തി. ശേഖരിക്കപ്പെട്ട യഥാര്‍ത്ഥ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചാരക്കേസ് ഒരു കോടതിയാല്‍ പരിശോധിക്കപ്പെട്ടത് ആ ഒരേയൊരു തവണ മാത്രമാണ്. ‘യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവെയ്ക്കപ്പെട്ടു, ഇന്നുവരെ സത്യം പുറത്തുവന്നിട്ടില്ല,’ ജസ്റ്റിസ് കെ ശ്രീധരന് പറഞ്ഞു.
ഐസ്ആര്‍ഒ ഉദ്യോഗസ്ഥനും നമ്പി നാരായണന്റെ സഹ കുറ്റാരോപിതനുമായിരുന്ന ഡി ശശികുമാരനോടും ഞാന്‍ സംസാരിച്ചു. നമ്പി നാരായണനെ പൊലീസോ ഐബിയോ പീഡിപ്പിച്ചതായി താന്‍ വിശ്വസിക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
1995 മുതല്‍ 1998 വരെ കേരള സംസ്ഥാന നിയമവകുപ്പ് സെക്രട്ടറിയായിരുന്ന സി ഖാലിദുമായി അഭിമുഖം നടത്തുകയുണ്ടായി. അന്നത്തെ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ എ എം അഹ്മദി ചാരക്കേസ് അന്വേഷണം നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളോട് നിര്‍ദ്ദേശിച്ച ഒരു യോഗത്തേക്കുറിച്ച് സി ഖാലിദ് വിശദീകരിച്ചു.
ചാരവൃത്തിയുടെ കഥ എത്രയും പെട്ടെന്ന് കുഴിച്ചുമൂടാന്‍ സിബിഐ എല്ലാ പരിശ്രമങ്ങളും നടത്തിയെന്ന് വ്യക്തമാണ്. അതിന്റെ ഫലമായി, ഇന്ത്യയിലെ ഏറ്റവും വലുതും ഏറ്റവും സ്തോഭജനകവുമായ ചാരപ്രവര്‍ത്തന കേസ് കൃത്യമായ ഒരു അന്വേഷണം പോലും നടക്കാതെ ഇല്ലാതായി.
തുടരും…
(പരിഭാഷ: റെയ്ക്കാഡ് അപ്പു ജോര്‍ജ്)