അറബ് വസന്തത്തിന്റെ അവസാന തുരുത്തും അട്ടിമറിക്കപ്പെടുമ്പോൾ കയ്യടിക്കുന്ന ടുണീഷ്യൻ ജനത; അന്നഹ്ദയുടെ പിഴവ്

ജൂൺ 25 ടുണീഷ്യക്കാർക്ക് സാധാരണ ദിവസമായിരുന്നില്ല. സ്വന്തം രാജ്യക്കാരൻ അഹമ്മദ് ഹഫ്‌നോയി ടോക്കിയോ ഒളിമ്പിക്‌സിൽ നീന്തലിൽ സ്വർണം നേടിയതിന്റെ ആഘോഷമായിരുന്നു രാവിലെ. ഉച്ചയോടെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. വിവിധ നഗരങ്ങളിൽ തെരുവിലിറങ്ങിയ ജനങ്ങൾ കൊവിഡ് മഹാമാരിയും സാമ്പത്തിക പ്രതിസന്ധിയും കൈകാര്യം ചെയ്യുന്നതിലെ വീഴ്ച്ച ചൂണ്ടിക്കാട്ടി ഗവണ്മെന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. വൈകുന്നേരത്തോടെ പ്രസിഡണ്ട് ഖൈസ് സൈദ് രാജ്യത്തിൻറെ അഖണ്ഡതക്ക് ഭീഷണിയാകുന്ന സന്ദർഭങ്ങളെ നേരിടാനുള്ള ഭരണഘടനയിലെ ആർട്ടിക്കിൾ 80 പ്രകാരമുള്ള നടപടികൾക്ക് ഉത്തരവിട്ടു. മുപ്പത് ദിവസത്തേക്ക് പാർലമെന്റിന്റെ എല്ലാ പ്രവൃത്തികളും നിർത്തിവെച്ചു, എല്ലാ എംപിമാരുടെയും പാർലമെന്ററി പരിരക്ഷ എടുത്തുകളഞ്ഞു, പ്രധാന മന്ത്രിയെയും, പ്രതിരോധ – നീതി നിർവഹണ മന്ത്രിമാരെയും സൈദ് പിരിച്ചുവിട്ടു. രാജ്യത്ത് രാത്രികാല കർഫ്യു ഏർപ്പെടുത്തുകയും മൂന്നുപേരിൽ കൂടുതലുള്ള കൂടിച്ചേരലുകൾ നിരോധിക്കുകയും ചെയ്‌തു. എല്ലാ എക്‌സിക്യൂട്ടിവ് അധികാരങ്ങളും തന്റെ കീഴിലേക്ക് സൈദ് കൊണ്ടുവന്നു.

തെരുവിൽ അലയടിച്ച ജനകീയ പ്രക്ഷോഭം നേരിടാൻ ഇത്തരം നടപടികൾ അനിവാര്യമാണെന്നാണ് സൈദ് വാദിക്കുന്നത്. എന്നാൽ കുറച്ചധികനാളായി ടുണീഷ്യയിൽ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന സൈദ്-അന്നഹ്ദ രാഷ്ട്രീയ അധികാര വടംവലിയുടെ പുതിയ അദ്ധ്യായമാണ് ഈ അധികാരം പിടിച്ചെടുക്കൽ. പതിറ്റാണ്ടുകൾ നീണ്ട ഏകാധിപത്യത്തിൽ നിന്നും രാജ്യത്തിന്റെ ജനാധിപത്യത്തിലേക്കുള്ള യാത്രക്കിടെ നടത്തിയ പട്ടാള സഹായത്തോടെയുള്ള സൈദിന്റെ നടപടി അട്ടിമറിയാണെന്നതിൽ സംശയമില്ല. ഏകാധിപത്യ ഗൾഫിന്റെ, പ്രതേകിച്ച് യുഎഇയുടെ ആശീർവാദത്തോടെയും പിന്തുണയോടെയുമാണ് ഈ അധികാരം പിടിച്ചെടുക്കലെന്ന അന്നഹ്ദയുടെയും സഖ്യകക്ഷികളായ ഖൽബ് ടൂണിസിന്റെയും കറാമയുടെയും വാദവും തള്ളേണ്ടതില്ല.

എന്നാൽ അറബ് വസന്താനന്തരം പശ്ചിമേഷ്യയിൽ പൂവണിഞ്ഞ ഒരേയൊരു ജനാധിപത്യ രാജ്യത്ത് അട്ടിമറിയിലൂടെ സർക്കാരിനെ പുറത്താക്കുമ്പോൾ തെരുവിൽ ആഘോഷിക്കുന്ന ജനതയുള്ള നാടായി ടുണീഷ്യ മാറിയത് മാറിമാറി വന്ന സർക്കാരുകൾ വിപ്ലവാനന്തര ട്യുണീഷ്യയുടെ അഭിലാഷങ്ങൾ അഭിമുഖീകരിക്കുന്നതിലും തൊഴിലില്ലായ്‌മയും ദാരിദ്ര്യവും വിലക്കയറ്റവും ഉളപ്പടെയുള്ള വിഷയങ്ങൾ പരിഹരിക്കുന്നതിലും ദയനീയമായി പരാജയപ്പെട്ടു എന്നതിന് തെളിവാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ടുണീഷ്യൻ ജനത ഏറിയ വ്യക്തിസ്വാതന്ത്ര്യം അനുഭവിച്ചു, രാഷ്ട്രീയ സാഹചര്യം മാറി എന്നതൊക്കെ ശരിതന്നെ, എന്നാൽ സാമ്പത്തികാവസ്ഥ പിന്നിൽ തന്നെ നിന്നു. രാജ്യത്ത് കടം കുമിഞ്ഞുകൂടി, അസമത്വവും സാമൂഹിക പുറന്തള്ളലുകളുമുണ്ടായി, ഇവയൊക്കെയും ജനരോഷം തെരുവിലേക്കെത്തിച്ചു.

അട്ടിമറിയുടെ ആദ്യ മണിക്കൂറുകളിൽ സൈദ്-അന്നഹ്ദ അനുകൂലികൾ തമ്മിലുണ്ടായ ചെറിയ സംഘർഷമൊഴിച്ചാൽ പൊതുവെ ശാന്തമാണ് ടുണീഷ്യ. ഗാർഡിയൻ പത്രവും മിഡിൽ ഈസ്റ് ഐയ്യും ഉൾപ്പടെയുള്ളവർ നേരിട്ട് സംസാരിച്ച ടുണീഷ്യൻ ജനങ്ങളിൽ ഭൂരിഭാഗവും, ഏതാണ്ട് 90 ശതമാനത്തിനടുത്ത്, സൈദിന്റെ നടപടിയെ പിന്തുണക്കുന്നു. ബെൻ അലിയെ പുറത്താക്കി ജനായത്ത അധികാരം നിലവിൽ വന്നപ്പോൾ അനുകൂലിച്ചിരുന്നവരും ഇതിലുണ്ട്. ഇവിടെയാണ് അറബ് വസന്തത്തിന് തിരികൊളുത്തിയ ടുണീഷ്യയിൽ അതിന്റെ വിളവ് നശിപ്പിച്ചത് ആരെന്ന ചോദ്യമുയരുന്നത്.

ഈജിപ്ത്യൻ മോഡൽ അട്ടിമറിക്ക് യുഎഇ ട്യുണീഷ്യയിലും കളമൊരുക്കി എന്ന് റാശിദുൽ ഗനൂശിക്ക് വാദിക്കാം, എന്നാൽ കൊവിഡ് മഹാമാരി രാജ്യത്തെ പിടിച്ചുലക്കുമ്പോൾ കാമറയ്ക്ക് മുന്നിൽ പോയി ടെന്നീസ് കളിക്കുന്ന, ജനങ്ങൾ മരിച്ചുവീഴുമ്പോൾ ആഡംബര ഹോട്ടലിൽ ആഘോഷം നടത്തുകയും സാമ്പത്തിക രംഗം മുങ്ങിത്താഴുമ്പോൾ നീന്തൽ കുളങ്ങളിൽ ഊളിയിട്ടുകളിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിയെ തള്ളിപ്പറയാക്കുകയല്ലാതെ ജനത മറ്റെന്ത് ചെയ്യാനാണ്? സൈദ് അധികാരം കൈക്കലാക്കുന്നതിന് മുൻപ് തെരുവിലിറങ്ങിയ ജനക്കൂട്ടത്തിന് ജനാധിപത്യത്തേക്കാൾ ആവശ്യം രാജ്യത്തെ സാമ്പത്തിക, സാമൂഹിക പ്രതിസന്ധി പാരിഹരിക്കുകയെന്നന്നത് തന്നെയാണ്. നവജനാധിപത്യത്തിന്റെ ഈ പരിവർത്തന കാലയളവിൽ പുലർത്തേണ്ട ജാഗ്രത കാണിക്കുവാനും ജനമനസ്സുകളിൽ ജനായത്ത സംവിധാനത്തോടുള്ള വിശ്വാസം ഉറപ്പിക്കാനും സമഗ്രജനാധിപത്യ സങ്കൽപ്പങ്ങൾ മുന്നോട്ട് വെക്കാനും രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ ഇസ്ലാമിസ്റ് അന്നഹ്ദക്കും സഖ്യകക്ഷികൾക്കും കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്‌തവം.

അന്നഹ്ദ നേതാവ് റാഷിദ് ഗനൂശിയും പ്രസിഡന്റ് ഖൈസ് സൈദും

ഏകാധിപത്യം നിലനിന്നിരുന്ന, അല്ലെങ്കിൽ സമൂഹമാകെ ഏകാധിപത്യ സ്വഭാവത്തെ തള്ളിക്കളയാത്തയിടങ്ങളിൽ ജനങ്ങൾ ജനാധിപത്യത്തെ വിവക്ഷിക്കുന്നത് തന്നെ തങ്ങളുടെ സാമ്പത്തിക-നിത്യജീവിത അഭിലാഷങ്ങളുമായി ബന്ധപ്പെടുത്തിയായിരിക്കും. ഉദാഹരണത്തിന് ചൈനീസ് ഏകാധിപത്യവുമായി അവിടുത്തെ ജനങ്ങൾ താദാമ്യപ്പെട്ട് പോകുന്നത് തൊഴിൽ മുതൽ സാമൂഹിക ക്ഷേമം വരെയുള്ള കാര്യങ്ങളിൽ ഭരണകൂടം നടത്തുന്ന ഇടപെടലുകളുടെ പുറത്താണ്. റഷ്യയിലും വ്ലാദിമിർ പുചിൻറെ സമ്മതി ഉയർത്തിനിർത്താൻ സാധിക്കുന്നതും ഇതാണ്. ജനങ്ങളെ സുരക്ഷിതരായി നിർത്തി, ഭക്ഷണവും പാർപ്പിടവും തൊഴിലും നൽകിയാൽ വ്യക്തിസ്വാതന്ത്രത്തിൽ അധിഷ്ഠിതമായ പാശ്ചാത്യ ജനാധിപത്യ സങ്കല്പങ്ങളെയൊക്കെ ജനം കയ്യൊഴിയാൻ തയാറായേക്കും എന്നതിന് ഉദാഹരണങ്ങൾ ഏറെയാണ്. അട്ടിമറിക്ക് ശേഷം തങ്ങളുടെ ഭാവിസുരഭിലമാകുമെന്ന് സ്വപ്‌നം കാണുന്ന ടുണീഷ്യൻ യുവതയും ഇത് തന്നെയാണ് പറയുന്നത്.

അന്നഹ്ദക്കും സർക്കാരിനുമെതിരെയുള്ള ജനരോഷത്തിന് പരിഹാരമായിട്ടാണ് അധികാര കേന്ദ്രീകരണവും അട്ടിമറി നടപടികളും സൈദ് ന്യായീകരിക്കുന്നത്. എന്നാൽ സൈദ് മുന്നോട്ടുവെക്കുന്ന പരിഹാരം ജനാധിപത്യമെന്ന സങ്കൽപ്പത്തെ തന്നെ ഇല്ലാതാക്കുന്നതാണ്. ഒരു വ്യക്തിയിലേക്ക് രാജ്യത്തിൻറെ പരമാധികാരം ചുരുങ്ങുന്നതിന് ടുണീഷ്യൻ ഭരണഘടന യാതൊരു സാധുതയും നൽകുന്നില്ല എന്ന് മാത്രമല്ല സൈദ് തന്നെ ഈ ഭരണഘടനയെ തള്ളിപ്പറഞ്ഞ് നേരത്തെതന്നെ രംഗത്തുവന്നിട്ടുമുണ്ട്. രോഗത്തെ ഇല്ലാതാക്കുന്നതിനായി രോഗിയെക്കൊല്ലുന്ന രീതിയാണ് സൈദ് അട്ടിമറി.