‘ഒരാളെ എതിര്‍ക്കാന്‍ അയാളുടെ അമ്മയേയും സഹോദരിയേയും കുറിച്ച് മോശം ഭാഷയെന്തിന്?’; അഭിപ്രായങ്ങള്‍ക്ക് മറുപടി തെറിവിളിയല്ലെന്ന് സിതാര

അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന സോഷ്യല്‍ മീഡിയ പ്രവണതയ്‌ക്കെതിരെ ഗായിക സിതാര. പരസ്പരമുള്ള തെറിവിളികളും ബഹളം വെയ്ക്കലുകളും എങ്ങനെയാണ് സഹിഷ്ണുതയുള്ള ഒരു ജനതയുടെ അടയാളമാകുന്നതെന്ന് സിതാര ചോദിച്ചു. ഏത് വിഷയത്തിലാണെങ്കിലും പരസ്പര ബഹുമാനത്തോടെയുള്ള സംവാദങ്ങള്‍ ആണ് നമുക്കാവശ്യം. വികൃതഭാഷയില്‍ പ്രതികരിക്കുന്നവരോട് അതിലും മോശം ഭാഷ ഉപയോഗിക്കുന്ന് ലജ്ജാകരമാണെന്നും സിതാര ചൂണ്ടിക്കാട്ടി.

ഒരാള്‍ പറഞ്ഞതിനെ എതിര്‍ക്കാനായി അതിലും മോശം ഭാഷയില്‍ അയാളുടെ അമ്മയെ, സഹോദരിയെ, ഭാര്യയെ കുറിച്ച് നിര്‍ലജ്ജം ആവേശം കൊള്ളുന്ന മറ്റൊരു കൂട്ടര്‍. നിങ്ങള്‍ രണ്ടുകൂട്ടരും ചെയ്യുന്നത് ഒന്നുതന്നെയാണ്. എന്റെ ആശയങ്ങളോട് യോജിക്കുന്നു എന്നതുകൊണ്ട്, നിങ്ങള്‍ എനിക്ക് പ്രിയപെട്ടവരാകുന്നില്ല.

സിതാര

ലക്ഷദ്വീപ്, പലസ്തീന്‍ വിഷയങ്ങളിലടക്കം രാഷ്ട്രീയ നിലപാട് പറയുന്നവര്‍ക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമാകുന്നതിനിടെയാണ് സിതാരയുടെ പ്രതികരണം. സെലിബ്രിറ്റികളുടേയും രാഷ്ട്രീയ നേതാക്കളുടേയും ഫേസ്ബുക്ക് പ്രതികരണങ്ങളിലും വാര്‍ത്താലിങ്കുകളുടേയും കമന്റ് ബോക്‌സില്‍ വ്യത്യസ്ത അഭിപ്രായമുള്ളവര്‍ വ്യക്തിഅധിക്ഷേപങ്ങള്‍ നടത്തുന്ന സാഹചര്യമുണ്ട്.

സിതാരയുടെ പ്രതികരണം

വിഷയം ഏതുമാവട്ടെ രാഷ്ട്രീയമോ, സിനിമായോ, സംഗീതമോ ഭക്ഷണോ, എന്തും. അഭിപ്രായ വത്യാസങ്ങള്‍ സ്വാഭാവികമാണ്! പരസ്പര ബഹുമാനത്തോടെയുള്ള സംവാദങ്ങള്‍ ആണ് നമുക്കാവശ്യം പരസ്പരമുള്ള തെറിവിളികളും, ബഹളം വെയ്ക്കലുകളും എങ്ങനെയാണ് സഹിഷ്ണുതയുള്ള ഒരു ജനതയുടെ അടയാളമാവുന്നത്! ഒരാള്‍ക്ക് എന്റെ അഭിപ്രായങ്ങളോട് എതിര്‍പ്പുണ്ട് എന്ന് കരുതുക, അയാള്‍ പരസ്യമായി വികൃതമായ ഭാഷയില്‍ പ്രതികരിക്കുന്നു. അയാളെ എതിര്‍ക്കാനായി അതിലും മോശം ഭാഷയില്‍ അയാളുടെ അമ്മയെ, സഹോദരിയെ, ഭാര്യയെ കുറിച്ച് നിര്‍ലജ്ജം ആവേശം കൊള്ളുന്ന മറ്റൊരു കൂട്ടര്‍ നിങ്ങള്‍ രണ്ടുകൂട്ടരും ചെയ്യുന്നത് ഒന്നുതന്നെയാണ് എന്റെ ആശയങ്ങളോട് യോജിക്കുന്നു എന്നതുകൊണ്ട്, നിങ്ങള്‍ എനിക്ക് പ്രിയപെട്ടവരാകുന്നില്ല ഒരു തെറ്റിനുള്ള മറുപടി മറ്റൊരു തെറ്റല്ല. നമുക്ക് ആശയപരമായി സംവദിക്കാം! പരസ്പര ബഹുമാനത്തോടെയുള്ള സൗഹൃദമാണ് ഫലപ്രദമായ ഒരു സംഭാഷണത്തിന്റെ താക്കോല്‍.

‘നിങ്ങളുടെ വാക്കുകള്‍ ഉയര്‍ത്തൂ, ശബ്ദമല്ല, മഴയാണ് പൂക്കളെ വളര്‍ത്തുന്നത്, ഇടിമുഴക്കമല്ല’; റൂമി