നടന്‍ ഉണ്ണി രാജന്‍ പി ദേവ് കസ്റ്റഡിയില്‍; ഭാര്യയുടെ ആത്മഹത്യാ കേസില്‍ പൊലീസ് ചോദ്യം ചെയ്യുന്നു

നടന്‍ ഉണ്ണി രാജന്‍ പി ദേവ് പൊലീസ് കസ്റ്റഡിയില്‍. ഭാര്യ പ്രിയങ്കയുടെ ആത്മഹത്യാ കേസിലാണ് നടപടി. അങ്കമാലിയില്‍ നിന്നും നെടുമങ്ങാട് ഡിവൈഎസ് പിയാണ് ഉണ്ണി രാജിനെ കസ്റ്റഡിയിലെടുത്തത്. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടനെ ചോദ്യം ചെയ്യുകയാണ്. പ്രിയങ്കയുടെ സഹോദരന്റെ പരാതിയില്‍ വട്ടപ്പാറ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.

ഉണ്ണിയും മാതാവും കൊവിഡ് പോസിറ്റീവായിരുന്നു. സമ്പര്‍ക്ക വിലക്കിനായതിനേത്തുടര്‍ന്നാണ് പരാതി ലഭിച്ചിട്ടും ഇരുവരേയും കസ്റ്റഡിയിലെടുക്കാതിരുന്നത്. കൊവിഡ് നെഗറ്റീവാകുകയും ക്വാറന്റീനിലാകുകയും ചെയ്തതിനേത്തുടര്‍ന്ന് പൊലീസെത്തി കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റുണ്ടാകുമെന്നാണ് വിവരം.

ഉണ്ണിയുടെ ശാരീരികവും മാനസികവുമായ പീഡനം പ്രിയങ്കയുടെ ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് സഹോദരന്‍ വിഷ്ണുവും കുടുംബവും പറയുന്നത്. മെയ് 12നാണ് തിരുവനന്തപുരം വെമ്പായത്തെ വീട്ടില്‍ പ്രിയങ്കയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭര്‍ത്താവ് ഉപദ്രവിക്കുകയാണെന്നും കൂട്ടിക്കൊണ്ടുപോകണമെന്നും കരഞ്ഞുപറഞ്ഞ് സഹോദരി തന്നെ വിളിച്ചിരുന്നതായി വിഷ്ണു പറയുന്നു. ഇതിനനുസരിച്ച് സഹോദരിയെ വീട്ടിലേക്ക് കൊണ്ടുവന്നു. പ്രിയങ്കയുടെ മുതുകില്‍ കടിച്ചുമുറിച്ചതിന്റേയും ഇടികൊണ്ടതിന്റേയും പാടുകളുണ്ടായിരുന്നു. കന്യാകുളങ്ങര ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പ്രിയങ്ക വട്ടപ്പാറ സ്റ്റേഷനില്‍ പരാതി നല്‍കി. വീട്ടിലെത്തിയ അന്ന് തന്നെയായിരുന്നു ഇതെന്നും സഹോദരന്‍ പറയുന്നു. പിറ്റേന്നാണ് പ്രിയങ്കയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രിയങ്കയുടെ ഫോണിലേക്ക് ആരോ വിളിച്ചിരുന്നെന്നും ഇതിന് ശേഷമായിരുന്നു ആത്മഹത്യ എന്നും വിവരങ്ങളുണ്ട്. പ്രിയങ്കയ്ക്ക് നേരെ ഭീഷണിയുണ്ടായിരുന്നെന്നാണ് ബന്ധുക്കളുടെ ആരോപണം. ആറ് മാസമായി ഉണ്ണിയില്‍ നിന്ന് മര്‍ദ്ദനം നേരിടുകയാണെന്ന് പ്രിയങ്ക ബന്ധുക്കളില്‍ ചിലരോട് പറഞ്ഞിരുന്നു. ഒന്നരവര്‍ഷം മുമ്പ് 2019 നവംബറിലായിരുന്ന ഇരുവരുടേയും വിവാഹം. തൊടുപുഴയിലെ സ്വകാര്യ സ്‌കൂളില്‍ നീന്തല്‍ അധ്യാപികയായിരുന്നു പ്രിയങ്ക.

വിവാഹസമയത്ത് 35 പവനും പണവും നല്‍കിയിരുന്നെന്ന് വിഷ്ണു പറയുന്നു. വിവാഹശേഷം കാക്കനാട്ടെ ഫ്‌ളാറ്റിലായിരുന്നു ഉണ്ണിയുടേയും പ്രിയങ്കയുടേയും താമസം. അതിനിടെ സ്ത്രീധനം കുറഞ്ഞുപോയെന്നും പണം വേണമെന്നും ആവശ്യപ്പെട്ട് ഉണ്ണി പ്രിയങ്കയെ മര്‍ദ്ദിക്കാന്‍ ആരംഭിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകളേത്തുടര്‍ന്ന് ഇരുവരും കറുകുറ്റിയിലെ വീട്ടിലേറ്റ് മാറി. വിവാഹസമയത്ത് നല്‍കിയ പണം ഇപ്പോള്‍ ഇല്ലെങ്കിലും ഇടയ്ക്കിടെ പണം കൊടുക്കാറുണ്ടായിരുന്നെന്ന് പ്രിയങ്കയുടെ കുടുംബം പറയുന്നു.