‘യുഡിഎഫിനെ ഐതിഹാസികമായ തിരിച്ചുവരവിലേക്ക് നയിക്കും, സര്‍ക്കാരിന്റെ നല്ല കാര്യങ്ങളെ പിന്തുണയ്ക്കും’; ഇതൊരു പുഷ്പകിരീടമല്ലെന്ന ബോധ്യമുണ്ടെന്ന് വിഡി സതീശന്‍

ജനങ്ങള്‍ ആഗ്രഹിക്കുന്ന പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട വിഡി സതീശന്‍. ഹൈക്കമാന്‍ഡ് പ്രഖ്യാപനത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷത്തെ നയിക്കാന്‍ പോകുന്നത് എങ്ങനെയെന്ന് സതീശന്‍ വ്യക്തമാക്കി. യുഡിഎഫിന്റേയും കോണ്‍ഗ്രസിന്റേയും ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഈ കാലഘട്ടത്തില്‍ വളരെ പ്രധാനപ്പെട്ട ചുമതല എന്നെ ഏല്‍പിച്ച എഐസിസി നേതൃത്വത്തോട് നന്ദി പറയുന്നു. എല്ലാ വെല്ലുവിളികളും എന്റെ മുന്നിലും സഹപ്രവര്‍ത്തകരുടെ മുന്നിലുമുണ്ടെന്ന തികഞ്ഞ ബോധ്യത്തോടുകൂടി, കേരളത്തിലെ കോണ്‍ഗ്രസിനേയും യുഡിഎഫിനേയും ഐതിഹാസികമായ തിരിച്ചുവരവിലേക്ക് നയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തോടെ ഞാന്‍ ഈ ചുമതല ഏറ്റെടുക്കുകയാണെന്ന് സതീശന്‍ പറഞ്ഞു.

ഇതൊരു പുഷ്പകിരീടമല്ല എന്ന ബോധ്യമെനിക്കുണ്ട്. വെല്ലുവിളികള്‍ നിറഞ്ഞ ഈ കാലഘട്ടത്തില്‍ തീര്‍ച്ചയായും ഈ സ്ഥാനത്തിന്റെ മഹത്വത്തെ നിലനിര്‍ത്തിക്കൊണ്ട് കേരളത്തിലെ ജനങ്ങളും യുഡിഎഫ് പ്രവര്‍ത്തകരും ആഗ്രഹിക്കുന്ന രീതിയില്‍ കോണ്‍ഗ്രസിനേയും യുഡിഎഫിനേയും തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

വി ഡി സതീശന്‍

അതിന് വേണ്ടിയുള്ള കഠിനാധ്വാനത്തിന്റെ നാളുകളായിരിക്കും ഇനിയുള്ളത്. എല്ലാ തലങ്ങളിലുമുള്ള നേതാക്കന്മാരെ കൂട്ടിയോജിപ്പിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകും. 1967ലേതിനോട് അടുത്തു നില്‍ക്കുന്ന ഒരു കനത്ത പരാജയത്തില്‍ നിന്ന് തിരിച്ചുകയറാനുള്ള ശ്രമമായിരിക്കും ഇനിയുള്ള ദിവസങ്ങളില്‍ നടക്കുക.പ്രതിപക്ഷമെന്ന നിലയില്‍ പരമ്പരാഗതമായ ചില സമീപനങ്ങള്‍ക്ക് മാറ്റങ്ങളുണ്ടാകണം. കാലം ആഗ്രഹിക്കുന്നതിന് അനുസരിച്ച് സമീപനങ്ങളിലും പ്രവര്‍ത്തനങ്ങളിലും മാറ്റമുണ്ടാകണം. പുതിയ ദിശാബോധമുണ്ടാകണം. കേരളത്തിന്റെ പൊതുസമൂഹം ആഗ്രഹിക്കുന്ന രീതിയില്‍ അതിന് മാറ്റമുണ്ടാക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു.

ജനങ്ങള്‍ മാന്‍ഡേറ്റ് നല്‍കി അധികാരത്തിലെത്തിയ ഒരു സര്‍ക്കാരിനോട് നമ്മള്‍ വെല്ലുവിളികള്‍ നടത്തുകയോ അവരെ ഭരിക്കാന്‍ അനുവദിക്കാതിരിക്കുകയോ ചെയ്യല്‍ അല്ല പ്രതിപക്ഷത്തിന്റെ ജോലി.

വി ഡി സതീശന്‍

ഇന്ന് ഈ മഹാമാരിയുടെ കാലത്ത് ഞങ്ങള്‍ സര്‍ക്കാരിനൊപ്പമുണ്ടാകും. ജനങ്ങള്‍ ആഗ്രഹിക്കുന്നത് എല്ലാ പാര്‍ട്ടികളും ജനപ്രതിനിധികളും ഒരുമിച്ച് നിന്നുകൊണ്ട് ഈ മഹാമാരിയെ നേരിടണമെന്നാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി കേരളത്തില്‍ നടപ്പിലാക്കുന്നതിന് വേണ്ടി യുഡിഎഫ് പരിശ്രമിക്കും. ഈ മഹാമാരിയില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ വേണ്ടി സര്‍ക്കാര്‍ നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും നിരുപാധികമായ പിന്തുണ നല്‍കും.

ലോക്ഡൗണില്‍ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാവപ്പെട്ട ജനങ്ങള്‍ പ്രയാസപ്പെടുന്നു. അപ്പോള്‍ രാഷ്ട്രീയസംഘര്‍ഷത്തിനല്ല പോകേണ്ടത് അവരെ ഏത് രീതിയില്‍ സഹായിക്കാന്‍ കഴിയുമെന്ന് സര്‍ക്കാരിനോടൊപ്പം നിന്ന് ആലോചിക്കും. ജനങ്ങള്‍ക്ക് പ്രതിസന്ധിയുണ്ടാകുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരമ്പരാഗതമായി തമ്മിലടിക്കുകയല്ല, അവര്‍ ഞങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുകയാണ് എന്ന വിശ്വാസം ജനിപ്പിക്കുന്ന നടപടിയാകും യുഡിഎഫില്‍ നിന്ന് ആദ്യമായുണ്ടാകുകയെന്ന് കേരളത്തിന് ഉറപ്പ് നല്‍കുന്നു.

ഈ സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളേയും ഞങ്ങള്‍ ആത്മാര്‍ത്ഥമായി പിന്തുണയ്ക്കും. അവര്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് ചൂണ്ടിക്കാണിക്കാന്‍ നിയമസഭയ്ക്ക് അകത്തും പുറത്തുമുള്ള പ്ലാറ്റ്‌ഫോമുകള്‍ ഞങ്ങള്‍ ഉപയോഗിക്കും. അത് പ്രതിപക്ഷത്തിന്റെ ധര്‍മ്മമാണ്. ഒരു പ്രതിപക്ഷം എങ്ങനെ പ്രവര്‍ത്തിക്കണമെന്ന ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് ഉയരും. ഏല്‍പിച്ചിരിക്കുന്ന കര്‍ത്തവ്യം ഭംഗിയായി നിര്‍വ്വഹിക്കാന്‍ പരിശ്രമിക്കുമെന്ന് ഉറപ്പു നല്‍കുകയാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.