സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരുമെന്ന് വ്യക്തമായ സൂചന നല്കി കോടിയേരി ബാലകൃഷ്ണന്. സെക്രട്ടറിയെന്ന ചുമതല തല്‍ക്കാലത്തേക്ക് മറ്റൊരു സഖാവിനെ ഏല്പിച്ച് കുറച്ച് മാസത്തേക്ക് ലീവ് വേണം എന്ന് ഞാന്‍ ആവശ്യപ്പെട്ടതനുസരിച്ചുണ്ടാക്കിയ ക്രമീകരണമാണ് ഇപ്പോഴത്തേതെന്ന് കോടിയേരി പറഞ്ഞു. ആ ചുമതല തിരികെ ഏല്പിക്കണമെന്ന് പാര്‍ട്ടി ആഗ്രഹിച്ചാല്‍ ഇപ്പോ ഏറ്റെടുത്തിരിക്കുന്ന ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനം അതിന് തടസമല്ല. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിമാരായിരുന്ന വിഎസും നായനാരും അതേ സമയത്ത് തന്നെ ദേശാഭിമാനി ചീഫ് എഡിറ്ററായി ഇരുന്നിട്ടുണ്ട്. ദേശാഭിമാനി പത്രം ഒരു ദിവസം ഇറക്കുമ്പോള്‍ ചീഫ് എഡിറ്ററുടെ പേരില്ലാതെ ഇറക്കാന്‍ കഴിയില്ല. സ്വാഭാവികമായി എനിക്ക് ആ ചുമതല നല്‍കിയെന്നേയുളളൂ. അതില്‍ പ്രത്യേകതയൊന്നുമില്ല. ഒരു ഫുള്‍ടൈം തസ്തിക ആയി കണ്ടല്ല ചീഫ് എഡിറ്റര്‍ ചുമതല ഏല്പിച്ചതെന്നും കോടിയേരി വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് പിബി അംഗത്തിന്റെ പ്രതികരണം. സെക്രട്ടറിയായി ചുമതലയേല്‍ക്കാന്‍ സമയമായില്ലേ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ.
അതില്‍ ഞാനൊരു നിലപാട് എടുത്ത് നില്‍ക്കുന്നത് എന്താണെന്നാല്‍ ഈ കൊവിഡ് കാലത്തിന്റെ ചെറിയൊരു അസൗകര്യം എനിക്കുണ്ട്.
കോടിയേരി ബാലകൃഷ്ണന്
അതുകൊണ്ടാണ് മറ്റ് സ്ഥലങ്ങളില്‍ പരിപാടിക്കൊന്നും പോകാത്തതും തിരുവനന്തപുരത്ത് തന്നെ കേന്ദ്രീകരിച്ച് നില്ക്കുന്നതും. ദേശാഭിമാനിയുടെ ചുമതല അവിടെ നിന്ന് നിര്‍വ്വഹിക്കാവുന്നതാണ്. കൊവിഡിന്റെ ഭയം എല്ലാവരേയും ബാധിച്ചിട്ടുണ്ട്. ഇപ്പോഴും ഒരു ചികിത്സ തുടരുന്നുണ്ട്. അതിനിടയില്‍ ഡോക്ടര്‍മാരുടെ ഉപദേശം കൂടി കണക്കിലെടുത്ത് ചുമതല ഏറ്റെടുക്കാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. സമയമാകുമ്പോള്‍ പാര്‍ട്ടി അത് തീരുമാനിക്കും.
പുതുമുഖങ്ങളെ ചുതമല ഏല്പിക്കാന് സിപിഐഎം എടുത്ത തീരുമാനം എല്ലാ പാര്‍ട്ടികളിലും ചലനമുണ്ടാക്കി. കോണ്‍ഗ്രസിലെ മാറ്റം ഇതിന് ഉദാഹരണമാണ്. പ്രതിപക്ഷ നേതാവായി ആരു വന്നാലും ഞങ്ങള്‍ക്ക് കുഴപ്പമില്ല. പ്രതിപക്ഷത്തെ എഴുതിത്തള്ളുന്ന നയമല്ല എല്‍ഡിഎഫിന്. ക്രിയാത്മകമായ പ്രതിപക്ഷമാകാന്‍ കോണ്‍ഗ്രസ് ശ്രമിക്കണം. കഴിഞ്ഞ അഞ്ച് വര്‍ഷം അങ്ങനെയായിരുന്നില്ല. വി ഡി സതീശന് മാന്യമായ നിലപാട് സ്വീകരിക്കുന്ന നിയമസഭാ സാമാജികനാണ്. പക്ഷെ, വര്‍ഗീയതക്കെതിരെ ശക്തമായ നിലപാട് എടുക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസിന് സാധിക്കില്ല. അത് സാധിക്കണമെങ്കില്‍ ഇന്നത്തെ യുഡിഎഫ് പിരിച്ചുവിടണം. ജമാ അത്തെ ഇസ്ലാമി കൂടെ നിര്‍ത്തി എങ്ങനെയാണ് വര്‍ഗീയ വിരുദ്ധ സമരം നടത്താന്‍ പറ്റുക? ജമാ അത്തെ ഇസ്ലാമി ലീഗിനെ നയിക്കുന്ന അവസ്ഥ വന്നു. ഈ നിലപാട് യുഡിഎഫ് പരിശോധിക്കാതെ വര്‍ഗീയതക്കെതിരായ പോരാട്ടം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ല.
കെ കെ ശൈലജയെ മാറ്റിയത് പാര്‍ട്ടി തീരുമാനമാണ്. മന്ത്രിമാരെ തീരുമാനിക്കുന്നത് ഭൂരിപക്ഷം നോക്കിയല്ല. പാര്‍ട്ടിക്ക് ശൈലജ ടീച്ചറില്‍ പൂര്‍ണ വിശ്വാസമാണ്. സുരക്ഷിത മണ്ഡലം നല്‍കിയത് പാര്‍ട്ടിക്ക് ടീച്ചറോടുള്ള കരുതല്‍ കാരണമാണ്. ജനങ്ങള്‍ക്കിടയില്‍ നിന്ന് ടീച്ചര്‍ക്ക് അനുകൂലമായ പ്രതികരണം വന്നത് സ്വാഭാവികമാണ്. ഏറ്റവും നന്നായി വകുപ്പ് കൈകാര്യം ചെയ്ത അഞ്ച് മന്ത്രിമാരെ മാറ്റി നിര്‍ത്തി. എല്ലാവരും ജനങ്ങള്‍ക്കിടയിലും പാര്‍ട്ടിയിലും വലിയ മതിപ്പുണ്ടാക്കിയവരാണ്.
സംസ്ഥാന സെക്രട്ടേറിയറ്റിലെ നിലവിലെ മന്ത്രിമാരെയാണ് മാറ്റി നിര്‍ത്തിയത്. ശൈലജ ടീച്ചറെ മാറ്റി നിര്‍ത്തിയത് ആ തീരുമാനത്തിന്റെ ഭാഗമാണ്.
കോടിയേരി ബാലകൃഷ്ണന്
പുതിയ ടീം എന്ന നിര്‍ദ്ദേശം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വെച്ചത് ഞാനാണ്. ഭൂരിപക്ഷം പേരും നിര്‍ദ്ദേശം അംഗീകിച്ചു. എതിരഭിപ്രായവും ഉയര്‍ന്നു. സെക്രട്ടേറിയറ്റില്‍ എത്ര പേര് എതിര്‍ത്തെന്ന് പറയാനാകില്ല. അത് പാര്‍ട്ടി രഹസ്യമാണ്. എല്‍ഡിഎഫ് സ്ത്രീ പ്രാതിനിധ്യം കൂട്ടും. തദ്ദേശ സ്ഥാപനങ്ങളില്‍ നല്ല ചുറുചുറുക്കുള്ള സ്ത്രീകള്‍ വന്നു. അവസരം കൊടുത്താല്‍ സ്ത്രീകള്‍ നന്നാകും. അടുത്ത നിയമസഭയില്‍ സ്ത്രീ പ്രാതിനിധ്യം ഇന്നത്തേക്കാള്‍ വര്‍ധിക്കും. മന്ത്രിസഭയിലും അതുണ്ടാകും. ലിംഗപരമായ വിവേചനമില്ല.
ആര്‍ക്കും ബന്ധു പരിഗണന നല്‍കിയിട്ടില്ല. ആര് ബിന്ദു വിദ്യാര്‍ത്ഥി ജീവിതകാലം മുതലേ ശക്തയായ നേതാവാണ്. എ വിജയരാഘവന്റെ ബന്ധു എന്നതല്ല അവരുടെ പ്രാധാന്യം. പരിഗണന അതല്ല എന്ന് പാര്‍ട്ടിയേക്കുറിച്ച് അറിയാവുന്നവര്‍ക്ക് അറിയാം. ജനാധിപത്യ മഹിളാ അസോസിയേഷന് കേന്ദ്ര കമ്മിറ്റിയംഗമാണ് ബിന്ദു. തൃശൂര്‍ മേയറായിരുന്നു. ദേശീയതലത്തിലെ കേഡര്‍ എന്ന പരിഗണനയാണ് ബിന്ദുവിന് നല്‍കിയത്.
പുതിയ മന്ത്രിമാരേക്കുറിച്ച് അവെയ്ലബിള് പിബി ചര്‍ച്ച ചെയ്തില്ല. എല്‍ഡിഎഫ് ചേര്‍ന്ന ശേഷം മന്ത്രിമാരെ ചര്‍ച്ച ചെയ്യാനായിരുന്നു തീരുമാനം. മന്ത്രിമാരുടെ എണ്ണം അറിഞ്ഞതിന് ശേഷം മാത്രമായിരുന്നു ചര്‍ച്ച.
ആര്‍എസ്പിയെ മുന്നണിയില്‍ എത്തിക്കാന്‍ മുന്‍പ് ചര്‍ച്ച നടത്തിയിരുന്നു. ആര്‍എസ്പി അന്ന് നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. ദേശീയ തലത്തില്‍ ആര്‍എസ്പി ഇടതുപക്ഷത്തിനൊപ്പമാണ്. കേരളത്തില്‍ എന്തു ചെയ്യണമെന്ന് ആര്‍എസ്പി തീരുമാനിക്കട്ടെയെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.