‘ശത്രുതയില്ല’; തരൂരിന് അര്‍ഹമായ സ്ഥാനം നല്‍കാന്‍ ആവശ്യപ്പെടുമെന്ന് കെ. സുധാകരന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സമാപനത്തോടെ തരൂരിനോടുള്ള നിലപാട് മയപ്പെടുത്തി കേരള നേതൃത്വം. തെരഞ്ഞെടുപ്പ് മത്സരത്തില്‍ തരൂര്‍ മാന്യത പുലര്‍ത്തിയെന്നും അദ്ദേഹത്തോട് ശത്രുത ഇല്ലെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ പ്രതികരിച്ചു. തരൂരിനെ ഉള്‍ക്കൊണ്ടു കൊണ്ട് തന്നെ കോണ്‍ഗ്രസ് പാര്‍ട്ടി മുന്നോട്ടുപോകും. പാര്‍ട്ടി അദ്ദേഹത്തിന് അര്‍ഹമായ സ്ഥാനം നല്‍കുമെന്നാണ് തന്റെ വിശ്വാസമെന്നും അതിനായി നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ മികവാണ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിലൂടെ തെളിഞ്ഞിരിക്കുന്നത്. മറ്റുള്ളവര്‍ അതുകണ്ട് ഞെട്ടലിലാണ്. തെരഞ്ഞെടുപ്പാകുമ്പോള്‍ ഒരാള്‍ ജയിക്കും ഒരാള്‍ തോല്‍ക്കും. അത് സ്വാഭാവികമാണ്. ഞങ്ങള്‍ക്ക് ഖാര്‍ഗെയുടെ ജയത്തില്‍ സന്തോഷമോ, തരൂരിന്റെ പരാജയത്തില്‍ ദുഃഖമോ ഇല്ല. വര്‍ഷങ്ങള്‍ക്ക് ശേഷം, ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് സാധ്യമായതിലാണ് സന്തോഷം.

കെ. സുധാകരന്‍

തരൂരിന് അര്‍ഹമായ സ്ഥാനം നല്‍കണമെന്ന് കോണ്‍ഗ്രസ് യുവനേതാവ് കെ.എസ്. ശബരീനാഥനും ആവശ്യപ്പെട്ടു. സാധാരണ കോണ്‍ഗ്രസുകാരുടെ ആവശ്യമാണ് അതെന്നും, നേതൃത്വം ആ ആവശ്യം തള്ളില്ലെന്നാണ് വിശ്വാസമെന്നും ശബരീനാഥന്‍ പറഞ്ഞു. അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് അഭിനന്ദനമറിയിച്ചുകൊണ്ടായിരുന്നു പ്രതികരണം.

ശശി തരൂരിന് ലഭിച്ച 1072 വോട്ട് ഒട്ടും ചെറുതല്ല. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്തുകൊണ്ട്, പാർട്ടിക്കുള്ളിൽ പുതിയ ആശയങ്ങൾ നിരന്തരം ഉന്നയിച്ചുകൊണ്ട് സധൈര്യം അദ്ദേഹം മുന്നോട്ടുപോയി എന്നു മാത്രമല്ല, അദ്ദേഹത്തിന്റെ ആശയങ്ങൾ സാധാരണ കോൺഗ്രസ്‌ പ്രവർത്തകരെയും കോൺഗ്രസ് അനുകൂലികളെയും ഉത്തേജിപ്പിക്കുകയും ചെയ്തു. അതിനാൽ ഈ വോട്ടിന് അതിന്റെ പതിന്മടങ്ങ് മൂല്യമുണ്ട്.

കോൺഗ്രസ് ഒരു വലിയ ആൽമരമാണ്. ഈ ആൽമരച്ചുവട്ടിൽ എല്ലാവർക്കും സ്ഥാനമുണ്ട്. ഭാവി കോൺഗ്രസ്‌ രാഷ്ട്രീയത്തിൽ ശശി തരൂരിന് ഈ ആൽമരചുവട്ടിൽ പ്രധാനപ്പെട്ട ഒരു ഇടം ഉണ്ടാകണമെന്ന സാധാരണ കോൺഗ്രസുകാരന്റെ ആവശ്യം നേതൃത്വം തള്ളുകയില്ല എന്ന് വിശ്വസിക്കുന്നു.

കെ.എസ്. ശബരീനാഥന്‍

അതേസമയം, തരൂരിനെതിരായ പ്രതികരണവുമായി കൊടിക്കുന്നില്‍ സുരേഷ് എംപിയും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും രംഗത്തെത്തി. ഒരു സംസ്ഥാനത്തും തരൂരിന് വ്യക്തമായ മേല്‍ക്കൈ കൈവരിക്കാനായില്ല എന്നായിരുന്നു ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ കൊടിക്കുന്നില്‍ നടത്തിയ പ്രതികരണം. കേരളത്തില്‍ നിന്ന് 130 ഓളം വോട്ട് ലഭിച്ചെന്ന തരൂര്‍ ക്യാമ്പിന്റെ അവകാശവാദം തള്ളിക്കൊണ്ടായിരുന്നു പരാമര്‍ശം.

100 വോട്ട് എണ്ണുമ്പോള്‍ നാലോ അഞ്ചോ വോട്ടാണ് തരൂരിന് കിട്ടിയത്. ഒന്‍പതിനായിരത്തില്‍ കൂടുതല്‍ വോട്ടുള്ള തെരഞ്ഞെടുപ്പില്‍ 1000 വോട്ട് കിട്ടുന്നത് വല്യ കാര്യമല്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. അസാധുവായ 416 വോട്ടുകളും ഖാർഗെയ്ക്ക് ലഭിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

വോട്ടെടുപ്പിന് മുന്‍പ് തന്നെ ഖാര്‍ഗെയുടെ കൗണ്ടിംഗ് ഏജന്റുകൂടിയായ കൊടിക്കുന്നില്‍ സുരേഷ് എംപി തരൂരിനെതിരായ പ്രതികരിച്ചിരുന്നു. പോളിംഗിലും ബാലറ്റുപേപ്പറുകള്‍ സൂക്ഷിക്കുന്നതിലും പിഴവു സംഭവിച്ചെന്ന തരൂരിന്റെ ആരോപണം പരാജയത്തിന് മുന്‍പുള്ള മുന്‍കൂര്‍ ജാമ്യമാണെന്നായിരുന്നു ആ ഘട്ടത്തില്‍ എംപിയുടെ പരിഹാസം.

തെലങ്കാനയില്‍ വോട്ടര്‍ പട്ടികയക്ക് പുറത്തുള്ളവര്‍ വോട്ടുചെയ്‌തെന്ന തരൂരിന്റെ ആരോപണത്തിലായിരുന്നു രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ പ്രതികരണം. താന്‍ വരണാധികാരിയായ തെലങ്കാന പിസിസിയിലെ വോട്ടെടുപ്പില്‍ എന്തെങ്കിലും കൃത്രിമം നടന്നതായി തരൂര്‍ തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്നും മറിച്ചാണെങ്കില്‍ തരൂര്‍ മാപ്പ് പറയാന്‍ തയ്യാറാവണമെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ മാധ്യമങ്ങളിലൂടെ വെല്ലുവിളിച്ചു.