അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതി മൂലം ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം സാധ്യമാകുന്നില്ലെന്ന പരാതിയുയര്ന്നിരിക്കെ വിഷയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഡിജിറ്റല്‍ പഠനം തുടരേണ്ടി വരുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കൊവിഡിന്റെ ഒന്നാം തരംഗം വന്നപ്പോള്‍ രണ്ടാം തരംഗത്തേക്കുറിച്ച് ആലോചിച്ചിരുന്നില്ല. ഇപ്പോള്‍ മൂന്നാം തരംഗത്തേക്കുറിച്ച് പറയുന്നു. കൊവിഡ് കുറച്ചുകാലം നമ്മുടെ ഇടയില്‍ ഉണ്ടാകുമെന്നാണ് അത് സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ പഠനം അത്രവേഗം അവസാനിപ്പിക്കാന്‍ കഴിയുമെന്ന് പറയാനാകില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന്റെ ഭാവിയ്ക്ക് വേണ്ടി വളര്‍ന്നുവരുന്ന കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ അടിത്തറ ഉറപ്പിക്കല്‍ വളരെ പ്രധാനമാണ്. ഇക്കാര്യത്തില്‍ ഒരു ഡിജിറ്റല്‍ ഡിവൈഡ് ഉണ്ടാകാന്‍ പാടില്ല. അതിന് ആവശ്യമായ കരുതല്‍ നമ്മുടെ ഭാഗത്ത് നിന്നുണ്ടാകണം.
മുഖ്യമന്ത്രി
ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ മാത്രമല്ല, ഏതെല്ലാം തരത്തില്‍ വിവിധ സ്രോതസ്സുകളെ സമാഹരിക്കാന്‍ പറ്റുമോ, ആ സ്രോതസ്സുകളെയെല്ലാം ഒന്നിച്ചു നിര്‍ത്തിക്കൊണ്ട്, ഈ ഉദ്യമം നല്ല രീതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള പ്രശ്നം പല തരത്തിലാണ്. ഒന്ന് നമ്മുടെ സംസ്ഥാനത്തെ കുട്ടികളില്‍ ഒരു വിഭാഗം ടിവി, കംപ്യൂട്ടര്‍, ലാപ്ടോപ്പ്, ഫോണ്‍ എന്നീ ഉപകരണങ്ങള്‍ വാങ്ങാന്‍ ശേഷിയില്ലാത്തവരാണ്. പാഠപുസ്തകം പോലെ അത്യാവശ്യമാണ് ഇവയും. ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ സാധ്യമായതെല്ലാം ചെയ്യും. സംസ്ഥാനത്തെ പലയിടങ്ങളിലും കണക്ടിവിറ്റിയുടെ പ്രശ്നമുണ്ട്. ഇത് പരിഹരിക്കാന്‍ എല്ലാ ഇന്റര്‍നെറ്റ് സേവനദാതാക്കളുടേയും യോഗം വിളിച്ചിട്ടുണ്ട്. കെഎസ്ഇബി, കേബിള്‍ നെറ്റ് വര്‍ക്ക് എന്നിവരുടെ സഹകരണത്തോടെ കണക്ടീവിറ്റി ഉറപ്പാക്കാന്‍ കഴിയുമെന്നും മുഖ്യന്ത്രി കൂട്ടിച്ചേര്‍ത്തു.