‘ഫയലുകള്‍ മരിച്ച രേഖകളാകരുത്, തുടിക്കുന്ന ജീവിതമാകണം’; വില്ലേജ് ഓഫീസര്‍മാരോട് മുഖ്യമന്ത്രി

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ജീവനക്കാരെ അഭിസംബോധന ചെയ്തപ്പോള്‍ ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പറഞ്ഞത് ഇന്നും പ്രസക്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെങ്കിലും ഉദ്യോഗസ്ഥ തലങ്ങളില്‍ ദുഷ്പ്രവണത ശേഷിക്കുന്നുണ്ടെങ്കില്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശക്തമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. വില്ലേജ് ഓഫീസര്‍മാരുമായി നടത്തിയ ഓണ്‍ലൈന്‍ കൂടിക്കാഴ്ച്ചയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഫയലുകള്‍ മരിച്ച രേഖകളാകരുത്. തുടിക്കുന്ന ജീവിതമാകണം. ഫയലുകള്‍ തീര്‍പ്പാകാതെ സൂക്ഷിക്കുന്നത് അഴിമതിക്കുള്ള അരങ്ങൊരുക്കലാണ്.

മുഖ്യമന്ത്രി

പരിമിതമായ സൗകര്യത്തില്‍ മാതൃകാപരമായ സേവനം നടത്തുന്നവരാണ് റവന്യൂ ജീവനക്കാര്‍. പക്ഷെ, ചിലര്‍ ആ തരത്തിലേക്ക് ഉയരുന്നില്ല. അന്യായമായി പണം വസൂലാക്കുന്നത് മാത്രമല്ല, ഒരേ സേവനത്തിനായി ജനങ്ങളെ പലതവണ ഓഫീസിലേക്ക് എത്തിക്കുന്നതും അപേക്ഷകളില്‍ സമയബന്ധിതമായി തീര്‍പ്പുണ്ടാകാത്തതും ഓണ്‍ലൈന്‍ അപേക്ഷകളില്‍ മതിയായ കാരണങ്ങളില്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതുമെല്ലാം അഴിമതിയുടെ ഗണത്തില്‍ വരും. സര്‍ക്കാര്‍ ഓഫീസില്‍ പോകുന്നവര്‍ അവിടുത്തെ പ്രവര്‍ത്തനങ്ങളിലൂടെ സര്‍ക്കാരിനെയാണ് വിലയിരുത്തുക. ഓഫീസില്‍ നിഷേധാത്മക സമീപനം സ്വീകരിക്കുമ്പോള്‍ അവിടെ ചെല്ലുന്നവര്‍ സര്‍ക്കാരിന് എതിരാകും. അപേക്ഷ ലഭിച്ചാല്‍ മെറിറ്റ് അനുസരിച്ചാണ് തീരുമാനമെടുക്കേണ്ടതെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

പൊതുജനങ്ങളെ സേവിക്കുന്നവരാണ് തങ്ങളെന്ന ബോധ്യത്തോടുകൂടി വേണം ഓരോ ഉദ്യോഗസ്ഥനും പെരുമാറാന്‍. ഓഫീസില്‍ വരുന്നവരോട് താന്‍ പെരുമാറുന്നത് സമൂഹവും സര്‍ക്കാറും ആഗ്രഹിക്കുന്ന തരത്തിലാണോയെന്ന് ആത്മപരിശോധന നടത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സിവില്‍ സര്‍വ്വീസ് രംഗത്ത് അഴിമതി പൂര്‍ണമായി തുടച്ചുനീക്കിയെന്നൊന്നും അവകാശപ്പെടുന്നില്ല. എന്നാല്‍ അതിന്റെ തോത് കുറയ്ക്കാനായി എന്നത് ആരും സമ്മതിക്കുന്ന കാര്യമാണ്.

മുഖ്യമന്ത്രി