കേരളത്തിന് മൂന്ന് ദിവസത്തിനകം 1.84 ലക്ഷം വാക്‌സിന്‍; സംസ്ഥാനങ്ങള്‍ക്കാകെ 53.25 ലക്ഷം ഡോസ് നല്‍കുമെന്ന് കേന്ദ്രം

കേരളത്തിന് വരുന്ന മൂന്ന് ദിവസത്തിനുള്ളില്‍ 1,84,070 ഡോസ് കൊവിഡ് വാക്‌സിന്‍ കൂടി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ന് രാവിലെ എട്ട് മണി വരെയുള്ള കണക്ക് പ്രകാരം 43,852 ഡോസ് വാക്‌സിന്‍ കേരള സര്‍ക്കാരിന്റെ പക്കലുണ്ടെന്നും മന്ത്രാലയം അറിയിച്ചു. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമായി 53.25 ലക്ഷം ഡോസ് കൂടി നല്‍കും. ഇതുവരെ 17.49 കോടി ഡോസ് വാക്‌സിനാണ് കേന്ദ്രം എല്ലാവര്‍ക്കുമായി നല്‍കിയിട്ടുളളത്.

ശനിയാഴ്ച്ച രാജ്യത്ത് 4,187 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാല് ലക്ഷത്തിലധികം പേര്‍ക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയിലും മഹാരാഷ്ട്രയിലും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 41971 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍ 3090, കൊല്ലം 2838, ആലപ്പുഴ 2433, കോട്ടയം 2395, കാസര്‍ഗോഡ് 1749, വയനാട് 1196, പത്തനംതിട്ട 1180, ഇടുക്കി 1053 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,48,546 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 64 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5746 ആയി.