‘പൃഥ്വിരാജിനും ആഷിഖ് അബുവിനും മാറി നില്‍ക്കേണ്ടതായി വന്നു’; വാരിയംകുന്നനുമായി മുന്നോട്ടെന്ന് കോമ്പസ് മൂവീസ്

‘വാരിയംകുന്നന്‍’ സിനിമയുമായി മുന്നോട്ടുപോകുമെന്ന് കോമ്പസ് മൂവീസ്. ചില ദൗര്‍ഭാഗ്യകരമായ സാഹചര്യങ്ങളാലാണ് പ്രഖ്യാപിക്കപ്പെട്ട പ്രൊജക്ടില്‍ നിന്ന് ആഷിഖ് അബുവിനും പൃഥ്വിരാജ് സുകുമാരനും മാറി നില്‍ക്കേണ്ടി വന്നതെന്ന് കോമ്പസ് മൂവീസ് എംഡി സിക്കന്തര്‍ പറഞ്ഞു. അതുമായി ബന്ധപ്പെട്ട വാര്‍ത്തകളും ഊഹാപോഹങ്ങളും മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ സിനിമയുടെ ഭാവിയെ സംബന്ധിച്ച ആശങ്കകളെ ദുരീകരിക്കാനാണ് ഇപ്പോഴത്തെ പ്രതികരണമെന്നും സിക്കന്തര്‍ വ്യക്തമാക്കി.

കോമ്പസ് മൂവീസ് വാരിയംകുന്നന്‍ എന്ന സിനിമ അതിന്റെ ഏറ്റവും മികച്ച കലാമികവോടെ തന്നെ ആഗോള സിനിമാലോകത്തേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനത്തിലാണ്.

സിക്കന്തര്‍

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും മലബാര്‍ വിപ്ലവത്തിന്റേയും ബൃഹത്തായ ചരിത്രം നീതിയുക്തമായും അതര്‍ഹിക്കുന്ന സൗന്ദര്യത്തോടേയും അവതരിപ്പിക്കുന്നതിനായി ഈ സിനിമ രണ്ട് ഭാഗങ്ങളായി പുറത്തിറക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ആ ദിശയില്‍ വിപുലമായ പിന്നണിപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സിനിമയുടെ അണിയറ പ്രവര്‍ത്തകരേപ്പറ്റിയും നടീനടന്മാരേക്കുറിച്ചുമുള്ള പരിഷ്‌കരിച്ച വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും കോമ്പസ് മൂവീസ് എംഡി വാര്‍ത്താക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

തിരക്കഥാകൃത്തും സംവിധായകനുമായ ഹര്‍ഷദ് ‘വാരിയംകുന്നന്‍’ എന്ന ഹാഷ്ടാഗോടെ പ്രസ് റിലീസ് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. 2020 ജൂണ്‍ 22ന് വാരിയംകുന്നന്‍ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ച പ്രൊഡക്ഷന്‍ ടീമില്‍ ഉണ്ടായിരുന്നയാളാണ് ഹര്‍ഷദ്. തിരക്കഥയെഴുതുന്നത് റമീസ്, ഹര്‍ഷദ് എന്നിവര്‍ ചേര്‍ന്നാണെന്നായിരുന്നു ആദ്യ അപ്‌ഡേറ്റ്. ചില മുന്‍കാല സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ വിമര്‍ശനങ്ങളേറ്റുവാങ്ങി വിവാദമായതോടെ റമീസിന് പ്രൊജക്ടില്‍ നിന്നും ഒഴിവാകേണ്ടി വന്നു. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികമായ 1921ല്‍ വാരിയംകുന്നന്‍ ചിത്രീകരണം ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് അണിയറ പ്രവര്‍ത്തകരില്‍ നിന്ന് വിവരങ്ങളൊന്നും പുറത്തുവന്നില്ല. ഇതിനിടെയാണ് സംവിധായകന്‍ ആഷിഖ് അബുവും ടൈറ്റില്‍കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്ന പൃഥ്വിരാജും പിന്മാറി എന്ന ഔദ്യോഗിക സ്ഥിരീകരണം കഴിഞ്ഞ ദിവസമെത്തുന്നത്. നിര്‍മ്മാതാവുമായുള്ള തര്‍ക്കമാണ് പിന്മാറ്റത്തിന് കാരണമെന്ന് ആഷിഖ് അബു വ്യക്തമാക്കി. ഒപിഎം സിനിമാസിന്റെ ബാനറിലുണ്ടായിരുന്ന നിര്‍മ്മാണ പങ്കാളിത്തത്തില്‍ നിന്നുകൂടി ആഷിഖ് അബു പിന്‍വാങ്ങി. പിന്മാറ്റം വാര്‍ത്തയായതോടെ ആഷിഖ് ആബുവിനും പൃഥ്വിരാജിനുമെതിരെ വിമര്‍ശനവും പരിഹാസവുമായി യുഡിഎഫ് നേതാക്കളും അനുകൂലികളും രംഗത്തെത്തി.

മലബാര്‍ കലാപം പ്രമേയമാക്കി നാല് ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ‘ഷഹീദ് വാരിയംകുന്നന്‍’, നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ദ ഗ്രേറ്റ് വാരിയംകുന്നന്‍’, അലി അക്ബര്‍ ക്രൗഡ് ഫണ്ടിങ്ങിലൂടെ ഒരുക്കുന്ന ‘1921 പുഴ മുതല്‍ പുഴ വരെ’ എന്നിവയാണ് മറ്റ് മൂന്ന് ചിത്രങ്ങള്‍. 15 കോടി രൂപ നിര്‍മ്മാണച്ചെലവ് ഏറ്റെടുത്ത് ആരെങ്കിലും മുന്നോട്ടുവന്നാല്‍ ബാബു ആന്റണിയെ വാരിയംകുന്നനാക്കി ആക്ഷന്‍ പാക്ക്ഡ് ചിത്രം ചെയ്യാമെന്ന് അറിയിച്ച് സംവിധായകന്‍ ഒമര്‍ ലുലുവും രംഗത്തുണ്ട്.