‘സെറ്റുകളില്‍ ലഹരിമാഫിയയുടെ സാന്നിധ്യം’; ഷൂട്ടിങ്ങിനിടെ ഗുണ്ടകളെ വെച്ച് പൊതുജനത്തെ കയ്യേറ്റം ചെയ്യുന്നെന്ന് യൂത്ത് കോണ്‍ഗ്രസ്

കൊച്ചി: റോഡ് ഗതാഗതം തടസപ്പെടുത്തിയുള്ള സിനിമാ ചിത്രീകരണം തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ്. പൊതുജനമധ്യത്തില്‍ നിന്ന് ഒത്തിരിയേറെ പരാതികള്‍ തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി പറഞ്ഞു. ഒരു ഷൂട്ടിങ്ങ് ആരംഭിക്കുമ്പോള്‍ ഗതാഗതം തടസപ്പെടുത്തി, അവര്‍ ഷൂട്ട് ചെയ്യാനെടുക്കുന്ന കാലതാമസവും സമയവും പ്രദേശവാസികള്‍ക്ക് ഒത്തിരിയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈയൊരു സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് ഇങ്ങനെയൊരു തീരുമാനത്തിലെത്തുന്നതെന്നും ടിറ്റോ പ്രതികരിച്ചു.

ഷൂട്ടിങ്ങിനിടെ ബൗണ്‍സര്‍മാരേയും ഗുണ്ടകളേയും ഉപയോഗിച്ച് പൊതുജനങ്ങളെ തള്ളിമാറ്റുന്ന സാഹചര്യം പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഇതിനേക്കുറിച്ചും പരാതികള്‍ ലഭിച്ചിട്ടുണ്ട്.

ടിറ്റോ ആന്റണി

ഷൂട്ടിങ്ങ് സെറ്റുകളില്‍ ലഹരിമാഫിയയുടെ സാന്നിധ്യം വളരെ കൂടുതലാണെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. പൊലീസിന്റെ ഭാഗത്ത് നിന്ന് അന്വേഷണമുണ്ടാകണമെന്നും ടിറ്റോ ആന്റണി ആവശ്യപ്പെട്ടു.

ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ വൈറ്റിലയില്‍ കോണ്‍ഗ്രസ് നടത്തിയ ഉപരോധത്തിനെതിരെ നടന്‍ ജോജു ജോര്‍ജ് രംഗത്ത് വന്നതിനേത്തുടര്‍ന്നുണ്ടായ വിവാദം കൂടുതല്‍ ഭിന്നതകളിലേക്ക് നീങ്ങുകയാണ്. വാഹനത്തിന്റെ ചില്ലു തകര്‍ത്ത കേസില്‍ കോണ്‍ഗ്രസുമായി നടന്‍ ഒത്തുതീര്‍പ്പിന് തയ്യാറായില്ല. കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണിയടക്കമുള്ള നേതാക്കള്‍ കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലാണ്. കീഴടങ്ങലിനായി പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനവുമായാണ് കോണ്‍ഗ്രസ് എത്തിയത്. പ്രവര്‍ത്തകര്‍ ജോജുവിനെതിരെ മുദ്രാവാക്യം വിളിക്കുകയും നടന്റെ കോലം കത്തിക്കുകയും ചെയ്തു. ടോണി ചമ്മണിക്ക് പുറമേ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ്, ജെര്‍ജസ്, വൈറ്റില ബൂത്ത് പ്രസിഡന്റ് ജോസ് മാളിയേക്കല്‍ എന്നിവരാണ് ഇന്നലെ കീഴടങ്ങിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പി ജി ജോസഫും ഷരീഫ് വാഴക്കാലയും മുന്‍പ് അറസ്റ്റിലായിരുന്നു.

കോട്ടയം പൊന്‍കുന്നത്ത് ഷാജി കൈലാസ്-പൃഥ്വിരാജ് ചിത്രം ‘കടുവ’യുടെ സെറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയതും വിവാദമായി. ഇതിന് പിന്നാലെ സിനിമാ സെറ്റുകള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ രംഗത്തെത്തി. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് കത്തയച്ചു. ജോജുവുമായുള്ള അഭിപ്രായ ഭിന്നതയുടെ പേരില്‍ സിനിമാ മേഖലയുടെ പ്രവര്‍ത്തനം തടസപ്പെടാതിരിക്കാന്‍ വേണ്ടത് ചെയ്യണമെന്നാണ് ഫെഫ്കയുടെ അഭ്യര്‍ത്ഥന.

Also Read: ‘ജോജു ഇടപെട്ടതിന്റെ രാഷ്ട്രീയ ശരി ഒരു തര്‍ക്കവിഷയം തന്നെ’; സിനിമാ മേഖലയോടുള്ള വിദ്വേഷമായി അത് മാറരുതെന്ന് സതീശനോട് ഫെഫ്ക