രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രത്യേക ക്ഷണം ലഭിച്ച ബീഡി തൊഴിലാളി ജനാര്ദ്ദനന്. കൊവിഡ് കാരണം യാത്ര ചെയ്യാനില്ലെന്ന് ഇന്നലെ പറഞ്ഞ കണ്ണൂര്‍ സ്വദേശി ഇന്ന് തീരുമാനം മാറ്റുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക പരിഗണനയാണ് തനിക്ക് തന്നതെന്ന് ജനാര്ദ്ദനന് പറഞ്ഞു. പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ നിന്ന് വിളിച്ച് പോകാന്‍ തയ്യാറായാല്‍ മാത്രം മതി, തിരുവനന്തപുരത്ത് എത്തിക്കാന്‍ എല്ലാ സൗകര്യവും ചെയ്യാമെന്ന് പറഞ്ഞു. എനിക്ക് വിഷമമുണ്ടെങ്കില്‍ നിര്‍ബന്ധിക്കേണ്ട, കണ്ണൂരില്‍ വരുമ്പോള്‍ എന്നെ കാണാന്‍ വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞെന്നാണ് അറിഞ്ഞതെന്നും ജനാര്ദ്ദനന് പ്രതികരിച്ചു.
അത് ഞാന്‍ വലിയ ആളും മുഖ്യമന്ത്രി ചെറുതായിപ്പോകുന്ന അവസ്ഥയുമാകുമോ എന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ഞാന്‍ അങ്ങോട്ടുപോകാന്‍ തീരുമാനിച്ചത്.
ജനാര്ദ്ദനന്
സംസ്ഥാന സര്‍ക്കാരിന്റെ വാക്സിന് ചലഞ്ചിലേക്ക് രണ്ട് ലക്ഷം രൂപ ജനാര്ദ്ദനന് സംഭാവന ചെയ്തത് വാര്‍ത്തയായിരുന്നു. ബാങ്കില്‍ നിക്ഷേപിച്ചിരുന്ന ആകെയുള്ള സമ്പാദ്യമാണ് ബീഡി തൊഴിലാളിയായ വയോധികന് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. 850 രൂപ മാത്രം അക്കൗണ്ടില്‍ മിച്ചം വെച്ച് ബാക്കി തുക വാക്സിനേഷന് നല്കിയ ജനാര്‍ദ്ദനനെ അനുമോദിച്ച് സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേര് രംഗത്തെത്തിയിരുന്നു.