‘വാരിയംകുന്നന്റെ അത്യപൂര്‍വ്വ ചിത്രം കവര്‍ ഫോട്ടോയാക്കും’; ജീവചരിത്ര പുസ്തകത്തിലൂടെ ഇതുവരെ കാണാത്ത രേഖകള്‍ പുറത്തുവിടുമെന്ന് തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്

1921ലെ മലബാര്‍ കലാപത്തിന് നേതൃത്വം വഹിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ അത്യപൂര്‍വ്വ ചിത്രം പുറത്തുവിടുമെന്ന് റമീസ് മുഹമ്മദ്. പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യാന്‍ പദ്ധതിയിട്ട ചിത്രത്തിലെ തിരക്കഥാകൃത്തുക്കളിലൊരാളായിരുന്നു റമീസ് മുഹമ്മദ്. കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള ഗവേഷണത്തിലായിരുന്നു താനടങ്ങുന്ന സംഘമെന്ന് റമീസ് പറഞ്ഞു. ഈ ഗവേഷണ കാലയളവില്‍, അജ്ഞാതമായിരുന്ന പല വിവരങ്ങളും രേഖകളും തങ്ങള്‍ക്ക് ലഭിച്ചു. അതില്‍ എറ്റവും പ്രധാനപ്പെട്ടതാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഫോട്ടോയെന്നും റമീസ് ചൂണ്ടിക്കാട്ടി.

രക്തസാക്ഷിയായിട്ട് നൂറ് വര്‍ഷമായിട്ടും ലഭ്യമല്ലാതിരുന്ന ആ അമൂല്യനിധി ഫ്രഞ്ച് ആര്‍ക്കൈവുകളില്‍ നിന്നാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. അതിനു പുറമേ വേറെയും അനേകം അമൂല്യമായ ചിത്രങ്ങള്‍ പലയിടത്തുനിന്നുമായി ഞങ്ങള്‍ക്ക് ലഭിച്ചു. 1921ല്‍ നടന്ന ചില യുദ്ധങ്ങളുടെയടക്കമുള്ള അപൂര്‍വഫോട്ടോകള്‍ അവയിലുള്‍പ്പെടും.

റമീസ് മുഹമ്മദ്

എറ്റവും ഞെട്ടിച്ച മറ്റൊരു പ്രധാന രേഖയായിരുന്നു വാരിയംകുന്നന്‍ അമേരിക്കയിലേക്ക് അയച്ച സന്ദേശം. ശക്തവും സുന്ദരവുമായ ഭാഷയില്‍ എഴുതിയ ആ സന്ദേശം അന്നത്തെ അമേരിക്കന്‍ പത്രങ്ങളില്‍ വാര്‍ത്തയായിരുന്നു. അതു പോലെ ബ്രിട്ടന്‍, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, യു എസ് എ, കാനഡ, സിംഗപ്പൂര്‍ മുതലായ അനേകം രാജ്യങ്ങളുടെ ന്യൂസ് ആര്‍ക്കൈവുകളില്‍ വാരിയംകുന്നനേയും അദ്ദേഹത്തിന്റെ പോരാട്ടത്തേയും പരാമര്‍ശിക്കുന്ന ഒട്ടനവധി രേഖകളും ഫോട്ടോകളും എല്ലാം കണ്ടെത്താന്‍ കഴിഞ്ഞു. ഇതെല്ലാം വാരിയംകുന്നനും അദ്ദേഹത്തിന്റെ സമരവും എത്രമാത്രം അന്താരാഷ്ട്രശ്രദ്ധ കരസ്ഥമാക്കിയിരുന്നു എന്നതിന്റെ നേര്‍ചിത്രങ്ങളാണ്.

ഈ കണ്ടെത്തലുകളെല്ലാം ഇത്രയും കാലം ഞങ്ങളുടേത് മാത്രമായിരുന്നു. എന്നാല്‍ ഇനിയത് അങ്ങനെയല്ല. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് ഞാന്‍ എഴുതിയ ജീവചരിത്രപുസ്തകത്തിലൂടെ ഈ രേഖകളെല്ലാം എല്ലാവരുമായും പങ്കുവയ്ക്കുകയാണ്. ‘സുല്‍ത്താന്‍ വാരിയംകുന്നന്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകത്തിന്റെ മുഖചിത്രം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ത്ഥ ഫോട്ടോ ആയിരിക്കും. വാരിയംകുന്നന്റെ ഫോട്ടോ മുഖചിത്രമാക്കി ആദ്യമായാണ് ഒരു പുസ്തകം ഇറങ്ങുന്നത്. ആ പുസ്തകം ഒക്ടോബര്‍ 29 വെള്ളിയാഴ്ച 4ന്, മലപ്പുറം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗണ്‍ ഹാളില്‍ വച്ച് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കൊച്ചുമകള്‍ വാരിയംകുന്നത്ത് ഹാജറ പ്രകാശനം ചെയ്യും. രാഷ്ട്രീയ, സാഹിത്യ, ചരിത്ര, ചലചിത്ര, മാധ്യമ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും റമീസ് കൂട്ടിച്ചേര്‍ത്തു.

റമീസ് പങ്കുവെച്ച താല്‍ക്കാലിക പുസ്തക കവര്‍

2020 ജൂണ്‍ 22ന് വാരിയംകുന്നന്‍ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ച പ്രൊഡക്ഷന്‍ ടീമില്‍ ഉണ്ടായിരുന്നയാളാണ് റമീസ് മുഹമ്മദ്. തിരക്കഥയെഴുതുന്നത് റമീസ്, ഹര്‍ഷദ് എന്നിവര്‍ ചേര്‍ന്നാണെന്നായിരുന്നു ആദ്യ അപ്ഡേറ്റ്. ചില മുന്‍കാല സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ വിമര്‍ശനങ്ങളേറ്റുവാങ്ങി വിവാദമായതോടെ റമീസിന് പ്രൊജക്ടില്‍ നിന്നും ഒഴിവാകേണ്ടി വന്നു. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികമായ 1921ല്‍ വാരിയംകുന്നന്‍ ചിത്രീകരണം ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് അണിയറ പ്രവര്‍ത്തകരില്‍ നിന്ന് വിവരങ്ങളൊന്നും പുറത്തുവന്നില്ല. ഇതിനിടെയാണ് സംവിധായകന്‍ ആഷിഖ് അബുവും ടൈറ്റില്‍കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്ന പൃഥ്വിരാജും പിന്മാറി എന്ന ഔദ്യോഗിക സ്ഥിരീകരണം എത്തുന്നത്. നിര്‍മ്മാതാവുമായുള്ള തര്‍ക്കമാണ് പിന്മാറ്റത്തിന് കാരണമെന്ന് ആഷിഖ് അബു വ്യക്തമാക്കി. ഒപിഎം സിനിമാസിന്റെ ബാനറിലുണ്ടായിരുന്ന നിര്‍മ്മാണ പങ്കാളിത്തത്തില്‍ നിന്നുകൂടി ആഷിഖ് അബു പിന്‍വാങ്ങി. പിന്മാറ്റം വാര്‍ത്തയായതോടെ ആഷിഖ് ആബുവിനും പൃഥ്വിരാജിനുമെതിരെ വിമര്‍ശനവും പരിഹാസവുമായി യുഡിഎഫ് നേതാക്കളും അനുകൂലികളും രംഗത്തെത്തിയിരുന്നു. ‘വാരിയംകുന്നന്‍’ സിനിമയുമായി മുന്നോട്ടുപോകുമെന്ന് കോമ്പസ് മൂവീസ് വ്യക്തമായിട്ടുണ്ട്. ചില ദൗര്‍ഭാഗ്യകരമായ സാഹചര്യങ്ങളാലാണ് പ്രഖ്യാപിക്കപ്പെട്ട പ്രൊജക്ടില്‍ നിന്ന് ആഷിഖ് അബുവിനും പൃഥ്വിരാജ് സുകുമാരനും മാറി നില്‍ക്കേണ്ടി വന്നതെന്ന് കോമ്പസ് മൂവീസ് എംഡി സിക്കന്തര്‍ പ്രതികരിക്കുകയുണ്ടായി.