ബിഗ് ബജറ്റ് ചിത്രമായ പത്തൊന്‍പതാം നൂറ്റാണ്ടിലൂടെ കരിയര്‍ തിരിച്ചുപിടിക്കുമെന്ന് സംവിധായകന് വിനയന്. സ്വപ്നതുല്യമായ ഒരു പ്രൊജക്ടായി പത്തൊന്‍പതാം നൂറ്റാണ്ടു പൂര്‍ത്തിയാകുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണെന്ന് വിനയന് പറഞ്ഞു. അതിനെ അത്യാഗ്രഹമായി പറയാന്‍ പറ്റുമോ? തന്റെ ചില സിനിമാ സുഹൃത്തുക്കള്‍ ചേര്‍ന്ന് തനിക്കു നഷ്ടമാക്കിയത് പത്തു പ്രഫഷണല്‍ വര്‍ഷങ്ങളാണ്. അവരില്‍ ചിലരുടെ ചെയ്തികള്‍ ഇപ്പോഴും തന്നെ വേട്ടയാടുന്നു. ഇതെല്ലാം മറികടന്ന് ജീവിതം തിരിച്ചു പിടിക്കുന്ന പ്രതീതി ഈ ചിത്രത്തിന്റെ റിലീസോടെ സാധ്യമാകും എന്ന പ്രതീക്ഷയിലാണ് താനെന്നും വിനയന് ഫേസ്ബുക്കില്‍ കുറിച്ചു. നിര്‍മ്മാതാവ് കൂടിയായ ഗോകുലം ഗോപാലന് അഭിനയിക്കുന്ന പെരുമാള്‍ എന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് സംവിധായകന്റെ പ്രതികരണം.
ഒത്തിരി പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് 2005ല്‍ റിലീസ് ചെയ്ത അത്ഭുതദ്വീപ് ഇപ്പോഴും യുവത്വം ചര്‍ച്ച ചെയ്യുന്നത് പ്രചോദനമാണ്. അതിനേക്കാള്‍ എത്രയോ..എത്രയോ.. ഇരട്ടി ഭംഗിയായി സാങ്കേതികത്തികവോടെ ഒട്ടനേകം താര സാന്നിധ്യത്തിലാണ് പത്തൊമ്പതാം നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്നത്.
വിനയന്
ആയിരക്കണക്കിന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും വമ്പന്‍ സെറ്റുകളും ഇന്ത്യയിലെ തന്നെ പ്രഗത്ഭരായ ടെക്നീഷ്യന്മാരുമെല്ലാം പങ്കെടുക്കുന്നു. ചില സുഹൃത്തുക്കള്‍ എന്നോട് ചോദിക്കാറുണ്ട് ഇത്രയും പണം മുടക്കുമ്പോള്‍ നായകന് ഒരു സൂപ്പര്‍സ്റ്റാര്‍ വേണ്ടിയിരുന്നില്ലേ എന്ന്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററായ ‘ബാഹുബലി’യില്‍ പോലും സൂപ്പര്‍സ്റ്റാര്‍ ആയിരുന്നില്ല നായകന്. പ്രഭാസ് എന്ന നടന് ആ ചിത്രത്തിനു ശേഷമാണ് സുപ്പര്സ്റ്റാര് ആയത്. താരമൂല്യത്തിന്റെ പേരില്‍ മുന്‍കൂര്‍ ചില ലിമിറ്റഡ് ബിസിനസ് നടക്കുമെന്നല്ലാതെ സിനിമ അത്യാകര്‍ഷകം ആയാലേ വമ്പന്‍ ബിസിനസും പേരും ലഭിക്കൂ. ആക്ഷന്‍ മുന്‍തൂക്കമുള്ള ഒരു വലിയ ചരിത്ര സിനിമ എന്നതിലുപരി മനസ്സില്‍ തട്ടുന്ന കഥയും മുഹൂര്‍ത്തങ്ങളുമുള്ള ഒരു ചലച്ചിത്രം കൂടി ആയിരിക്കും പത്തൊന്‍പതാം നൂറ്റാണ്ട്. ശ്രീ ഗോകുലം മൂവീസിനും ഒരു ഭാഗ്യ ചിത്രമായി ഇത് മാറട്ടെ. ചിത്രീകരിക്കാന്‍ ബാക്കിയുള്ള ക്ലൈമാക്സ് ഭാഗങ്ങള്‍ മനസ്സിലുള്ളതു പോലെ ചിത്രീകരിക്കുവാന്‍ കഴിയട്ടെ. അതിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ് താനെന്നും വിനയന് കൂട്ടിച്ചേര്‍ത്തു.

സംവിധായകന് തുളസീദാസിന്റെ ചിത്രത്തില്‍ നിന്ന് നടന് ദിലീപ് പിന്മാറിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വിനയനും ചലച്ചിത്ര സംഘടനകളും തമ്മിലുള്ള നീണ്ട ഏറ്റുമുട്ടലിലേക്ക് എത്തിയത്. തുളസീദാസ് സംവിധാനം ചെയ്ത ‘മായപ്പൊന്മാന്’, ‘ദോസ്ത്’ എന്നീ ചിത്രങ്ങളില്‍ ദിലീപ് ആയിരുന്നു നായകന്. 2008ല്‍ ദിലീപിനെ നായകനാക്കി ‘കുട്ടനാടന്‍ എക്സ്പ്രസ്’ എന്ന ചിത്രമൊരുക്കുകയാണെന്ന് തുളസീദാസ് അനൗണ്‍സ് ചെയ്തു. ഡേറ്റ് തരാമെന്ന് ദിലീപ് തുളസീദാസിന് വാക്ക് നല്കിയതിനേത്തുടര്ന്നാണിത്. റിയല്‍ എസ്റ്റേറ്റിന് വേണ്ടി പൈസ തികയാതെ വന്നപ്പോള്‍ ദിലീപ് തന്നോട് പറയുകയും നടന് നിര്‍മ്മാതാവ് ഉള്ളാട്ടില്‍ ശശിധരന്റെ പക്കല്‍ നിന്ന് പണം വാങ്ങി നല്‍കിയെന്നും തുളസീദാസ് പറയുന്നു.

‘കുറച്ചുമാസങ്ങള്‍ക്ക് ശേഷം ദിലീപിന്റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചു. നായികയായി മറ്റൊരു നടി വേണം പിന്നീട് അത് മാറി കാവ്യ വേണം, ക്യാമറാമാന് ആന്ദക്കുട്ടനെ മാറ്റണം, മ്യൂസിക് ഡയറക്ടറെ മാറ്റണം. അങ്ങനെ ഓരോ ഘട്ടങ്ങളിലും അഭിപ്രായങ്ങള്‍ പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു ‘ദിലീപേ എന്നോട് ഇങ്ങനെ ആജ്ഞാപിക്കരുത്.’ അത് ദിലീപിന് ഫീല്‍ ചെയ്തിട്ടുണ്ടാകാം. അങ്ങനെയുള്ള വൈരാഗ്യബുദ്ധി ദിലീപിന് മനസിലുണ്ട്. ദിലീപ് ബോംബെയില്‍ പോയി ഉള്ളാട്ടില്‍ ശശി എന്ന നിര്‍മ്മാതാവിനെ കണ്ടു. എന്നെ രഹസ്യമായി മാറ്റി മറ്റൊരു സംവിധായനേക്കൊണ്ട് സിനിമ ചെയ്യിച്ചു. ആ നിര്‍മ്മാതാവിന് പണമായിരുന്നു ആവശ്യം. എന്നെ അറിയിക്കാതെ അവര്‍ ആ സിനിമ പേരുമാറ്റി ചെയ്തു. അതിന്റെ പേരില്‍ പല പ്രാവശ്യം ദിലീപിനെ വിളിച്ചിട്ടും ഫോണ്‍ എടുക്കാറില്ല. മാക്ടയുടെ സെക്രട്ടറിയായിരുന്ന വിനയനോടും കെ മധുവിനോടും സംസാരിച്ചപ്പോള്‍ ഒരു പരാതി കൊടുക്കാന്‍ അവര്‍ പറഞ്ഞു. ലാലേട്ടനേയും വിളിച്ചു. അദ്ദേഹം തിരക്കിലായിരുന്നതിനാല്‍ കൃത്യമായി മറുപടി നല്കാന് സാധിച്ചില്ല. നടന് സിദ്ദിഖിനെ വിളിച്ചപ്പോള്‍ പരാതി കൊടുക്കാന്‍ ആവശ്യപ്പെട്ടു. ആ പരാതി കൊടുത്തതില്‍ എനിക്കുണ്ടായ വിഷമം, മാക്ട എന്ന സംഘടന രണ്ടായി പിളര്‍ന്നു.’

തുളസീദാസിന്റെ പരാതിയില്‍ വിനയന്റെ നേതൃത്വത്തിലുള്ള മാക്ട ദിലീപിനോട് വിശദീകരണം തേടുകയും ‘അമ്മ’യ്ക്ക് പരാതി അയക്കുകയും ചെയ്തു. ദിലീപിന് ഒപ്പം നില്‍ക്കുമെന്ന് പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രഖ്യാപിച്ചു. ദിലീപിനേയും ‘കുട്ടനാടന്‍ എക്സ്പ്രസ്’ നിര്‍മ്മാതാവിനേയും വിലക്കാനുള്ള നീക്കം മാക്ട ഉപേക്ഷിച്ചില്ലെങ്കില്‍ എല്ലാ ചിത്രങ്ങളുടേയും നിര്‍മ്മാണം നിര്‍ത്തിവെയ്ക്കുമെന്ന് പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ വ്യക്തമാക്കി. താരസംഘടനയായ അമ്മയ്ക്ക് വേണ്ടി ദിലീപ് ‘ട്വന്റി ട്വന്റി’ നിര്‍മ്മിക്കുന്ന സമയത്തായിരുന്നു ഈ വിവാദം. പോര് കടുത്തതോടെ തന്റെ സിനിമയില്‍ നിന്ന് സാങ്കേതിക പ്രവര്‍ത്തകരേയും നടീ നടന്മാരേയും പിന്തിരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി വിനയന് രംഗത്തെത്തി. വിനയന്റെ സിനിമകളുമായി സഹകരിച്ചവര്‍ക്ക് സംഘടനകള്‍ വിലക്കേര്‍പ്പെടുത്തുകയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരിലും വിമര്‍ശനങ്ങളുടെ പേരിലും മുതിര്‍ന്ന നടന് തിലകനെ അമ്മ പുറത്താക്കിത് വലിയ ചര്‍ച്ചയായി. താരമൂല്യം കുറഞ്ഞ അഭിനേതാക്കളെ വെച്ച് മാത്രം സിനിമകള്‍ ചെയ്യാന്‍ വിനയന് നിര്‍ബന്ധിതനായി. പൃഥ്വിരാജിനെ ആക്ഷന്‍ ഹീറോയാക്കി മലയാള സിനിമയില്‍ അവതരിപ്പിച്ച വിനയന്റെ ചിത്രത്തില്‍ നടന് അഭിനയിച്ചിട്ട് 16 വര്‍ഷമായി. 2005ല്‍ പുറത്തിറങ്ങിയ അത്ഭുതദ്വീപിന് ശേഷം പൃഥ്വിരാജ് വിനയന് ചിത്രത്തില്‍ അഭിനയിച്ചിട്ടില്ല. ഇന്ദ്രജിത്, ജയസൂര്യ, ഭാമ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2007ല്‍ പുറത്തിറക്കിയ ‘ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന്’ ആണ് വിനയന്റെ അവസാനത്തെ മള്‍ട്ടിസ്റ്റാര്‍ ചിത്രം. അതേ വര്‍ഷം തന്നെ തിയേറ്ററുകളിലെത്തിയ ‘ബ്ലാക്ക് ക്യാറ്റ്’ല്‍ സുരേഷ് ഗോപി, മീന, മുകേഷ് എന്നിവരാണ് അഭിനയിച്ചത്.

വിപണിയില്‍ മത്സരിക്കാനുള്ള തന്റെ അവകാശത്തെ ചില സംഘടനകള്‍ ഹനിക്കുന്നുവെന്ന് വിനയന് കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യയിലും പരാതി നല്കി. 2017 മാര്‍ച്ചില്‍ കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യ വിനയന്റെ വിലക്ക് നീക്കി വിധി പ്രസ്താവിച്ചു. അമ്മയ്ക്ക് നാല് ലക്ഷം രൂപയും ഫെഫ്കയ്ക്ക് 85,594 രൂപയും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് 3.86 ലക്ഷവും ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന് 56,661 രൂപയും പിഴ ചുമത്തി. ഈ പിഴ 2020 മാര്‍ച്ചില്‍ നാഷണല്‍ കമ്പനി ലോ അപ്പലറ്റ് ട്രൈബ്യൂണല്‍ ശരിവെച്ചു. വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിനെതിരെ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് സുപ്രീം കോടതിയെ സമീപിച്ചു. അമ്മ വിനയനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയില്ല. വിനയന്റെ വിലക്ക് നീക്കിയതിനെതിരെ ഫെഫ്ക നല്കിയ ഹര്‍ജി 2020 സെപ്റ്റംബര്‍ 28ന് സുപ്രീം കോടതി തള്ളി.
2002ല്‍ റിലീസ് ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്റെ ആലോചന വേളയില്‍ തന്നെ ദിലീപും വിനയനും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ചിത്രത്തില്‍ ദിലീപിനെയാണ് ആദ്യം കാസ്റ്റ് ചെയ്തിരുന്നത്. നിര്‍മ്മാതാവ് പികെആര്‍ പിള്ളയില്‍ നിന്ന് ദിലീപ് ഒരു ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങി. ശേഷം തിരക്കഥാകൃത്തായ കലൂര്‍ ഡെന്നീസിനെ മാറ്റണമെന്ന് ദിലീപ് ആവശ്യപ്പെട്ടു. നിര്‍മ്മാതാവിനും തിരക്കഥാകൃത്തിനും വാക്ക് കൊടുത്തതിനാല്‍ അതിന് തയ്യാറല്ലെന്ന് വിനയന് നിലപാടെടുത്തു. ചിത്രത്തില്‍ നിന്ന് മാറാന്‍ വിനയന് ദിലീപിനോട് ആവശ്യപ്പെട്ടു. ദിലീപ് വാങ്ങിയ അഡ്വാന്‍സ് തുക നിര്മ്മാതാവിനേക്കൊണ്ട് തിരികെ വാങ്ങിപ്പിച്ച ശേഷം വിനയന് പകരം ജയസൂര്യയെ കാസ്റ്റ് ചെയ്യുകയാണുണ്ടായത്.