‘സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തലനാരിഴകീറി പരിശോധിക്കും’; ശക്തമായി നേരിടുമെന്ന് വി ഡി സതീശന്‍; ‘കോണ്‍ഗ്രസ് പുനസംഘടനാ നീക്കം എഐസിസി ആരംഭിച്ചിട്ടുണ്ട്’

കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിലെ പുനസംഘടനയ്ക്ക് വേണ്ടിയുള്ള നടപടിക്രമം എഐസിസിസി ആരംഭിച്ചിട്ടുണ്ടെന്ന് യുഡിഎഫ് നിയമസഭാ കക്ഷി നേതാവ് വിഡി സതീശന്‍. എന്താണ് തോല്‍വിക്കുള്ള കാരണമെന്ന് അന്വേഷിച്ച് അതിനുളള പരിഹാരം ദേശീയ നേതൃത്വം കാണുമെന്നത് തീര്‍ച്ചയാണെന്നും സതീശന്‍ പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ സന്ദര്‍ശിച്ച ശേഷം ഇരുവരും മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു സതീശന്റെ പ്രതികരണം.

പ്രതിപക്ഷം ശക്തമായ പ്രവര്‍ത്തിക്കുമെന്ന് സതീസന്‍ പറഞ്ഞു. സര്‍ക്കാര്‍ നന്നായി പ്രവര്‍ത്തിക്കണം. മോശമായി പ്രവര്‍ത്തിക്കണമെന്ന് ആരെങ്കിലും പറയുമോ? ജനങ്ങളുടെ മാന്‍ഡേറ്റ് കിട്ടി അധികാരത്തില്‍ വന്ന സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് പ്രവര്‍ത്തിക്കണം.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തലനാരിഴകീറി സൂക്ഷ്മമായി പരിശോധിച്ച് തെറ്റുകള്‍ ചൂണ്ടിക്കാണിക്കും. ജനാധിപത്യത്തിന്റെ മനോഹാരിത എന്ന് പറയുന്നത് ഭരണപക്ഷത്തിന് ഒപ്പം നില്‍ക്കുന്ന നന്നായി പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷമാണ്.

വി ഡി സതീശന്‍

ശക്തമായ പ്രതിപക്ഷമല്ലെങ്കില്‍ വലിയ കുഴപ്പങ്ങളുണ്ടാകും. തെറ്റുകള്‍ ചൂണ്ടിക്കാണിക്കാവുന്ന തരത്തില്‍ ശക്തമായി നേരിടും. ജനങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ പ്രതിപക്ഷ ധര്‍മ്മം നിര്‍വ്വഹിക്കും. എല്ലാവരേയും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകും.

കെഎസ്‌യു അദ്ധ്യക്ഷനായിരിക്കുന്ന സമയത്തും നിയമസഭയില്‍ വന്ന കാലം മുതല്‍ക്കേയും കെ സി വേണുഗോപാലുമായി ഏറ്റവുമടുത്ത സൗഹൃദമുണ്ട്. ഞങ്ങളുടെ സൗഹൃദത്തേക്കുറിച്ച് എ കെ ആന്റണിയേപ്പോലുള്ള നേതാക്കന്‍മാര്‍ മുന്നേ സംസാരിച്ചിട്ടുള്ളതാണ്. കെ സി വേണുഗാപോല്‍ എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കൂടിയാണ്. ഞങ്ങള്‍ തമ്മിലുള്ള അടുപ്പം കൊണ്ടും അദ്ദേഹം വഹിക്കുന്ന പദവിയോടുള്ള ബഹുമാനം കൊണ്ട് കൂടിയാണ് കാണാനെത്തിയത്. രമേശ് ചെന്നിത്തല വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ഇന്ന് ചെന്നിത്തലയെ നേരില്‍ കാണുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.