വാക്‌സിന്‍ വിദേശത്ത് നിന്ന് നേരിട്ട് വാങ്ങാന്‍ ആലോചിച്ച് 10 സംസ്ഥാനങ്ങള്‍; കേന്ദ്ര സര്‍ക്കാരിന് അമര്‍ഷം; നാണക്കേടാകുമെന്ന് കെജ്രിവാളിന്റെ മുന്നറിയിപ്പ്

വിദേശകമ്പനികളില്‍ നിന്ന് നേരിട്ട് വാക്‌സിന്‍ വാങ്ങാനുള്ള സംസ്ഥാന സര്‍ക്കാരുകളുടെ നീക്കത്തില്‍ കേന്ദ്ര സര്‍ക്കാരിന് അതൃപ്തി. വാക്‌സിന്‍ ക്ഷാമം കടുത്തതോടെ ബിജെപി ഭരിക്കുന്ന കര്‍ണാടകയും യുപിയും ഉള്‍പ്പെടെ ഡല്‍ഹി, മഹാരാഷ്ട്ര, തമിഴ്‌നാട്, രാജസ്ഥാന്‍, ഹരിയാന, തെലങ്കാന, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ തരുന്നതിന് മാത്രം കാത്തുനില്‍ക്കാതെ സ്വന്തം മാര്‍ഗം നോക്കുന്നത്. വിദേശ കമ്പനികളുമായി നേരിട്ടുള്ള ഇടപാടിന് കേന്ദ്രാനുമതി വേണമെന്നിരിക്കെ ഈ നീക്കം വലിയ തര്‍ക്കത്തിന് വഴിവെച്ചേക്കും. സാങ്കേതിക തടസങ്ങള്‍ മുന്നോട്ടുവെച്ച് കേന്ദ്രം വാക്‌സിന്‍ വാങ്ങല്‍ വിലക്കുമോയെന്ന് സംസ്ഥാനങ്ങള്‍ക്ക് ആശങ്കയുണ്ട്.

കേന്ദ്രത്തില്‍ നിന്നോ കമ്പനികളില്‍ നിന്ന് നേരിട്ടോ അടിയന്തര ആവശ്യത്തിന് പോലും വാക്‌സിന്‍ ലഭിക്കുന്നില്ലെന്നാണ് സംസ്ഥാനങ്ങളുടെ പരാതി. ഓരോ സംസ്ഥാനവും വാക്‌സിന് വേണ്ടി സ്വന്തം നിലയില്‍ മുന്നോട്ടുപോകുന്നത് രാജ്യത്തിന്റെ സല്‍പേരിന് ക്ഷീണമാകുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ വാക്‌സിന് വേണ്ടി തമ്മിത്തല്ലാന്‍ വിട്ടിരിക്കുകയാണ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ. യുപി മഹാരാഷ്ട്രയോട്, മഹാരാഷ്ട്ര ഒഡീഷയോട്, ഒഡീഷ ഡല്‍ഹിയോട്. എവിടെയാണ് ഇന്ത്യ? ഇത് ഇന്ത്യയേക്കുറിച്ച് മോശമായ ഒരു ചിത്രമുണ്ടാക്കും. എല്ലാ സംസ്ഥാനങ്ങള്‍ക്കും വേണ്ടി ഇന്ത്യ ഒറ്റ രാജ്യമായി വാക്‌സിനുകള്‍ ശേഖരിക്കണം.

അരവിന്ദ് കെജ്രിവാള്‍

സംസ്ഥാനങ്ങള്‍ ഒറ്റയ്ക്ക് ശ്രമിക്കുന്നതിനേക്കാള്‍ കേന്ദ്രീകൃതമായ സംവിധാനമാണ് വേണ്ടതെന്ന് വൈറോളജി വിദഗ്ധന്മാരായ ഡോ. ഗഗന്‍ദീപ് കാങ്ങ്, ഡോ. ടി ജേക്കബ് ജോണ്‍ എന്നിവര്‍ ചൂണ്ടിക്കാട്ടുന്നു. ഗ്ലോബല്‍ ടെന്‍ഡറുകള്‍ക്ക് വേണ്ടി ശ്രമിച്ചാലും വാക്‌സിനുകള്‍ കിട്ടാന്‍ സമയമെടുക്കുമെന്നാണ് ഗഗന്‍ദീപ് കാങ്ങിന്റെ നിരീക്ഷണം. ആഗോളതലത്തില്‍ വരുന്ന കുറച്ചുമാസത്തേക്ക് വാക്‌സിന്‍ ക്ഷാമമുണ്ടാകും. ഇപ്പോള്‍ ശ്രമിക്കുകയാണെങ്കില്‍ തന്നെ അത് ഭാവിയിക്കുള്ള ഒരു നീക്കമാകുമെന്നും കാങ്ങ് പറഞ്ഞു.

മൂന്നാം ഘട്ട പരീക്ഷണത്തിന്റെ സമയത്ത് തന്നെ ഇന്ത്യന്‍ ഭരണകൂടം ഭാരത് ബയോടെക്കിന് ശക്തമായ പിന്തുണ കൊടുക്കണമായിരുന്നു. നല്ല നിക്ഷേപം നടത്തി ജനുവരിയോടെയെങ്കിലും ആവശ്യത്തിനുള്ള ഉല്‍പാദനം ഉറപ്പുവരുത്തണമായിരുന്നു.

ഡോ. ടി ജേക്കബ് ജോണ്‍

ഇന്ത്യയിലെ മുഴുവന്‍ പേരെയും വാക്‌സിനേറ്റ് ചെയ്യാനുള്ള ഡോസുകള്‍ ഈ വര്‍ഷം തന്നെ ലഭിക്കുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ അവകാശവാദം. ഡിസംബറിനുള്ളില്‍ 216 കോടി വാക്‌സിന്‍ രാജ്യത്ത് വിതരണം ചെയ്യും. ഇപ്പോള്‍ അനുമതിയുള്ള കൊവിഷീല്‍ഡ്, കൊവാക്‌സിന്‍, സ്പുട്‌നിക് വാക്‌സിന്‍ കമ്പനികളില്‍ നിന്ന് 145 കോടി ഡോസും അനുമതി കാക്കുന്ന അഞ്ച് കമ്പനികളില്‍ നിന്ന് ഓഗസ്റ്റ്-ഡിസംബര്‍ കാലയളവില്‍ 71 കോടി ഡോസും ലഭിക്കുമെന്നും ആരോഗ്യമന്ത്രാലയം പറയുന്നു. ഫൈസര്‍, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിനുകള്‍ കൂടി എത്തിയാല്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍.

ഭാരത് ബയോടെക്കിന്റെ നേസല്‍ വാക്‌സിന്‍, സൈഡഡ് കാഡിലയുടെ സൈകോവ് ഡി, നോവ വാക്‌സിന്റെ കോവാ വാക്‌സ്, ബയോളജിക്കല്‍ ഇയുടെ വാക്‌സിന്‍, ജെനോവ ബയോഫാര്‍മസ്യൂട്ടിക്കല്‍സിന്റെ വാക്‌സിന്‍ എന്നിവയാണ് വരുന്ന മാസങ്ങളില്‍ പ്രതീക്ഷിക്കപ്പെടുന്നത്.