മഹാമാരി നിറഞ്ഞാടിയപ്പോള്‍ അസിം പ്രേംജി ദിനേന സംഭാവന നല്‍കിയത് 27 കോടി രൂപ; ഒട്ടേറെ പിന്നില്‍ മുകേഷ് അംബാനി

ന്യൂഡല്‍ഹി: മഹാമാരി നിറഞ്ഞുനിന്ന 2021 സാമ്പത്തിക വര്‍ഷത്തില്‍ വിപ്രോ ലിമിറ്റഡിന്റെ സ്ഥാപകനും എക്‌സിക്യൂട്ടീവ് എം.ഡിയുമായ അസിം പ്രേംജി സഹായമായും സംഭാവനയായും നല്‍കിയത് 9713 കോടി രൂപ. ദിവസം തോറും ശരാശരി 27 കോടി രൂപയെന്ന നിലക്കാണ് അസിം പ്രേംജി നല്‍കിയത്.

മഹാമാരിക്കാലത്ത് മനുഷ്യരെ സാമ്പത്തികമായി സഹായിച്ച മനുഷ്യസ്‌നേഹികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് അസിം പ്രേംജിയാണ്. കഴിഞ്ഞ വര്‍ഷവും അസിം പ്രേംജി തന്നെയായിരുന്നു പട്ടികയില്‍ ഒന്നാമത്. എച്ച്‌സിഎല്ലിന്റെ ശിവ് നാടാരാണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്.

മഹാമാരിയുടെ കാലഘട്ടത്തില്‍ 1263 കോടി രൂപയാണ് ശിവ് നാടാര്‍ സംഭാവന നല്‍കിയത്. രാജ്യത്തെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനി 577 കോടി രൂപയാണ് സംഭാവന നല്‍കിയത്. മുകേഷ് അംബാനി പട്ടികയില്‍ മൂന്നാം സ്ഥാനത്താണുള്ളത്.

377 കോടി രൂപ സംഭാവന നല്‍കിയ കുമാര്‍ മംഗലം ബിര്‍ളയാണ് നാലാം സ്ഥാനത്ത്. രാജ്യത്തെ രണ്ടാമത്തെ സമ്പന്നനായ ഗൗതം അദാനി 130 കോടി രൂപയാണ് സംഭാവന നല്‍കിയത്. അദാനിയേക്കാള്‍ 50 കോടി രൂപ അധികം സംഭാവന നല്‍കിയ നന്ദന്‍ നിലേകനിയാണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. പ്രമുഖ ഓഹരി മാര്‍ക്കറ്റ് വ്യപാരിയായ രാകേഷ് ജുന്‍ജുന്‍വാല 50 കോടി രൂപയാണ് വിദ്യാഭ്യാസ സഹായമായി നല്‍കിയത്.

ഈ സംഭാവനകളില്‍ ഏറിയ പങ്കും വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ മേഖലകളിലേക്കാണ് എത്തിയിട്ടുള്ളത്. എഡല്‍ഗിവ് ഹുരൂണ്‍ ഇന്ത്യയാണ് 2021 സാമ്പത്തിക വര്‍ഷത്തെ മനുഷ്യ സ്‌നേഹികളുടെ പട്ടിക പുറത്തുവിട്ടത്.