സൗദിയുടെ നിതാഖത്തല്ല യു.എ.ഇയുടെ രക്ഷാ മാർഗം; വിദേശീയർക്കായി എല്ലാ വാതിലുകളും തുറന്ന് എമിറേറ്റ്സ്

കൊവിഡ് മഹാമാരി തകർത്ത സാമ്പത്തികരംഗം പൂർവ്വാധികം ശക്തിയോടെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ് ഗൾഫ് രാജ്യങ്ങൾ. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ ബഹ്‌റൈനും കുവൈറ്റും ഒമാനും ഖത്തറും സൗദിയുമെടുക്കുന്ന ചുവടുവെപ്പുകളിൽ നിന്നും വ്യത്യസ്തമായി നീങ്ങുകയാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ്. നിതാഖത്ത് പോലെയുള്ള തദ്ദേശവത്കരണ നയങ്ങളിലേക്ക് തങ്ങളുടെ സാമ്പത്തിക എതിരാളിയായ സൗദി അറേബ്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ മാറുമ്പോൾ വിദേശീയരെയും, വിദേശ നിക്ഷേപങ്ങളെയും പരമാവധി സ്വീകരിച്ച്, ഉദാരവൽക്കരണം നടപ്പിലാക്കി, എണ്ണയിതര മേഖലകളിലേക്ക് സാമ്പത്തികരംഗം വളർത്താനുള്ള തീരുമാനങ്ങളാണ് യു.എ.ഇ കൈക്കൊള്ളുന്നത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഗ്രീൻ വിസാ പദ്ധതി ഈ ദിശയിലെ ഏറ്റവും പുതിയ ചുവടുവെപ്പുകളിൽ ഒന്നാണ്.

സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രണ്ട് പുതിയ വിസാ പദ്ധതികളാണ് യു.എ.ഇ ഞായറാഴ്ച് പ്രഖ്യാപിച്ചത്. സ്പോൺസർമാരോ കമ്പനികളുടെ വര്‍ക്ക് പെര്‍മിറ്റോ ഇല്ലാതെ തന്നെ വിദേശ പൗരന്മാർക്ക് രാജ്യത്ത് താമസിക്കാന്‍ അനുമതി നൽകുന്നതാണ് ഗ്രീന്‍ വിസ. വിദേശീയരായ പ്രൊഫഷണലുകള്‍ക്കും സംരംഭകര്‍ക്കുമാണ് ഗ്രീന്‍ വിസ ലഭിക്കുക. ഇവർക്ക് തങ്ങളുടെ രക്ഷിതാക്കളെയും 25 വയസാകുന്നതുവരെ ആണ്‍മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാം. താമസ വിസ റദ്ദാക്കിയാല്‍ മൂന്ന് മാസം മുതല്‍ ആറ് മാസംവരെ രാജ്യത്ത് തങ്ങാനുള്ള ഗ്രേസ് പിരീഡും ലഭിക്കും. സ്വതന്ത്ര ബിസിനസുകാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കുമുള്ളതാണ് ഫ്രീലാന്‍സ് വിസകള്‍. ടൂറിസ്റ്റ് വിസയിലും സന്ദർശന വിസയിലും വരുത്തിയ മാറ്റങ്ങളുടെയും ഗോൾഡൻ വിസാ പദ്ധതിയുടെയും തുടർച്ചയാണ് ഈ പ്രഖ്യാപനവും. പ്രശസ്തരും പ്രമുഖരുമായ വ്യക്തികൾക്ക് പത്ത് വർഷത്തേക്ക് നൽകുന്ന സർവാനുകൂല്യ വിസയാണ് ഗോൾഡൻ വിസ. സ്‌പോൺസറുടെ ആവശ്യമില്ലാതെ താമസിക്കാനും 100 ശതമാനം ഉടമസ്ഥതയിൽ ബിസിനസ്സ് ആരംഭിക്കാനും ഈ വിസ വിദേശീയർക്ക് അനുമതി നൽകുന്നുണ്ട്.

വിസാ പരിഷ്‌കാരങ്ങളിൽ ഒതുങ്ങുന്നതല്ല യു.എ.ഇയുടെ ‘ഓപ്പൺ ഇക്കോണമി’ നയങ്ങൾ. വിവിധ സെക്റ്ററുകളിലായി 50 സുപ്രധാന സാമ്പത്തിക പ്രഖ്യാപനങ്ങളാണ് യു.എ.ഇ മുന്നോട്ടുവെക്കുന്നത്. സാമ്പത്തിക-സാമൂഹിക രംഗത്തെ ഉന്നമനം ലക്ഷ്യമിട്ട് സംരഭകത്വത്തിനും ഡിജിറ്റൽ-ചാക്രിക സമ്പദ്‍വ്യവസ്ഥക്കും ഊന്നൽ നൽകുന്നതാണ് ഈ പദ്ധതികൾ. ഇതിലൂടെ രാജ്യത്ത് നാലാം വ്യാവസായിക വിപ്ലവം സാധ്യമാകുമെന്നും വളർച്ചയുടെ പുതിയ യുഗത്തിന് ആഭ്യന്തരമായും അന്താരാഷ്ട്ര തലത്തിലും അടിത്തറ ഉറപ്പിക്കാൻ കഴിയുമെന്നുമാണ് എമിറാത്തി അധികൃതർ പ്രതീക്ഷിക്കുന്നത്. സെപ്റ്റംബറിൽ വിവിധ സമയങ്ങളിലായി പ്രഖ്യാപിക്കുന്ന പദ്ധതികളിലൂടെ 550 ബില്യൺ ദിർഹത്തിന്റെ (1,09,57,72,50,00,000 രൂപ) വിദേശ നിക്ഷേപമാണ് യു.എ.ഇ ലക്ഷ്യമിടുന്നത്. അടുത്ത അൻപത് വർഷത്തേക്ക് വിവിധ സെക്ടറുകളിലെ സുപ്രധാന ആഗോള കക്ഷിയായി വളരാനാണ് തങ്ങൾ പദ്ധതിയിടുന്നതെന്നും പടിഞ്ഞാറൻ രാജ്യങ്ങൾക്കും പൗരസ്ത്യ ദേശത്തിനുമിടയിലുള്ള വാണിജ്യ കേന്ദ്രമായി മാറുമെന്നുന്ന് എമിറാത്തി മിനിസ്റ്റർ സാറാ അൽ അമീറി പ്രത്യാശിക്കുന്നു.

വിദേശീയർക്ക് 100 ശതമാനം ഉടമസ്ഥതയിൽ യു.എ.ഇയിൽ ബിസിനസ്സ് ആരംഭിക്കാനുള്ള അനുമതി നൽകുന്ന നിയമം ജൂണിൽ രാജ്യത്ത് നടപ്പാക്കിയിരുന്നു. എണ്ണ, ഇന്ധന, പ്രതിരോധ മേഖലകൾ പോലെയുള്ളവ ഒഴിച്ച് ഏത് മേഖലയിലും വിദേശീയർക്ക് ബിസിനസ്സ് ആരംഭിക്കാം. നേരത്തെ, തെരഞ്ഞെടുത്ത സാമ്പത്തിക മേഖലകളിലും ഫ്രീ സോൺ പ്രദേശങ്ങളിലും മാത്രമായിരുന്നു ഇത് അനുവദിച്ചിരുന്നത്. മറ്റിടങ്ങളിൽ 49 ശതമാനം മാത്രമായിരുന്നു വിദേശ പൗരന്മാർക്ക് ഉടമസ്ഥത അനുവദിച്ചിരുന്നത്. ഭൂരിഭാഗം ഉടമസ്ഥത എമിറാത്തി പൗരന്റേതായിരികും. എന്നാൽ ഈ സ്ഥിതി മാറിയത് സുപ്രധാന സാമ്പത്തിക ചുവടുവെപ്പാണ് എന്നാണ് വിലയിരുത്തൽ. മാറിയ നിയമങ്ങൾക്കനുസൃതമായി നിക്ഷേപകരെ ആകർഷിക്കാനാണ് പുതിയ വിസാ ഇളവുകൾ.

വിവിധ പദ്ധതികളിലൂടെ 550 ബില്യൺ ദിർഹത്തിന്റെ വിദേശ നിക്ഷേപമാണ് യു.എ.ഇ ലക്ഷ്യമിടുന്നത്.

നിക്ഷേപവും പണമൊഴുക്കും ത്വരിതപ്പെടുത്തുന്നത് ലക്ഷ്യമിട്ട് കൊവിഡ് പ്രതിസന്ധിക്കിടയിലും ഒക്ടോബർ മുതൽ ആരംഭിക്കാനിരിക്കുന്ന അന്താരാഷ്ട്ര എക്സ്പോയും അടിവരയിടുന്നത് വിദേശ നിക്ഷേപങ്ങളിലൂന്നിയുള്ള തിരിച്ചുവരവാണ് എന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. അഞ്ച് ബില്യൺ ദിർഹമാണ് (99,44,08,00,150 രൂപ) വാണിജ്യ സാങ്കേതിക വിദ്യകൾക്കായി എമിറാത്തി വികസന ബാങ്ക് നിക്ഷേപിക്കാൻ പദ്ധതിയിടുന്നത്. സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും സാമ്പത്തിക സഹായത്തിനായി 30 ബില്യൺ ദിർഹവും (5,96,61,94,80,900 രൂപ) ബാങ്ക് വകയിരുത്തിയിട്ടുണ്ട്. ഇത് 13,500 ചെറുകിട-ഇടത്തരം സംരംഭകരെ സഹായിക്കുമെന്നും 25,000 തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കുമെന്നുമാണ് അധികൃതരുടെ വിലയിരുത്തൽ.

മേഖലയിലെ സുപ്രധാന ശക്തിയായി യു.എ.ഇ ഉയർന്നുവന്നത് എണ്ണയോടൊപ്പം വിദേശീയരെക്കൂടി ചേർത്തുനിർത്തിയായിരുന്നു. വിദേശീയരുടെ ഒഴുക്ക് കാരണമായി 2000-2019 കാലയളവിനിടയിൽ മൂന്ന് മില്യണിൽ നിന്നും പത്ത് മില്യണിന് അടുത്തേക്കാണ് യു.എ.ഇയിലെ ജനസംഖ്യ വളർന്നത്. ഇത് രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം നാലിരട്ടിയാക്കി വർധിപ്പിക്കുകയും ചെയ്‌തു. കൊവിഡ് പിടിമുറുക്കിയതോടെ വിദേശീയരായ ജനങ്ങൾ രാജ്യംവിട്ടതോടെ സാമ്പത്തിക രംഗം ചുരുങ്ങി. 2020-ൽ 6.1 ശതമാനമാണ് വാർഷിക ജി.ഡി.പിയിൽ ഇടിവുണ്ടായത്. ഇത് പരിഹരിക്കാനാണ് വിദേശ നിക്ഷേപവും ജോലിക്കാരെയും ആകർഷിച്ചുകൊണ്ടുള്ള നടപടികളിലേക്ക് അധികൃതർ കടന്നത്. സാമ്പത്തിക രംഗം എണ്ണയിലെ ആശ്രയം കുറച്ച് സാങ്കേതിക, ഡിജിറ്റൽ, സേവന മേഖലകളിലേക്ക് കൂടുതൽ ഊന്നൽ നൽകാൻ ആരംഭിച്ചതോടെ സ്വദേശീയരുടെ തൊഴിൽ ശക്തി മതിയാകാതെ വന്നതും വിദേശീയരെ ആകർഷിക്കാനുള്ള നടപടികൾ കൈക്കൊള്ളാൻ യു.എ.ഇയെ നിർബന്ധിതരാക്കിയിട്ടുണ്ട്.

കൊവിഡ് മഹാമാരി ഗുരുതരമായി മിക്ക രാജ്യങ്ങളെയും ബാധിച്ചപ്പോഴും യു.എ.ഇ പ്രതിസന്ധികളെ തരണംചെയ്‌ത്‌ മുന്നേറിയെന്നാണ് നിരീക്ഷണം. സാമ്പത്തിക വളർച്ച പൊതുവെ ചുരുങ്ങിയിരുന്നെങ്കിലും സുപ്രധാനമായ മൂന്ന് റോഡുകൾ ഉൾപ്പടെ മെഗാ പ്രോജക്ടുകളും നിർമാണ മേഖലയും പതിയെയാണെങ്കിലും മുന്നേറുകയായിരുന്നു. സാമ്പത്തിക വളർച്ചാ നിരക്ക് മെച്ചപ്പെടുത്താൻ 33 പദ്ധതികൾ ആവിഷ്‌കരിച്ച യു.എ.ഇ സുഗമമായ നടത്തിപ്പിനായി പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചിരുന്നു.

കൊവിഡ് പ്രതിസന്ധി ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ തെറ്റായ നയങ്ങളും സാമ്പത്തിക പ്രവണതകളും തിരുത്താനുള്ള അവസരമായിക്കൂടി കാണുന്നുവെന്നാണ് സാമ്പത്തിക വിദഗ്ധനായ സിയാദ് ദാവൂദ് പറയുന്നത്. ഇതിൽ ദേശീയവത്കരണ നയങ്ങളും ദേശസാൽകൃത നടപടികളും അധികമായ പൊതു ഉടമസ്ഥതയും ഒക്കെ തിരുത്തപ്പെടുമെന്നും അദ്ദേഹം വിലയിരുത്തുന്നു.