‘ആര്യന്‍ ഖാന്‍ കേസില്‍ വാങ്കഡെ ഗൂഢാലോചന നടത്തി എട്ടുകോടി വാങ്ങി’; ഗുരുതര ആരോപണവുമായി അന്വേഷണ ഏജന്‍സിയുടെ സാക്ഷി

മുംബൈ: ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിമരുന്നുകേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെ എട്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി അന്വേഷണ ഏജന്‍സിയുടെ സാക്ഷി. വാങ്കഡെ പ്രൈവറ്റ് ഡിറ്റക്റ്റീവ് കെ.പി ഗോസാവിയുമായി ഗൂഢാലോചന നടത്തിയെന്നും പണം കൈപ്പറ്റിയെന്നുമാണ് സാക്ഷി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നത്. ആര്യന്‍ അറസ്റ്റിലായ ദിവസം അദ്ദേഹത്തോടൊപ്പം സെല്‍ഫിയെടുത്ത് വിവാദത്തിലായ വ്യക്തിയാണ് കെ.പി ഗോസാവി. ആരോപണങ്ങള്‍ നിഷേധിച്ച വാങ്കഡെ, ഉചിതമായ മറുപടി നല്‍കുമെന്നും പ്രതികരിച്ചു.

ഗോസാവിയുടെ അംഗരക്ഷകനെന്ന് വിശേഷിപ്പിച്ച പ്രഭാകര്‍ സെയ്ല്‍ ആണ് വാങ്കഡെയ്ക്ക് ഗോസാവി 8 ലക്ഷം രൂപനല്‍കിയെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. സാം ഡിസൂസ എന്ന വ്യക്തിയുമായി ഗോസാവി 18 ലക്ഷം രൂപയുടെ ഡീല്‍ ഉറപ്പിക്കുന്നത് താന്‍ കേട്ടു. ഇതില്‍ എട്ടുകോടി വാങ്കഡെയ്ക്ക് നല്‍കിയെന്നാണ് പ്രഭാകര്‍ സെയ്ല്‍ പറയുന്നത്. ഗോസാവിയില്‍നിന്നും പണം വാങ്ങി ഡിസൂസയെ ഏല്‍പിച്ചത് താനാണെന്നും പ്രഭാകര്‍ പറയുന്നു.

ഒക്ടോബര്‍ ആറിന് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് അന്വേഷണ ഏജന്‍സി പ്രഭാകര്‍ സെയ്ല്‍ സാക്ഷിയാണെന്ന കാര്യം അറിയിച്ചത്. ഗോസാവി നിലവില്‍ ഒളിവില്‍ പോയിരിക്കുകയാണെന്ന് പ്രഭാകര്‍ പറയുന്നു. തന്റെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും അതുകൊണ്ടാണ് സത്യവാങ് മൂലം സമര്‍പ്പിക്കുന്നതെന്നുമാണ് പ്രഭാകര്‍ വിശദീകരിക്കുന്നത്.

എന്നാല്‍, ഈ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് അന്വേഷണ ഏജന്‍സിയുടെ പ്രതികരണം. പണം കൈമാറിയിട്ടുണ്ടെങ്കില്‍ എന്തിനാണ് ചിലര്‍ ഇപ്പോഴും ജയിലില്‍ തുടരുന്നത് എന്ന മറുചോദ്യവും ഏജന്‍സി ഉന്നയിച്ചു. അന്വേഷണ ഏജന്‍സിയുടെ പ്രതിച്ഛായ തകര്‍ക്കാനാണ് ഇത്തരം ആരോണങ്ങളെന്നും ഇടപാടുകള്‍ നടന്നെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ ഓഫീസിലെ സിസിടിവിയില്‍നിന്ന് ലഭിച്ചിട്ടില്ലെന്നും അന്വേഷണ ഏജന്‍സി വൃത്തങ്ങള്‍ പറഞ്ഞതായി എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു.