‘ആട്ടിന്‍തോലിട്ട വര്‍ഗീയ കോമരം’; ലക്ഷദ്വീപ് അഡ്മിനെ ഓടിക്കണമെന്ന് വി ഡി സതീശന്‍

ലക്ഷദ്വീപ് അഡ്മിന്‍ പ്രഫുല്‍ പട്ടേലിനെതിരെ രൂക്ഷവിമര്‍ശനവുമായി യുഡിഎഫ് നിയമസഭാ കക്ഷി നേതാവ് വി ഡി സതീശന്‍. പ്രഫുല്‍ പട്ടേല്‍ ആട്ടിന്‍ തോലിട്ട വര്‍ഗീയ കോമരമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. തോന്ന്യവാസമാണ് അഡ്മിനിസ്‌ട്രേറ്റര്‍ കാണിക്കുന്നത്. ദ്വീപില്‍ നിന്ന് അഡ്മിനിസ്‌ട്രേറ്ററെ ഓടിക്കണം. ലക്ഷദ്വീപുകാരുടെ തനിമയെ കേന്ദ്ര സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

ദ്വീപ് അഡ്മിന്റെ നയങ്ങള്‍ക്കും ഉത്തരവുകള്‍ക്കുമെതിരെ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാകുകയാണ്. ദ്വീപ് ജനതയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കളും ജനപ്രതിനിധികളും രംഗത്തെത്തി. അഭിനേതാക്കളും സംവിധായകരുമടക്കമുള്ള സെലിബ്രിറ്റികളും ദ്വീപ് നിവാസികളെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നുണ്ട്. പൃഥ്വിരാജ്, സലിംകുമാര്‍, സണ്ണി വെയ്ന്‍, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, ഷെയ്ന്‍ നിഗം തുടങ്ങിയവരുടെ സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ വാര്‍ത്തയായിരുന്നു.

കുറച്ചുദിവസങ്ങളായി ലക്ഷദ്വീപിലുള്ളവര്‍ തന്നെ വിളിച്ച് ആശങ്ക പങ്കുവെയ്ക്കുകയാണെന്ന് പൃഥ്വിരാജ് പറഞ്ഞു. ഏത് നിയമമാണെങ്കിലും പരിഷ്‌കാരമാണെങ്കിലും ആ നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാകണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതത്തെ തടസപ്പെടുത്തുന്നത് എങ്ങനെ പുരോഗമനമാകുമെന്ന് പൃഥ്വിരാജ് ചോദിച്ചു. ദ്വീപില്‍ നിന്ന് കേരളത്തിലേക്ക് അധിക ദൂരമില്ലെന്നായിരുന്നു സലിംകുമാറിന്റെ പ്രതികരണം.