‘ആശങ്ക വേണ്ട’; ഡാമുകള്‍ പകല്‍ മാത്രമേ തുറക്കൂയെന്ന് റവന്യൂ മന്ത്രി; ഇടുക്കിയില്‍ ജലനിരപ്പ് 2396.86 അടിയായി

ഡാമുകള്‍ തുറക്കുന്നത് കൊണ്ട് ആളുകള്‍ പേടിക്കേണ്ട ആവശ്യമില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കക്കി ഡാമിന്റെ രണ്ട് ഷട്ടറുകളാണ് (30 സെന്റീമീറ്റര്‍ വീതം) ഇപ്പോള്‍ തുറന്നിരിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ പത്ത് ശതമാനം ജലം മാത്രമാണ് പതുക്കെ പതുക്കെ തുറന്നുവിടുന്നതെന്നും മന്ത്രി പറഞ്ഞു.

ഡാമുകള്‍ തുറക്കേണ്ടി വന്നാല്‍ പകല്‍ സമയത്ത് മാത്രമേ തുറക്കൂയെന്ന് മന്ത്രി രാവിലെ പറഞ്ഞിരുന്നു. ഇടുക്കി ഡാം ഇപ്പോള്‍ തുറക്കേണ്ടതില്ല. കക്കി ഡാം തുറക്കുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സോഷ്യല്‍ മീഡിയ ഉപയോഗിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുന്നറിയിപ്പ് വൈകിയെന്ന ആരോപണം മന്ത്രി തള്ളി.

മുന്നറിയിപ്പുകള്‍ നല്‍കുന്നത് കേന്ദ്ര കാലാവസ്ഥാ വകുപ്പാണ്. അതിന് അനുസരിച്ചാണ് സംസ്ഥാനം പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര അറിയിപ്പ് ലഭിച്ച ഉടന്‍ പ്രവര്‍ത്തിച്ചു.

കെ രാജന്‍

കക്കി ഡാം കൂടാതെ ആനത്തോട്, ഷോളയാര്‍ ഡാമുകള്‍ കൂടി ഇന്ന് തുറക്കും. നദീതീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. 2396.86 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. ഒരടി കൂടി ഉയര്‍ന്ന് 2397.86 എത്തിയാല്‍ കേന്ദ്ര ജല കമ്മീഷന്റെ മാനദണ്ഡമനുസരിച്ച് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. വീണ്ടും ഒരടി ഉയര്‍ന്നാല്‍ ഡാം തുറക്കും. നിലവില്‍ ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഷട്ടറുകള്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. സര്‍ക്കാരിന്റേയും ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റേയും തീരുമാനം അനുസരിച്ചാകും ഡാം തുറക്കല്‍. ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 165.30 മീറ്റര്‍ കടന്നു. 133 അടിയാണ് മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ്.

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ട മഴ തുടരും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴ പെയ്‌തേക്കും. തുലാവര്‍ഷമെത്തുന്നതിന് മുന്‍പുള്ള കിഴക്കന്‍ കാറ്റ് ശക്തമാകുന്നതിനാല്‍ ബുധനാഴ്ച്ച മുതല്‍ മഴ വീണ്ടും ആരംഭിക്കും. ബുധനാഴ്ച്ച മുതല്‍ മൂന്ന്-നാല് ദിവസത്തേക്ക് വ്യാപക മഴയുണ്ടാകുമെന്നാണ് അറിയിപ്പ്.