‘ജയിലില്‍ അടയ്ക്കാനാണ് തീരുമാനമെങ്കില്‍ പുഷ്പം പോലെ സ്വീകരിക്കും’; പണി മതിയാക്കില്ലെന്ന് കെ സുരേന്ദ്രന്‍

മഞ്ചേശ്വരത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി എതിര്‍ സ്ഥാനാര്‍ത്ഥിയ്ക്ക് കോഴ നല്‍കിയെന്ന കേസിലും കൊടകര കുഴല്‍പ്പണക്കേസിലും അന്വേഷണം പുരോഗമിക്കവെ സര്‍ക്കാരിനെ വെല്ലുവിളിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപി നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനാണ് ശ്രമമെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ആയാലും ശബരിമല സമരക്കാലത്ത് ആയാലും ആയിരക്കണക്കിനു പ്രവര്‍ത്തകരേയും നേതാക്കളേയും കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് ജയില്‍ അറകളില്‍ നിങ്ങള്‍ അടച്ചു. ഞങ്ങള്‍ ആരെങ്കിലും ഈ പണി മതിയാക്കി പോയിട്ടുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

ഇനി മഞ്ചേശ്വരം കേസിലായാലും കൊടകര കേസിലായാലും കള്ള കേസ് എടുത്ത് ജയിലില്‍ അടയ്ക്കാനാണ് തീരുമാനമെങ്കില്‍ അതിനെ പുഷ്പം പോലെ സ്വീകരിച്ച് ഈ നാട്ടിലെ ജനങ്ങളോടൊപ്പം അതിനെ നേരിടാന്‍ തയ്യാറായിട്ട് തന്നെയാണ് ബിജെപി മുന്നോട്ട് പോവുന്നത്.

കെ സുരേന്ദ്രന്‍

ആരുടേയും ഔദാര്യത്തിലോ കരുണയിലോ അല്ല ഈ പ്രസ്ഥാനം ഇത്രയും കാലം കേരളത്തില്‍ പ്രവര്‍ത്തിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു. അനധികൃത മരംകൊള്ളക്കെതിരെ സെക്രട്ടറിയേറ്റ് നടയില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ പ്രതികരണം.

സി കെ ജാനുവിനെ എന്‍ഡിഎയിലെത്തിക്കാനും സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാനും രണ്ട് തവണയായി 50 ലക്ഷം രൂപ കോഴ നല്‍കിയെന്ന ആരോപണത്തില്‍ കെ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കല്‍പറ്റ കോടതി ഉത്തരവിട്ടിരുന്നു.

കൊടകര കുഴല്‍പ്പണക്കേസിലെ പ്രതികള്‍ കോടതിയില്‍ നല്‍കിയ മൊഴിയും ബിജെപി സംസ്ഥാന നേതൃത്വത്തിന് തിരിച്ചടിയായിട്ടുണ്ട്. പണം കടത്തിക്കൊണ്ടുവന്ന പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ തന്നെയാണ് കവരാനും ആവശ്യപ്പെട്ടതെന്ന് പ്രതികള്‍ പറഞ്ഞു. തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് കേസിലെ പത്ത് പ്രതികള്‍ ഈ മൊഴി നല്‍കിയത്.

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുന്‍പ് കൊടകര ദേശീയ പാതയില്‍ വെച്ച് കവര്‍ച്ച ചെയ്യപ്പെട്ട പണം ബിജെപിയുടേതാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ബിജെപി നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ച ഹവാലപ്പണം ആണിതെന്ന് അന്വേഷണസംഘം വ്യക്തമാക്കി. നേതാക്കള്‍ പറഞ്ഞ പ്രകാരം ആലപ്പുഴയിലെ ജില്ലാ ട്രഷറര്‍ക്ക് നല്‍കാനാണ് പണം കൊണ്ടുവന്നത്. ഇലക്ഷന് മുന്‍പുള്ള ഒരു മാസത്തിനിടെ ധര്‍മരാജന്‍ കര്‍ണാടകയില്‍ നിന്ന് ഹവാലപ്പണം കൊണ്ടുവന്നത് അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചട്ട പ്രകാരം രണ്ട് ലക്ഷം രൂപ മാത്രം കൈവശം വെയ്ക്കാനാണ് അനുമതിയുള്ളത്. എന്നാല്‍ ധര്‍മരാജന്റെ ഡ്രൈവര്‍ ഷംജീറിന്റെ കൈയില്‍ മൂന്നരക്കോടി രൂപയുണ്ടായിരുന്നു. ഈ പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്ന രേഖകള്‍ ഒന്നും ധര്‍മ്മരാജന്‍ ഹാജരാക്കിയിട്ടില്ല. ഉറവിടം സമര്‍പ്പിച്ചാല്‍ തന്നെ അത് പുനപരിശോധിക്കണമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.