‘മൂന്നിലൊരാൾ മരണപ്പെടാം’, ‘നിയോകോവ്’ വകഭേദം കണ്ടെത്തി വുഹാൻ ശാസ്ത്രജ്ഞർ

ഉയർന്ന മരണനിരക്കിന് കാരണമായേക്കാവുന്ന പുതിയ കൊവിഡ് വകഭേദം ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. ‘നിയോകോവ്’ എന്നാണ് പുതിയ വൈറസിന് പേരുനൽകിയിരിക്കുന്നത്. ജനിതകമാറ്റം വന്ന ഈ കൊറോണവൈറസ് ബാധിക്കുന്ന മൂന്നുപേരിൽ ഒരാൾ മരണപ്പെടുമെന്നാണ് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നത്. ചൈനയിലെ വുഹാൻ വൈറോളജി ഇന്സിറ്റിട്യൂട്ടിലെ ശാസ്ത്രജ്ഞരാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്.

പശ്ചിമേഷ്യൻ രാജ്യങ്ങളിൽ മുൻപ് വവ്വാലുകളിൽ കണ്ടെത്തിയിരുന്ന മെർസ് വിഭാഗത്തിൽ പെടുന്ന നിയോകോവ് മനുഷ്യരിലേക്ക് പടരില്ല എന്നായിരുന്നു ഇതുവരെയുള്ള നിഗമനം. എന്നാൽ ഏറ്റവും പുതിയ പഠനപ്രകാരം നിയോകോവും അതിനോടടുത്ത് നിൽക്കുന്ന പിഡിഎഫ്-2018-കോവ് വകഭേദവും മനുഷ്യരിലേക്ക് പടരുമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

വൈറസ് രോഗങ്ങളായ മിഡിൽ ഈസ്റ്റ് റെസ്‌പിറേറ്ററി സിൻഡ്രോമിന്റെയും സാർസ്-കോവ്-2 കൊറോണാ വൈറസിന്റെയും മിശ്രണമാണ് ‘നിയോകോവ്’. ഒറ്റ മ്യൂട്ടേഷൻ കൂടി സംഭവിക്കുന്നതോടെ നിയോകോവ് മനുഷ്യരിലേക്ക് പടർന്നുപിടിക്കുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. മെർസ്, സാർസ് കോവ് 2 വൈറസുകൾക്കെതിരെയുള്ള ആന്റിബോഡികൊണ്ട് നിയോകോവിനെ പ്രതിരോധിക്കാൻ സാധ്യമല്ലെന്നും ശാസ്ത്രജ്ഞർ കണ്ടെത്തിയതായി സ്പുട്നിക് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

നിയോകോവിന്റെ മനുഷ്യരിലെ അപകട സാധ്യകളെക്കുറിച്ച് ശാസ്ത്ര സംഘടനകളുമായി ചേർന്ന് കൂടുതൽ പഠനം നടത്തുകയാണെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കി. ഒമിക്രോൺ വ്യാപനത്തോടെ കൊറോണാ വകഭേദങ്ങൾ അവസാനിക്കില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ കൊവിഡ്-19 ടെക്‌നിക്കൽ ലീഡ് മരിയ വാങ്കെർക്കോവ് മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് നിയോകോവിന്റെ വാർത്തകളെത്തുന്നതും.