ബോക്സ് ഓഫീസിൽ പുത്തൻ റെക്കോർഡിട്ട് ‘കെജിഎഫ്’; നാലാം ദിനം 550 കോടി കടന്നു

ഇന്ത്യയിലും ആഗോളതലത്തിലും ബോക്‌സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് കന്നട സൂപ്പര്‍ സ്റ്റാര്‍ യാഷ് നായകനായ ചിത്രം ‘കെജിഎഫ്: ചാപ്റ്റര്‍ 2’. ആദ്യദിനം നൂറ് കോടി പിന്നിട്ട ചിത്രം റിലീസ് ചെയ്ത് നാല് ദിവസം കഴിയുമ്പോള്‍ ആഗോലതലത്തില്‍ 500 കോടി രൂപയിലധികം വരുമാനം നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലന്‍ ട്വീറ്റ് ചെയ്ത കണക്കുകള്‍ പ്രകാരം 551.83 കോടി രൂപയാണ് നാലാം ദിവസം പിന്നിടുമ്പോള്‍ ചിത്രത്തിന്‌റെ ബോക്‌സ് ഓഫീസ് കളക്ഷന്‍.

ഒന്നാം ദിവസം: 165.37 കോടി
രണ്ടാം ദിവസം: 139.25 കോടി
മൂന്നാം ദിവസം: 115.08 കോടി
നാലാം ദിവസം: 132.13 കോടി
ആകെ: 551.83 കോടി

കേരളത്തില്‍ പൃഥ്വിരാജ് സുകുമാരന്‍ വിതരണം ഏറ്റെടുത്ത ചിത്രം ആദ്യം ദിനം ഇവിടെ നിന്ന് നേടിയത് 7.48 കോടി രൂപയാണ്. ആദ്യദിനം ഒരു സിനിമയ്ക്ക് കേരളത്തില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്.

സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കിയ ചിത്രത്തിന്‌റെ മുടക്കുമുതല്‍ 100 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്. 2018ല്‍ റിലീസ് ചെയ്ത ഒന്നാം ഭാഗത്തിന്‌റെ ബജറ്റ് 80 കോടി രൂപയായിരുന്നു. 250 കോടി രൂപയായിരുന്നു ഒന്നാം ഭാഗത്തിന്‌റെ കളക്ഷന്‍. ഏറ്റവും കൂടുതല്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയ കന്നട ചിത്രം എന്ന ‘കെജിഎഫ്’ ആദ്യ ചാപ്റ്ററിന്‌റെ റെക്കോര്‍ഡ് ആണ് ചാപ്റ്റര്‍ 2 തകര്‍ത്തിരിക്കുന്നത്.

1960-70 കാലഘട്ടത്തില്‍ കോലാര്‍ സ്വര്‍ണഖനി തൊഴിലാളികളുടെ അടിമ ജീവിതവും അതിജീവനവും തുടര്‍ന്ന് അവിടെ നിന്നും അധോലോക നേതാവിലേക്കുള്ള നായകന്റെ വളര്‍ച്ചയും പിന്നുടുണ്ടാകുന്ന സംഭവങ്ങളുമാണ് ‘കെജിഎഫി’ലൂടെ സംവിധായകന്‍ പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കുന്നത്.