‘അതെ, ഞാനാണാ ആങ്കര്‍ തെണ്ടി’; മോഹന്‍ലാലിനെ നിക്കറിട്ട് അഭിമുഖം ചെയ്തതിന്റെ പേരില്‍ ജിനുവിന് പരിഹാസ കമന്റ്, മറുപടി

അഞ്ചു സുന്ദരികള്‍ എന്ന ആന്തോളജിയിലെ അമല്‍ നീരദ് ചിത്രം ‘കുള്ളന്റെ ഭാര്യ’യിലൂടെ പ്രേക്ഷക മനസില്‍ ഇടം പിടിച്ച നടനാണ് ജിനു ബെന്‍. ഒറ്റ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ ശേഷം ജിനു തന്റെ പ്രൊഫഷനിലേക്ക് മടങ്ങി. ഫേസ്ബുക്ക് ഇന്ത്യയിലെ മുതിര്‍ന്ന ജീവനക്കാരനായ ജിനു ഇടയ്ക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിന് വേണ്ടി അഭിമുഖങ്ങള്‍ എടുക്കാറുണ്ട്. മോഹന്‍ലാലിനെ ഈയിടെ ജിനു ഫേസ്ബുക്ക് ലൈവില്‍ ഇന്റര്‍വ്യൂ ചെയ്തിരുന്നു. ടീ ഷര്‍ട്ടും ത്രീ ബൈ ഫോര്‍ത്തും വള്ളിച്ചെരുപ്പും ധരിച്ച് കാഷ്വലായാണ് ജിനു നടനോട് സംസാരിച്ചത്. ലൈവില്‍ ഇതിനെ പരിഹസിച്ച് മനുപീറ്റര്‍ എന്ന യൂസര്‍ കമന്റ് ചെയ്തു. ‘100 രൂപയുടെ വള്ളിച്ചെരുപ്പും കുട്ടി നിക്കറും ആയിട്ട് ഇറങ്ങിയേക്കുവാ ആങ്കര്‍ തെണ്ടി’ എന്നായിരുന്നു യൂസറുടെ പ്രതികരണം.

കമന്റിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ജിനു ഇപ്പോള്‍. മോഹന്‍ലാലിനൊപ്പമുള്ള ഫ്രെയിമിലെ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് നടന്‍ ഷെയര്‍ ചെയ്തു. വസ്ത്രധാരണത്തെച്ചൊല്ലിയുള്ള പരിഹാസത്തെ ‘അതെ.. ഞാനാണ് ആ അങ്കര്‍ തെണ്ടി’ എന്ന ക്യാപ്ഷനോടെ ജിനു നിസ്സാരമായി തള്ളിക്കളഞ്ഞു.

ജിനു പങ്കുവെച്ച സ്‌ക്രീന്‍ ഷോട്ട്

കഴിഞ്ഞ ഫെബ്രുവരിയില്‍ നീസ്ട്രീം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്ത ‘തിരികെ’യാണ് ജിനു ഏറ്റവുമൊടുവില്‍ ചെയ്ത ചിത്രം. ജിനു എന്ന ബേക്കറി മാനേജരെയാണ് നടന്‍ അവതരിപ്പിച്ചത്. ഡബ്ബിങ്ങിലും സജീവമാണ് ജിനു ബെന്‍. ഫിലിപ്‌സ് ആന്‍ഡ് മങ്കിപെന്‍, റെഡ് വൈന്‍, സപ്തമശ്രീ തസ്‌കര, മുന്നറിയിപ്പ്, ഡിവൈഎസ്പി ശങ്കുണ്ണി അങ്കിള്‍, വണ്ടര്‍ഫുള്‍ ജേര്‍ണി, ദ റിപ്പോര്‍ട്ടര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. സൂര്യ ടിവിയിലെ രസിക രാജാ നമ്പര്‍ വണ്‍ എന്ന പരിപാടിയുടെ അസിസ്റ്റന്റ് ഡയറക്ടറായാണ് ജിനു എന്റര്‍ടെയ്ന്‍മെന്റ് ഇന്‍ഡസ്ട്രിയിലേക്ക് ചുവടുവെച്ചത്. പിന്നീട് ഹലോ എഫ്എമ്മില്‍ സോണിക് പ്രൊഡ്യൂസറായി. റേഡിയോ മാംഗോ, റെഡ് എഫ്എം, സൂര്യന്‍ എഫ്എം എന്നീ ചാനലുകളില്‍ ജോക്കിയായി ജോലി ചെയ്തിട്ടുണ്ട്.