മമ്മൂട്ടി ഒറ്റവാചകത്തില്‍ കുറുപ്പ് റിവ്യൂ ചെയ്‌തെന്ന് ദുല്‍ഖര്‍; ‘വാപ്പിച്ചിയുടെ ഫോണെടുത്ത് പ്രമോഷന്‍ പോസ്റ്റിട്ടത് ഞാന്‍ തന്നെ’

പ്രീ ബുക്കിങ്ങ് ഹൗസ് ഫുള്‍ ആയെന്ന വാര്‍ത്ത കൂടി എത്തിയതോടെ ‘കുറുപ്പ്’ കാണാനുള്ള ആകാംഷ പ്രേക്ഷകരില്‍ ഏറി വരികയാണ്. ഇതിനിടെ സിനിമയേക്കുറിച്ച് മമ്മൂട്ടി നടത്തിയ പ്രതികരണം പങ്കുവെച്ചിരിക്കുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. പൊതുവേ തന്റെ സിനിമകള്‍ കണ്ടാല്‍ അഭിപ്രായം പറയാത്ത വാപ്പിച്ചി ഇത്തവണ ഒറ്റ വാചകത്തില്‍ കുറുപ്പിനേക്കുറിച്ച് പ്രതികരിച്ചെന്ന് ദുല്‍ഖര്‍ പറഞ്ഞു.

ഇതൊരു സിനിമാറ്റിക് എക്‌സ്പീരിയന്‍സായെന്ന് പറഞ്ഞു.

ദുല്‍ഖര്‍ സല്‍മാന്‍

തന്റെ സിനിമകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രമോട്ട് ചെയ്യാത്ത മമ്മൂട്ടിയുടെ ഫോണില്‍ നിന്ന് താന്‍ തന്നെയാണ് കുറുപ്പ് ട്രെയിലര്‍ ഷെയര്‍ ചെയ്തതെന്ന് ദുല്‍ഖര്‍ പ്രതികരിച്ചു. ‘ഫോണൊന്ന് എടുക്കുവാണേ എന്ന് പറഞ്ഞ് ഞാന്‍ തന്നെയാണ് പോസ്റ്റ് ചെയ്തത്. ഞാന്‍ സാധാരണ ആരോടും എന്റെ സിനിമ പ്രമോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കാറില്ല. കുറുപ്പ് ഇത്ര വലിയ സിനിമയും കൊവിഡിന് ശേഷം വരുന്ന ആദ്യത്തെ സിനിമയാകുകയും ചെയ്തതുകൊണ്ട് ഞാന്‍ പരമാവധി ആളുകളോട് അഭ്യര്‍ത്ഥിച്ചു. എല്ലാവരും ഷെയര്‍ ചെയ്യണമെന്ന് പറഞ്ഞു. എന്റെ വീട്ടില്‍ തന്നെ..സ്വന്തം വാപ്പിച്ചിയോട് ‘പ്ലീസ്..ഈ പടമെങ്കിലും. എനിക്ക് വേണ്ടി’ എന്നിട്ട് ‘ഞാന്‍ ഫോണൊന്ന് എടുക്കുവാണേ’ എന്ന് പറഞ്ഞ് ഞാന്‍ തന്നെ പോസ്റ്റ് ചെയ്തു. ട്രോളുകളൊക്കെ കറക്ടായിരുന്നു.’

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജില്‍ വന്ന കുറുപ്പ് പോസ്റ്റിന് കീഴില്‍ ദുല്‍ഖറെത്തി ലവ് സ്‌മൈലികള്‍ കമന്റിടുകയും ചെയ്തിരുന്നു. മമ്മൂക്കയുടെ ഫോണെടുത്ത് പേജില്‍ ‘കുറുപ്പ്’ ട്രെയിലര്‍ പോസ്റ്റ് ചെയ്തത് ദുല്‍ഖറാണെന്ന കമന്റുകളും ട്രോളുകളും അന്ന് തന്നെ വന്നിരുന്നു.

‘കുറുപ്പ്’ യാഥാര്‍ത്ഥ്യത്തോട് നീതി പുലര്‍ത്തുന്ന ചിത്രമായിരിക്കുമെന്നും ദുല്‍ഖര്‍ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൊലയാളിയായ സുകുമാരക്കുറുപ്പിനെ മഹത്വവല്‍ക്കരിക്കുകയാണോയെന്ന ചോദ്യങ്ങളുയരുന്നതിനിടെയാണ് നടന്റെ പ്രതികരണം. ‘കഥാപാത്രത്തോട് നീതി പുലര്‍ത്തിയിട്ടേ കാര്യമുള്ളൂ. സിനിമയില്‍ യാഥാര്‍ത്ഥ്യം തന്നെയാകും ആവിഷ്‌കരിക്കപ്പെടുക. കുറച്ച് സ്റ്റൈലും ഫ്‌ളേവറുകളുമുണ്ടാകും. ക്രൈം ഡോക്യുമെന്ററികളൊക്കെ കാണുമ്പോള്‍ അറിയാം, ആളുകളെ പറ്റിക്കുന്ന തട്ടിപ്പുകാര്‍ വലിയ രീതിയില്‍ എന്‍ജോയ് ചെയ്ത് ജീവിക്കുന്നവരാണ്. കുറുപ്പിനേക്കുറിച്ച് നടത്തിയ എല്ലാ പഠനങ്ങളില്‍ നിന്നും അയാള്‍ ഒരു സ്റ്റൈലിഷായി നടന്ന ആളാണെന്നാണ് മനസിലാക്കാനായത്. അങ്ങനെ കാണുമ്പോള്‍ ചിലര്‍ക്ക് ഹീറോയിക് ആയി തോന്നുമെങ്കിലും സിനിമ കാണുമ്പോള്‍ അങ്ങനെ തോന്നില്ല.’

വെയ്ഫാറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 35 കോടിയോളം നിര്‍മ്മാണ ചെലവ് അവകാശപ്പെടുന്ന ചിത്രം ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും ബജറ്റുള്ള ചിത്രമാണ്. 2012ല്‍ ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രമായ ‘സെക്കന്‍ഡ് ഷോ’ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനമെന്നതും മറ്റൊരു പ്രത്യേകതയാണ്. കെ എസ് അരവിന്ദ്, ജിതിന്‍ കെ ജോസ്, ഡാനിയേല്‍ സായൂജ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയെഴുതിയത്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. സുഷിന്‍ ശ്യാമിന്റേതാണ് സംഗീതം. എഡിറ്റിങ്ങ് വിവേക് ഹര്‍ഷന്‍. നവംബര്‍ 12ന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന് വമ്പന്‍ ഇനീഷ്യല്‍ ക്രൗഡ് പുള്‍ ഉണ്ടാകുമെന്ന് ഉറപ്പായി.

Also Read: ‘ദുല്‍ഖറിനെയോ ‘കുറുപ്പി’നെയോ ഉദ്ദേശിച്ച് പറഞ്ഞതല്ല’; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി പ്രിയദര്‍ശന്‍