ആദിത്യനാഥ് അയോധ്യയിൽ മത്സരിക്കില്ല, കന്നി അങ്കം ഗൊരഖ്‌പൂരിൽ

ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥ് അയോധ്യയിൽ നിന്നും മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച് ബിജെപി. ശക്തികേന്ദ്രമായ ഗൊരഖ്‌പൂരിൽനിന്ന് തന്നെയായിരിക്കും ജനവിധി തേടുക. ആദിത്യനാഥ് അയോധ്യയിൽ നിന്നും വോട്ടെടുപ്പ് നേരിടുമെന്ന പ്രചാരണം ശക്തമായിരുന്നു. സംസ്ഥാന നേതാക്കളും ഈ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ഒന്നാംഘട്ട സ്ഥാനാർഥി പട്ടികയിൽ ആദിത്യനാഥ് ഗൊരഖ്‌പൂരിൽ നിന്നും മത്സരിക്കുമെന്നാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്.

ആദ്യമായാണ് ആദിത്യനാഥ് നിയമസഭാ തെരഞ്ഞെടുപ്പ് ഗോധയിൽ ഇറങ്ങുന്നത്. നേരിട്ട് തെരഞ്ഞെടുപ്പ് ആവശ്യമില്ലാത്ത ലെജിസ്ളേറ്റീവ് കൗൺസിൽ അംഗമാണ് നിലവിൽ അദ്ദേഹം.

ബിജെപിയുടെ സംസ്ഥാന തല തെരഞ്ഞെടുപ്പ് സമിതികളിൽ ആദിത്യനാഥിനെ അയോധ്യയിൽ മത്സരിപ്പിക്കാൻ ആവശ്യമുയർന്നിരുന്നു. കിഴക്കൻ യുപിയിൽ പാർട്ടിക്ക് ക്ഷയമുണ്ടെന്നും ആദിത്യനാഥിനെ അയോധ്യയിൽ ഇറക്കിയാൽ ശക്തിപ്പെടുത്താം എന്നുമായിരുന്നു സംസ്ഥാന നേതാക്കളുടെ നിരീക്ഷണം. അന്തിമ തീരുമാനം നരേന്ദ്രമോഡിയും, അമിത് ഷായും, ജെപി നദ്ദയും ഉൾപ്പെടുന്ന കേന്ദ്രനേതൃത്വം പ്രഖ്യാപിക്കും എന്നാണ് കഴിഞ്ഞയാഴ്ച്ച യുപി ബിജെപി വക്താക്കൾ പറഞ്ഞിരുന്നത്.

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് സുപ്രീം കോടതി അനുമതി നൽകിയത് രാഷ്ട്രീയ ആയുധമായി യുപി തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ ഉപയോഗിക്കാനായിരുന്നു ബിജെപി തീരുമാനം. എന്നാൽ അയോധ്യക്ക് പകരം ആദിത്യനാഥ് സുരക്ഷിതമായ ഗൊരഖ്‌പൂരിൽ തന്നെ തുടരാൻ തീരുമാനിച്ചതിന്റെ കാരണങ്ങൾ വ്യക്തമല്ല. പലതവണ ആദിത്യനാഥിനെ പാർലമെന്റിലേക്ക് വിജയിപ്പിച്ച മണ്ഡലമാണ് ഗൊരഖ്പൂർ. അയോധ്യയിൽ ആരായിരിക്കും സ്ഥാനാർത്ഥി എന്നതും പ്രഖ്യാപിച്ചിട്ടില്ല.

“വളരെ ആലോചിച്ചെടുത്ത തീരുമാനമാണ് ഇത്. അന്തിമ വിധി കേന്ദ്ര നേതൃത്വത്തിന്റേതായിരുന്നു. പാർട്ടി പറയുന്നിടത്ത് മത്സരിക്കാം എന്നായിരുന്നു യോഗിയുടെ നിലപാട്. ഇതാണ് പാർട്ടിയുടെ തീരുമാനം,” എന്നാണ് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ തീരുമാനം വിശദീകരിച്ചത്. സ്വന്തം തട്ടകമായ ഗൊരഖ്പൂർ തന്നെ വേണമെന്ന് ആദിത്യനാഥ് വാശിപിടിച്ചിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.

ആറാം ഘട്ടമായ മാർച്ച് മൂന്നിനാണ് ഗൊരഖ്പൂരിൽ വോട്ടെടുപ്പ്. പതിനെട്ട് വർഷത്തിൽ ആദ്യമായാണ് ഉത്തർ പ്രദേശിൽ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നയാൾ ജനവിധി തേടുന്നതും.

നിരവധി മന്ത്രിമാരുടെ രാജി ഉൾപ്പടെ ചെറുതല്ലാത്ത തിരിച്ചടികളാണ് തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ബിജെപി നേരിടുന്നത്. മറുവശത്ത് അഖിലേഷ് യാദവ് ജാതിരാഷ്ട്രീയം പറഞ്ഞ് ശക്തമായി രാഷ്ട്രീയ ഏകോപനം നടത്തുന്നുമുണ്ട്. അവസരങ്ങൾ കൃത്യമായി സമാജ്‌വാദി പാർട്ടി ഉപയോഗപ്പെടുത്തിയാൽ ബിജെപി പതിവില്ലാത്ത രീതിയിൽ വിയർക്കാൻ സാധ്യതയുണ്ടെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.