ലോകത്തിന്റെ മിക്കയിടങ്ങളിലും, ഒരു സ്ത്രീ ആയിരിക്കുക എന്നത് നിങ്ങള്‍ക്ക് ചുറ്റുമുള്ള ലോകത്തോട് സംഘര്ഷത്തിലായിരിക്കലാണ്. ഏറ്റവും ചെറിയ കാര്യങ്ങള്‍ക്ക് പോലും സ്വാതന്ത്ര്യം പിടിച്ചുവാങ്ങാനായി പൊരുതേണ്ട ഒരു അവസ്ഥയാണത്. അതിന്റെ വിശദാംശങ്ങളില്‍ മാത്രമേ മാറ്റം വരുന്നുള്ളൂ, ആ സമരം ഒരേ പോലെ തുടരുന്നു. എന്ത് ധരിക്കണമെന്ന് തെരഞ്ഞെടുക്കാന്‍, കൂട്ടുകാരെ കാണാനായി വീടിന് പുറത്തിറങ്ങാന്‍, ഒരു കരിയര്‍ പടുത്തുയര്‍ത്താനുള്ള വിദ്യാഭ്യാസം ഉറപ്പിക്കാന്‍, എല്ലാം ഒരു വിലപേശലാണ്.
കഴിഞ്ഞ ഏതാനും ആഴ്ച്ചകള്‍ കൊണ്ട്, തീവ്ര ഇസ്ലാമിസ്റ്റ് സംഘടനയായ താലിബാന് ഞെട്ടിക്കുന്ന വേഗത്തില്‍ അഫ്ഗാനിസ്താന്റെ അധികാരം പിടിച്ചെടുത്തതോടെ, രാജ്യത്തെ വനിതകളുടെ ഭാവി ഇത്തരം വിലപേശലുകളില്‍ ഒരിക്കല്‍ കൂടി അമരാന്‍ പോകുകയാണെന്ന് വ്യക്തമായി. ഇവരുടെ ഭാവി വൈദേശിക അധിനിവേശ ശക്തികള്‍ക്ക് കീഴില്‍ സുരക്ഷിതമായിരുന്നെന്ന് പറയാനേ കഴിയില്ല, സ്വന്തം നന്മയെന്ന കെട്ടുകഥയില്‍ അഭിനിവേശിതരായ (Fixated) അമേരിക്കയുടെ കീഴില്‍ പ്രത്യേകിച്ചും. പക്ഷെ, ഒന്നിനെ അപലപിക്കല്‍ മറ്റൊരു കൂട്ടരെ പിന്തുണച്ചുകൊണ്ടുള്ള വിളിച്ചുകൂവലല്ല.
ഹിന്ദു വര്‍ഗീയവാദികള്‍ താലിബാന്റെ തിരിച്ചുവരവിനെ തങ്ങളുടെ മുന്‍വിധിയാര്‍ന്ന ലക്ഷ്യങ്ങള്‍ക്കായുള്ള ഭാഷ്യങ്ങള്‍ ചമയ്ക്കാന്‍ ആഹ്ളാദത്തോടെ ഉപയോഗിച്ചു. എന്റെ നാടായ കേരളത്തില്‍, സ്വാധീനമുള്ള ചില ഇന്ത്യന്‍ മുസ്ലീം വിഭാഗങ്ങളിലെ നേതാക്കള്‍, ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും പോലുള്ള രാഷ്ട്രീയ സംഘടനകളിലെ പുരോഗമന ആക്ടിവിസ്റ്റുകള്‍, അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസ്താവിച്ച നിലപാടുകളിലെ അസ്വസ്ഥജനകമായ പാറ്റേണും ഞാന്‍ ശ്രദ്ധിച്ചു. പ്രതികരണങ്ങള്‍ വ്യത്യസ്തമായിരുന്നു. മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് ദേശീയ വക്താവ് സജ്ജാദ് നൊമാനി ഇന്ത്യന്‍ മുസ്ലീംകളെ പ്രതിനിധീകരിച്ചുകൊണ്ട് സംസാരിക്കുകയാണെന്ന ഭാവത്തില്‍ താലിബാനെ അഭിനന്ദിച്ചു – പച്ചയായ ആഘോഷമായിരുന്നു അത്. ‘മതം, ജാതി, ലിംഗം എന്നിവയാല്‍ അരികുവല്ക്കരിക്കപ്പെട്ടവര്ക്കെതിരെ ഇന്ത്യയില്‍ ഭരണകൂട സഹായത്തോടെ അനീതികള്‍ നടക്കുന്ന സാഹചര്യത്തില്‍ പരിമിതമായ നമ്മുടെ കരുതല്‍ സഹാനുഭാവം അഫ്ഗാനിസ്താന് വേണ്ടി ചെലവഴിച്ചിട്ടു വലിയ കാര്യമില്ല’ എന്ന് ചിലര്‍ സൂചിപ്പിച്ചു. മറ്റു ചിലര്‍ താലിബാന് ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്ന സൗമ്യമായ മുഖത്തില്‍ വിശ്വാസം പ്രകടിപ്പിച്ചു. അതേ സമയം, താലിബാന്റെ അതിക്രമങ്ങളേക്കുറിച്ച് പക്വതയോടേയും സൈദ്ധാന്തിക കാര്ക്കശ്യത്തോടേയുമുള്ള നിലപാട് സ്വീകരിച്ച ഇന്ത്യന്‍ മുസ്ലീംകളുണ്ട്. അത്തരം വാദങ്ങള്‍ അഭിസംബോധന ചെയ്യപ്പെടേണ്ടത് പ്രധാനമാണ്. ഇന്ത്യന്‍ മുസ്ലീം സ്വത്വത്തിന്റെ ഗേറ്റ് കീപ്പര്‍മാരായി സ്വയം അവരോധിച്ചുകൊണ്ട് പ്രിവിലേജ്ഡ് പുരുഷന്മാര് രൂപപ്പെടുത്തുന്ന ഈ ഭാഷ്യങ്ങളിലെല്ലാം അഫ്ഗാന് വനിതകളുടെ ന്യായമായ പോരാട്ടം മായ്ക്കപ്പെടുന്നത് നമുക്ക് കാണാം.

ഒരു ഇന്ത്യന്‍ മുസ്ലീം സ്ത്രീയെന്ന നിലയില്‍ എന്റെ സഹപൗരന്ന്മാരുടെ വിദ്വേഷം നിറഞ്ഞ മതഭ്രാന്തും എന്റെ സമുദായത്തിന് അകത്തുനിന്നുള്ള ലിംഗപരമായ അടിച്ചമര്‍ത്തലും ഞാന്‍ നേരിട്ടിട്ടുണ്ട്. ഞാന്‍ പിന്തുടരുന്ന മതത്തോടുള്ള എന്റെ പ്രതിബദ്ധത അതിന്റെ സമത്വാധിഷ്ഠിത പ്രമാണങ്ങളോടുള്ള എന്റെ സമര്‍പ്പണമാണ്. ഈ സദാചാര ജിംനാസ്റ്റിക്സിനോട് സമരസപ്പെടാന്‍ എനിക്ക് കഴിയില്ല.
വടക്കന്‍ കേരളത്തിലെ ഒരു തൊഴിലാളി വര്‍ഗ മാപ്പിള മുസ്ലീം കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്, മൂന്ന് സഹോദരിമാരില്‍ രണ്ടാമത്തെയാളായി. സ്കിസോഫ്രീനിയ നിര്‍ണയിക്കപ്പെട്ട പിതാവിന് എനിക്ക് കുറച്ച് പ്രായമാകുന്ന കാലം വരെ, ജോലി ചെയ്യാന്‍ കഴിയുമായിരുന്നില്ല, വീട്ടുവേല ചെയ്ത് കിട്ടിയ വരുമാനം കൊണ്ടാണ് എന്റെ അമ്മ കുടുംബം പോറ്റിയിരുന്നത്.
തിരിഞ്ഞുനോക്കുമ്പോള്‍, പുരുഷാധിപത്യചട്ടങ്ങള് കീഴ്മേല്‍ മറിക്കപ്പെട്ട ഒരു സാഹചര്യമാണ് പിന്നീട് എനിക്ക് സ്വാതന്ത്ര്യം അവകാശപ്പെടുന്നതിന് അടിത്തറയൊരുക്കിയത്. ഞാനറിയുന്ന വിശേഷഭാഗ്യമാര്ന്ന (Privileged) വീടുകളിലെ സ്ത്രീകള്‍ക്ക് സാമ്പത്തികമായ ചില ആശ്വാസങ്ങളുണ്ടായിരുന്നു. ജീവിതം കൂട്ടിമുട്ടിക്കാന്‍ ജോലി അവര്‍ക്ക് അത്യാവശ്യമായിരുന്നില്ല. പക്ഷെ, മറ്റ് ചില സംഗതികള്‍ വിട്ടുകൊടുക്കേണ്ടി വന്നു. അവരുടെ വിലങ്ങുകള്‍ കൂടുതല്‍ ശക്തമായിരുന്നു; അവരുടെ സ്വാതന്ത്ര്യത്തിന്റെ അതിരുകള്‍ അവരെ ‘കരുതിയിരുന്ന’ പുരുഷന്മാരുടെ തോന്നലുകളെ ആശ്രയിച്ചാണിരുന്നത്.
എന്റെ പിതാവ് ഞങ്ങളുടെ മേല്‍ ഒരു തരത്തിലുള്ള നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നില്ലെങ്കില്‍ പോലും ഞങ്ങള്‍ ‘രക്ഷിക്കപ്പെടണം’ എന്ന ഉറച്ചവിശ്വാസമായിരുന്നു ആണുങ്ങളായ എന്റെ ബന്ധുക്കള്‍ക്ക്. അവരുടെ അധികാരത്തെ ചോദ്യം ചെയ്യാന്‍ പ്രയാസമായിരുന്നു. നാല് സ്ത്രീകളില്‍ അധികാരം ചെലുത്താത്തത് എന്റെ പിതാവിന്റെ കഴിവുകേടായാണ് അവര്‍ കണ്ടത്. അതാണ് അവരെ ഏറ്റവും അസ്വസ്ഥരാക്കിയതും. ‘ആണുങ്ങള് ഇല്ലാത്ത വീട്’ – ഒരു താഴ്ത്തിക്കെട്ടല്‍ പല്ലവിയായി കുടുംബത്തേക്കുറിച്ച് ഞങ്ങള്‍ നിരന്തരം കേട്ടിരുന്ന വാക്കുകളാണ് അത്. എന്റെ പിതാവ് അവിടെയുണ്ടായിരുന്നു, പക്ഷെ, അവരെ സംബന്ധിച്ചിടത്തോളം അദ്ദേഹം അദൃശ്യനായിരുന്നു. ആണത്തമുള്ളതെന്ന് അവര്‍ കരുതിയ പ്രവൃത്തികള്‍ എന്റെ പിതാവ് ചെയ്തില്ല.
അപരിചിതരായ പുരുഷന്മാരെ കല്യാണം കഴിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിക്കുന്നത് ഉള്‍പ്പെടെയുള്ള ഇടപെടലുകള്‍ അവരില്‍ നിന്നുണ്ടായി. തിരിഞ്ഞുനോക്കുമ്പോള്‍, ഒരു മുസ്ലീം വനിതയെന്ന നിലയില്‍, അത്തരത്തിലുള്ള ഓരോ കയ്യേറ്റങ്ങളും, കുടുംബത്തില്‍ നിന്നാകട്ടെ സമൂഹത്തില്‍ നിന്നാകട്ടെ, എന്റെ ശരീരത്തിന്മേലും ലൈംഗീകത്വത്തിലുമുള്ള ഒരു അധികാരം പിടിക്കല്‍ ശ്രമമായിരുന്നു. ചെറുപ്രായത്തില്‍ തന്നെ വിവാഹം കഴിപ്പിക്കുമോ എന്നതായിരുന്നു വളര്ന്നുവരുമ്പോഴത്തെ എന്റെ ഏറ്റവും വലിയ പേടി. മിടുക്കരും നല്ല മാര്‍ക്ക് വാങ്ങുന്നവരുമായിരുന്ന എന്റെ സഹപാഠികള്‍ വിവാഹനിശ്ചയത്തിന് ശേഷം സ്കൂളില്‍ വരുന്നത് നിര്‍ത്തി.

വിവാഹങ്ങള്‍ക്കിടെ, അടുത്തത് ഞാനാണ് എന്ന വാത്സല്യത്തോടെയുള്ള കുത്ത് ഞാന്‍ പതിവായി കേട്ടു. എന്റെ അഭിലാഷങ്ങള്‍ ഞാന്‍ പറയുമ്പോഴാകട്ടെ, സ്വപ്നച്ചിറകേറിയ ഒരു നിഷ്കളങ്കയായ കുട്ടിയായാണ് അവര്‍ എന്നെ കണ്ടത്. പേടിപ്പിക്കുന്നതായിരുന്നു അത്. എന്നേക്കാള്‍ ഒരു വയസിന് മൂത്ത എന്റെ ചേച്ചി ഒരു കൗമാരക്കാരിയായിരിക്കെ വിവാഹം കഴിച്ചു. വധുവായി വേഷം കെട്ടിയുള്ള അവളുടെ രൂപം എന്നെ ഒരുപാട് അസ്വസ്ഥയാക്കി. വിവാഹത്തിന് ശേഷം അവള് പഠനം നിര്‍ത്തി. മറ്റൊരു ജീവിതം എനിക്കുവേണ്ടി പടുത്തുയര്‍ത്തുമെന്ന് ഞാന്‍ എനിക്ക് വാക്കുനല്കി.
ഞാനൊരു അസാധാരണ വിദ്യാര്‍ത്ഥിയായിരുന്നില്ല. പക്ഷെ, ഞാന്‍ എല്ലാ ദിവസവും രാവിലെ അയല്പക്കത്തെ വീട്ടില്‍ പോയി പത്രം അരിച്ചുപെറുക്കി വായിച്ചു. വീടിനടുത്തുള്ള പഞ്ചായത്ത് ലൈബ്രറിയിലും സ്കൂള്‍ ലൈബ്രറിയിലും മണിക്കൂറുകള്‍ ചെലവഴിച്ചു. ഇളം കൗമാരക്കാരിയായിരിക്കെ മാധവിക്കുട്ടിയുടെ സ്ത്രീ കേന്ദ്രീകൃതമായ ചെറുകഥകളിലും രചനകളിലും ഞാന്‍ വല്ലാതെ ആകൃഷ്ടയായി. വലുതാകുമ്പോള്‍ ഒരു എഴുത്തുകാരിയാകണമെന്നായിരുന്നു എന്റെ ആഗ്രഹം. ആകാനാഗ്രഹിക്കുന്ന എന്നേക്കുറിച്ച് ഞാന്‍ മനസില്‍ കണ്ടുതുടങ്ങി, പക്ഷെ അവിടെ എങ്ങനെയെത്തുമെന്ന് എനിക്കറിയുമായിരുന്നില്ല.
13-ാം വയസില്‍ ഒരു ദിവസം രാവിലെ മലയാള മനോരമ പത്രത്തിലെ ഒരു രണ്ട് കോളം വാര്‍ത്തയില്‍ എന്റെ കണ്ണുടക്കി. ഡല്‍ഹിയിലുള്ള ഒരു പ്രശസ്ത സര്വ്വകലാശാലയേക്കുറിച്ചായിരുന്നു അത്, ജാമിയ മിലിയ ഇസ്ലാമിയ, ജേണലിസത്തില്‍ അവര്‍ ഒരു ബിരുദ കോഴ്സ് നടത്തുന്നു. ആനുകാലികങ്ങളുടെ ഒരു ചെറിയ ശേഖരം സൂക്ഷിച്ചിരുന്ന കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ ഞാനത് വെട്ടിയെടുത്ത് ഒളിച്ചുവെച്ചു. സ്വപ്നങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് എനിക്കെന്റെയുള്ളില് തോന്നി. വിദ്യാഭ്യാസത്തിന്റെ മൂല്യത്തേക്കുറിച്ചും അതിലൂടെ എനിക്ക് പടുത്തുയര്‍ത്താവുന്ന ജീവിത്തേക്കുറിച്ചും എനിക്ക് അമ്മയെ ബോധ്യപ്പെടുത്താനായി. പക്ഷെ, സമ്മര്‍ദ്ദങ്ങള്‍ക്ക് ശമനമായില്ല. പത്താം ക്ലാസ് പൂര്‍ത്തിയായ ശേഷം വന്ന ഓരോ വിവാഹാലോചനകളും ഞാന്‍ നിരസിച്ചു, അതെന്റെ ധിക്കാരത്തിന്റെ ലക്ഷണമായാണ് എല്ലാവരും കണ്ടത്. സ്കൂളില്‍, സ്ഥിരം വാര്‍പ്പ് രൂപങ്ങളേക്കാള്‍, മറ്റ് മതങ്ങളില്‍ നിന്നുള്ള കുട്ടികളാല്‍ ചുറ്റപ്പെടുന്ന തരത്തിലുള്ളതായിരുന്നു എന്റെ വ്യക്തിത്വം. ഞാനൊരിക്കല്‍ ഒരു പുസ്തകവുമായി സ്റ്റാഫ് റൂമില്‍ നില്‍ക്കുന്നത് ഒരു ടീച്ചര്‍ കണ്ടു. ‘ഈ കുട്ടിക്ക് പഠിക്കാന്‍ ആഗ്രഹമുണ്ടെന്ന് തോന്നുന്നു,’ അവര്‍ പറഞ്ഞു, ‘പക്ഷെ, ഇവള്‍ക്ക് തുടര്‍ന്ന് പഠിക്കാന്‍ പറ്റുമോ?-നിനക്ക് കല്യാണം കഴിക്കേണ്ടി വരും, അല്ലേ?’ മറ്റൊരാള്‍, ഒരു പുരുഷന്, ഹ്യുമാനിറ്റീസ് തെരഞ്ഞെടുക്കാനുള്ള എന്റെ തീരുമാനത്തെ പ്രശംസിച്ചു, ഉടന്‍ തന്നെ കല്യാണം കഴിക്കാന്‍ പോകുന്ന കുട്ടിയെന്ന തരത്തില്‍.

എന്റെ സ്വപ്നങ്ങള്‍ പിന്തുടരാന് എന്നെ അനുവദിക്കുന്നതിന്റെ പേരില്‍ പള്ളിയില്‍ പോയ എന്റെ പിതാവ് പരിഹസിക്കപ്പെട്ടു. അദ്ദേഹത്തിന് ഞാന്‍ നാണക്കേടുണ്ടാക്കിയേക്കാവുന്ന പല വഴികള്‍ പ്രവചിച്ച് അദ്ദേഹത്തെ അവര്‍ അവഹേളിച്ചു. പഠിക്കാനുള്ള എന്റെ അവകാശം സ്ഥാപിക്കലിനിടെ ബന്ധുക്കള്‍ എന്നെ പൊതിരെ തല്ലി. സ്കൂളില്‍ പോകുന്നതിന് ഒരാഴ്ച്ച വിലക്കേര്‍പ്പെടുത്തി. ചൈല്‍ഡ് ലൈനില്‍ വിളിച്ച് പരാതിപ്പെടുമെന്ന് ഞാന്‍ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. ഞങ്ങളുടെ കുടുംബം അകറ്റിനിര്‍ത്തപ്പെട്ടു. എന്റെ ചുറ്റും, ജനാധിപത്യപരമായ ആയുധങ്ങളുപയോഗിച്ച് സമാനമായ യുദ്ധങ്ങള്‍ നടക്കുകയും ജയിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കേരളത്തിന് പുറത്തുള്ള പേരുകേട്ട ഒരു സര്‍വ്വകലാശാലയില്‍ ഞാനറിയുന്ന ഒരുസ്ത്രീക്ക് അഡ്മിഷന് ലഭിച്ചു. മകളെ പഠിക്കാന്‍ വിടാന്‍ അവളുടെ മാതാപിതാക്കള്‍ തയ്യാറല്ലായിരുന്നു. ഒരു സുഹൃത്ത് ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തതിന് ശേഷമാണ് അവര്‍ അയഞ്ഞത്.
2016ല്‍, ഒരു ആദ്യ തലമുറ ബിരുദധാരിയെന്ന നിലയില്‍ ഞാന്‍, ജാമിയ മിലിയ ഇസ്ലാമിയയുടെ കമ്മ്യൂണിക്കേഷന്‍ റിസേര്‍ച്ച് സെന്ററിലേക്കുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു, എന്നെ അവിടേക്ക് നയിച്ച ന്യൂസ് പേപ്പര്‍ കട്ടിങ് ആയുധം പോലെ കൈയിലേന്തിക്കൊണ്ട്. രണ്ട് വര്‍ഷത്തിന് ശേഷം ഞാനെന്റെ ബിരുദാനന്തര ബിരുദം നേടി.
ജാമിയയും അതിനെ ചുറ്റിപ്പറ്റിയുള്ള പരിസരവും ഞാനതിന്റെ ഭാഗമാണെന്ന തോന്നലുണ്ടാക്കി. മതേതര അടിത്തറയുള്ള എന്റെ സംസ്ഥാനത്തെ ജീവിതത്തില്‍ നിന്നും വ്യത്യസ്തമായിരുന്നു ഡല്‍ഹിയിലേത്. എന്റെ തട്ടം എന്നെ സംശയപാത്രമാക്കുന്നതായി എനിക്ക് തോന്നി – ഞാന്‍ ജോലി ചെയ്ത എന്റെ ആദ്യത്തെ ന്യൂസ് റൂമില്‍ സംശയിതയായ സഹപ്രവര്‍ത്തക, വേര്‍തിരിക്കപ്പെട്ട അയല്പക്കത്ത് സംശയിതയായ താമസക്കാരി, സംശയിക്കപ്പെടുന്ന ഒരു ഫെമിനിസ്റ്റും. നാട്ടിലുള്ളവര്‍ ഹിജാബിന് പുറത്ത് ഒരു തലമുടി നാരിഴ കിടക്കുന്നതു കണ്ടാല്‍ പരാതിപ്പെടുമെങ്കില്, ഇവിടുത്തെ പ്രതിജ്ഞയെടുത്ത ലിബറലുകള്‍ ഞാന്‍ ഹിജാബ് എടുത്തുമാറ്റിയാല്‍ പൊതുയിടങ്ങളില്‍ കൂടുതല്‍ സ്വാഗതം ചെയ്യപ്പെടുമെന്ന് ഉടനടി നിര്‍ദ്ദേശിച്ചു. ചില സന്ദര്‍ഭങ്ങളില്‍, ചില ഹിന്ദു ഭൂരിപക്ഷ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോഴും ശത്രുതാ മനോഭാവമാര്ന്ന കാബ് യാത്രകള്‍ക്കിടയിലും ഞാനങ്ങനെ ചെയ്തു.

ഡല്‍ഹിയിലെ വര്‍ഷങ്ങള്‍ക്കിടെ, മോഡിയുടെ ഇന്ത്യ മത ഭൂരിപക്ഷവാദത്തിലേക്ക് കൂപ്പുകുത്തുന്നത് ഞാന്‍ നേരിട്ട് അനുഭവിച്ചറിഞ്ഞു. നഗരത്തെ തകര്‍ത്ത 2020 ഫെബ്രുവരിയിലെ വര്‍ഗീയ കലാപകാലത്തെ റിപ്പോര്‍ട്ടിങ്ങ് തീവ്രവേദനയുണ്ടാക്കിയ ഒരു അനുഭവമായിരുന്നു. തങ്ങളുടെ മുന്‍വിധികളാല്‍ മത്ത് പിടിച്ച ആളുകളുടെ ക്രൂരതകള്‍ക്ക് ഞാന്‍ നേരിട്ട് സാക്ഷ്യം വഹിച്ചു. അവരെ ശക്തമാക്കിക്കൊണ്ടിരിക്കുന്ന ഒരു ഭരണത്തിന് കീഴില്‍ തുല്യതയ്ക്ക് യാതൊരു സാധ്യതയുമില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അപരരോടുള്ള ജ്വരമാര്ന്ന ഈ വെറുപ്പ് പക്ഷെ, ഞാന്‍ കണ്ട ഇരകളുടെ മൊഴികളില്‍ തെല്ലുമേ ഇല്ലെന്ന് പല അഭിമുഖങ്ങള്‍ക്ക് ശേഷം ഒരു പ്രഹരമെന്നോണം ഞാനറിഞ്ഞു. അവരുടെ പ്രധാന ആവശ്യം നീതിയായിരുന്നു. അചിന്ത്യമായ തന്റെ വെറുപ്പിനെ പിന്തുടരുന്ന മര്ദ്ദകന് മൂര്‍ച്ചയേറിയ പല മുറിവുകളുമുണ്ടാക്കുന്നു, സ്വന്തം മനുഷ്യത്വത്തെ താഴ്ത്തിക്കെട്ടലാണ് അവയില്‍ ഏറ്റവും വലുത്.
മതമൗലികവാദം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഹിന്ദു വര്‍ഗീയതയുമായുള്ള എന്റെ നേരിട്ടുള്ള അനുഭവങ്ങള്‍, അഫ്ഗാനിസ്താനില്‍ ഉയര്‍ന്നുവരുന്ന മൗലികവാദം അവിടുത്തെ സ്ത്രീകളോട് എന്തു ചെയ്യുമെന്നോര്‍ത്ത് എന്നെ ഭയപ്പെടുത്തുന്നു.
ഒരുകൂട്ടം അഫ്ഗാന് അഭയാര്‍ത്ഥികള്‍ തങ്ങുന്ന ഒരു സ്ഥലത്തിന് സമീപമായാണ് ഞാന്‍ താമസിക്കുന്നത്. ഞാന്‍ പതിവായി പോകുന്ന, എന്റെ വീടിനടുത്തുള്ള പലചരക്കുകട നടത്തുന്നത് മധ്യവയസ്കനായ ഒരു അഫ്ഗാന് സ്വദേശിയാണ്. ‘സുബാന് സെ ബോല്‍നാ ആസാന് ഹെ, ജീനാ മുശ്കില്‍’-ഇതെല്ലാം പറയാന്‍ എളുപ്പമാണ്, ജീവിക്കാനാണ് പാട്-വിവിധയിടങ്ങളില്‍ നിന്ന് താലിബാന് ലഭിക്കുന്ന ഓണ്‍ലൈന്‍ പിന്തുണയേക്കുറിച്ച് സംസാരിച്ചപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞതാണിങ്ങനെ. അദ്ദേഹത്തിന്റെ രണ്ട് സഹോദരന്മാരെ താലിബാന് സംഘാംഗങ്ങള്‍ കൊന്നുകളഞ്ഞു. തന്റെ ഇളയ സഹോദരനെ അഫ്ഗാനിസ്താന് പുറത്തെത്തിക്കാന്‍ പരിഭ്രാന്തിയോടെ ശ്രമിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. സഹോദരന്റെ കൈകളിലൊന്നില്‍ ഒരു ടാറ്റൂ ഉണ്ട്. അത് കണ്ടുപിടിച്ചാല്‍ താലിബാന്‍കാര്‍ തന്റെ സഹോദരന്റെ കൈ വെട്ടിക്കളയുമെന്ന് അദ്ദേഹം ഭയക്കുന്നു. ‘പുരുഷന്മാരുടെ അവസ്ഥ ഇതാണെങ്കില്‍ സ്ത്രീകളുടെ കാര്യം ശരിക്കും ഞാന്‍ പറഞ്ഞുതരേണ്ടതുണ്ടോ?’ കടക്കാരന് ചോദിച്ചു.

‘ഞാന്‍ ഒരു മാധ്യമപ്രവര്‍ത്തകയാണ്, ഞാനൊരു ഫെമിനിസ്റ്റാണ്, വനിതാവകാശ പ്രവര്‍ത്തകയാണ്, ഞാന്‍ നിങ്ങളോട് പറയുന്നു അഫ്ഗാനിസ്താന് സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല,’ പെണ്‍കുട്ടികളുടെ പഠനത്തിന് വേണ്ടിയുള്ള ഒരു സംഘടന നടത്തുന്ന 20കാരിയായ ഒരു അഫ്ഗാന് വിദ്യാര്‍ത്ഥിനി എന്നോട് പറഞ്ഞു. അവള് ഇപ്പോഴും അഫ്ഗാനിസ്താനിലാണ്. ‘താലിബാന് വന്ന് എന്നെ കൊല്ലുമെന്ന് ഭയന്നാണ് ഞാന്‍ ഓരോ ദിവസവും ജീവിക്കുന്നത്.’ കാബൂളില്‍ എത്തുന്നതിന് മുന്നേ തന്നെ താലിബാന് വനിതാ മാധ്യമപ്രവര്‍ത്തകരെ വധിക്കുന്നതിനേക്കുറിച്ച് കേട്ട കഥകള്‍ അവള് എണ്ണിപ്പറഞ്ഞു.
ആക്ടിവിസ്റ്റായി പ്രവര്‍ത്തിക്കുന്നതുകൊണ്ട് തന്നെ തെരഞ്ഞുപിടിക്കുമെന്ന ഭയത്തിലായിരുന്നു അവള്. സുരക്ഷയ്ക്ക് വേണ്ടി ഓരോ ദിവസവും വീടുകളില്‍ നിന്നും വീടുകളിലേക്ക് അവള് താമസം മാറിക്കൊണ്ടിരിക്കുകയാണ്. ‘താലിബാന് മുന്‍പ് ഞങ്ങള്‍ സര്‍വ്വകലാശാലയില്‍ പോകുമായിരുന്നു, പതിവായി കഫേയില്‍ പോകുമായിരുന്നു, ഞങ്ങള്‍ ഇഷ്ടപ്പെട്ട രീതിയില്‍ സമയം ചെലവഴിച്ചിരുന്നു. മനുഷ്യര്‍ സമാധാനപരമായ ഒരു ജീവിതം ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്,’ അവള് എന്നോട് പറഞ്ഞു. തന്റെ പഠനം പൂര്‍ത്തിയാക്കാന്‍ കഴിയുമോയെന്ന് അവള്‍ക്കറിയില്ല. തന്റെ മുന്നിലുള്ള സാധ്യതകള്‍ തൂക്കിനോക്കിയ അവള് രാജ്യം വിടേണ്ടിവരുമെന്ന ധാരണയിലേക്ക് പിന്‍വലിഞ്ഞു. ‘താലിബാന് ക്രമസമാധാനം പുലര്ത്തിക്കൊണ്ടിരിക്കുകയാണെന്ന് മാധ്യമങ്ങള്‍ പറഞ്ഞാല്‍ ദയവായി വിശ്വസിക്കരുത്,’ അവര്‍ എന്നോട് പ്രതികരിച്ചു. ‘എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല.’

1970കള്‍ക്കൊടുവിലെ സോവിയറ്റ് അധിനിവേശത്തിലാണ് അഫ്ഗാന് സംഘര്‍ഷത്തിന്റെ വേരുകള്‍. ദശാബ്ദം തിരിയുമ്പോഴേക്ക് സോവിയറ്റ് സേനയെ പരാജയപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി യുഎസ് ഭരണകൂടം പ്രദേശവാസികള്‍ക്ക് ആയുധവും പരിശീലനവും നല്കി. ഈ കാലയളവില്‍ ഏതാണ്ട് പത്ത് ലക്ഷം അഫ്ഗാന് പൗരന്മാര്ക്കാണ് ജീവന് നഷ്ടമായത്. ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അരങ്ങേറിയ സംഘര്‍ഷം താലിബാന്റെ രൂപീകരണത്തിലാണ് അവസാനിച്ചത്. അമേരിക്കയുടെ സഹായത്തോടെ ഉയര്‍ന്നുവന്ന പോരാളികളാലാണ് അത് നിര്‍മ്മിതമായത്. പിന്നീടുണ്ടായ ആഭ്യന്തരയുദ്ധത്തില്‍ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിച്ച വിമത വിഭാഗങ്ങളില്‍ ഒന്നായിരുന്നു അവര്‍.
1996 മുതല്‍ 2001 വരെ അഫ്ഗാനിസ്താന്റെ ഭൂരിഭാഗവും നിയന്ത്രിച്ചിരുന്ന താലിബാന് രാജ്യത്തെ പൗരന്മാരുടേയും പ്രത്യേകിച്ച് സ്ത്രീകളുടേയും ലൈംഗീക, ഗോത്രീയ ന്യൂനപക്ഷങ്ങളുടേയും അവകാശങ്ങള്‍ തല്ലിക്കെടുത്തിയാണ് ഭരിച്ചത്. പിന്നീട്, 2001ല്‍ യുഎസ് തങ്ങളുടെ രണ്ട് പതിറ്റാണ്ട് നീണ്ട സൈനിക അധിനിവേശത്തിന് തുടക്കമിട്ടു. രാജ്യത്തെ നേതാക്കളും മാധ്യമങ്ങളും ഭാഗ്യഹീനമായ ഈ അധിനിവേശത്തെ ന്യായീകരിക്കാന്‍ അഫ്ഗാന് വനിതകളുടെ അടിച്ചമര്‍ത്തലിനെ ഉപയോഗിച്ചു. പരിമിതമായ ഫലപ്രാപ്തിയോടെയെങ്കിലും അത് താലിബാന്റെ തിരിച്ചുവരവ് വൈകിപ്പിച്ചു. ഇടപെടലിന് അഫ്ഗാന് പൗരന്മാര് വലിയ വില നല്‍കേണ്ടിവന്നു, പ്രത്യേകിച്ചും ഉള്നാടുകളിലുള്ളവരെ അത് ഞെരിച്ചുകളഞ്ഞു. ഇപ്പോള്‍, യുഎസ് പിന്‍വാങ്ങിയിരിക്കുന്നു, താലിബാന് വിജയകരമായ തിരിച്ചുവരവ് നടത്തുകയും ചെയ്തു. വലിയൊരുകൂട്ടം അഫ്ഗാന് ജനതയുടെ അതിജീവനവും ഭാവിയും തുലാസിലാണ്.
എന്നേയും എന്റെ പല സമകാലികരേയും സംബന്ധിച്ചിടത്തോളം, മതമൗലികവാദം അടിച്ചേല്പിക്കുന്ന ഭീഷണി നമുക്ക് മാറ്റിനിര്‍ത്താവുന്ന ഒരു ബൗദ്ധിക പ്രശ്നമല്ല. നാം ജീവിക്കുകയും പൊരുതുകയും ചെയ്യുന്ന യാഥാര്‍ത്ഥ്യത്തിന്റെ ഭാഗമാണത്.

നിങ്ങള്‍ക്ക് ഭീകരമായി തോന്നിയ അഫ്ഗാനിലെ സാഹചര്യം, നിങ്ങളുടെ സമുദായത്തിലെ ചിലരില്‍ ആഹ്ളാദമുണ്ടാക്കിയെന്ന തിരിച്ചറിവ് നിങ്ങളില്‍ അനുഭവഭേദ്യമാക്കുന്ന പൊരുത്തക്കേടിനേക്കുറിച്ച് ആലോചിച്ച് നോക്കൂ. ഓള് ഇന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് സെക്രട്ടറി ഉമ്രെയ്ന് മഹ്ഫൂസ് റഹ്മാനിക്ക്, താലിബാന് ആധിപത്യം ‘യുദ്ധങ്ങള്‍ ജയിക്കുന്നത് ദൈവത്തിന്റെ സഹായത്താലാണെന്ന് കാണിക്കാനുള്ള മതിയായ തെളിവാണ്.’ എഐഎംപിഎല്‍ബി തങ്ങളുടെ ബോര്‍ഡ് അംഗങ്ങളുടെ നിലപാടില്‍ നിന്ന് അകന്നുനിന്നു. ‘താലിബാനേക്കുറിച്ചും അഫ്ഗാനിലെ സമീപകാല രാഷ്ട്രീയ സാഹചര്യങ്ങളേക്കുറിച്ചും ഏതെങ്കിലും അഭിപ്രായം അറിയിക്കുകയോ എന്തെങ്കിലും പ്രസ്താവന പുറപ്പെടുവിക്കുകയോ ചെയ്തിട്ടില്ല’ എന്ന് വ്യക്തമാക്കി അവര്‍ ഒരു പരസ്യപ്രസ്താവന നടത്തി. അഫ്ഗാനിസ്താനെ സ്വതന്ത്രമാക്കിയ സൈന്യമായാണ് യുപി സംഭാലില്‍ നിന്നുള്ള സമാജ് വാദി പാര്‍ട്ടി ലോക്സഭാംഗം ഷഫീഖുര്‍ റഹ്മാന് ബാര്‍ഖ് താലിബാനെ വിശേഷിപ്പിച്ചത്. ഒരു ഇന്ത്യന്‍ മുസ്ലീമായിരിക്കുന്നതിലെ സവിശേഷ പ്രഹേളികയാണിത്, ബാര്‍ഖിനെതിരെ അതിവേഗം രാജ്യദ്രോഹക്കുറ്റം ചുമത്തിയതില്‍ ആശങ്ക രേഖപ്പെടുത്താതെ അദ്ദേഹത്തിന്റെ ഈ വികാരത്തോടുള്ള എന്റെ വിയോജിപ്പ് പ്രകടിപ്പിക്കാന്‍ എനിക്ക് കഴിയില്ല. ഈ ഉത്തര്‍പ്രദേശിലാണ്, ആഴ്ച്ചകള്‍ക്ക് മുന്‍പ് ഒരു ഹിന്ദു ആള്‍ക്കൂട്ടം, ഏഴ് വയസുകാരിയായ മകള്‍ പറ്റിച്ചേര്‍ന്ന് നിന്നിട്ടുപോലും, ഒരു മുസ്ലീം റിക്ഷാ ഡ്രൈവറെ ആക്രമിച്ചതും ‘ജയ് ശ്രീറാം’ വിളിപ്പിച്ചതും.
അഫ്ഗാന് പ്രതിസന്ധിയേക്കുറിച്ചുള്ള ഈ ഇന്ത്യന്‍ മുസ്ലീം നേതാക്കളുടെ പ്രതികരണങ്ങള്‍ പുരോഗതിയേക്കുറിച്ചും തുല്യതയേക്കുറിച്ചുമുള്ള ഇടുങ്ങിയ കാഴ്ച്ചപ്പാടിനെയാണ് വെളിവാക്കുന്നത്. അതില്‍ തന്നെ അടങ്ങിയിരിക്കുന്ന ഭൂരിപക്ഷാധിപത്യവാദത്തില് അവര്‍ക്കൊരു പ്രശ്നവും തോന്നുന്നില്ല. ‘താലിബാനെ തള്ളിപ്പറയുന്നതില്‍ നിന്നും അവരെ തടയുന്നത്, ഇസ്ലാമിനെ ധാര്‍മ്മികമായും സാംസ്കാരികമായും ചരിത്രപരമായും മനസിലാക്കാനുള്ള പ്രാപ്തിയില്ലായ്മയാണ്,’ എന്‍ പി ആഷ്ലി എന്നോട് പറഞ്ഞു. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറും രാഷ്ട്രീയ നിരീക്ഷകനുമാണ് ആഷ്ലി, ഒരു മാപ്പിള മുസ്ലീം കുടുംബത്തില്‍ നിന്നാണ് അദ്ദേഹത്തിന്റേയും വരവ്. ‘ഒന്നുകില്‍ അവര്‍ക്ക് അര്‍ത്ഥശങ്കകള്‍ക്കിടയില്ലാത്ത വിധം അവരെത്തന്നെ ഇസ്ലാമിസത്തില് നിന്ന് അകറ്റിനിര്‍ത്താന്‍ കഴിയുന്നില്ല, അല്ലെങ്കില്‍, ഒരു ചെറിയ വിഭാഗമെങ്കിലും അത്തരം കുറ്റവാളികളെ ന്യായീകരിക്കേണ്ട വിചിത്രമായ എന്തോ ആവശ്യകതയുണ്ടെന്ന ചിന്തയിലേക്ക് എത്തിച്ചേരുന്നു, അതും കൂടുതല്‍ ദോഷകരം തന്നെ.’
ഈ നേതാക്കളുടെ നിലപാടുകള്‍ മറ്റൊരു വലിയ പ്രശ്നത്തേക്കുറിച്ചുകൂടിയാണ് പറയുന്നത്: ഇന്ത്യയില്‍ മുസ്ലീം വ്യവഹാരങ്ങളുടെ നിര്‍മ്മിതി ആരുടെ കൈയ്യിലാണെന്ന്. ഒരു ചെറിയ വിഭാഗമാളുകള്‍, ഭൂരിഭാഗവും പുരുഷന്മാര്, തങ്ങളുടെ ബൗദ്ധിക മനസ്, സാമ്പത്തിക മൂലധനം, ജാതി പ്രിവിലേജ് എന്നിവ ഉപയോഗിച്ച് ഒരു അഭിപ്രായം രൂപപ്പെടുത്തിയെടുക്കുന്നു. ഒട്ടുമിക്കപ്പോഴും ആ ശബ്ദം സമുദായത്തിനകത്ത് തന്നെ അരികുവല്കരിക്കപ്പെട്ടവരായ പസ്മന്ഡ വിഭാഗക്കാരേയോ സ്ത്രീകളേയോ പ്രതിനിധീകരിക്കുന്നതല്ല. മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് ഉദാഹരണമായെടുക്കാം, സവര്‍ണ ജാതീയരായ മുസ്ലീം പുരുഷന്മാരുടെ ഒരു കോട്ടയാണത്.

സമുദായത്തിനെതിരെയുള്ള ആക്രമണങ്ങളുടെ പ്രധാന ഇരകള്‍ വലിയൊരളവിലും തൊഴിലാളി വര്‍ഗക്കാരും അടിച്ചമര്‍ത്തപ്പെട്ട ജാതിയില്‍ പെട്ടവരുമായ മുസ്ലീംകളാണ്. എന്നിട്ടും, ഇന്ത്യന്‍ മുസ്ലീംകളിലെ ഭൂരിപക്ഷമായ ഇവര്‍ പൊതു സംവാദങ്ങളില്‍ ഇല്ല, കാരണം അധികാരവും വിദ്യാഭ്യാസലഭ്യതയും മേല്‍ജാതിക്കാരായ അഷ്റഫ് മുസ്ലീംകളുടെ കൈയില്‍ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ‘ഒരു പസ്മന്ഡ മുസ്ലീം കന്നുകാലി കച്ചവടം ചെയ്താല്‍ ആ വ്യക്തി കൊല്ലപ്പെടുന്നു, താഴ്ന്ന ജാതിയില്‍ പെട്ടവരും ചില പ്രത്യേകതരം ജോലികള്‍ ചെയ്യുന്നവരുമാണ് അവര്‍,’ ആഷ്ലി ചൂണ്ടിക്കാട്ടി. ‘പക്ഷെ, ഇതേറ്റെടുക്കുന്ന രാഷ്ട്രീയ നേതൃത്വം സവര്‍ണ ജാതി മുസ്ലീംകള്‍ മാത്രമുള്പ്പെട്ടതാണ്, ജാതിയുമായി ബന്ധപ്പെട്ട ചോദ്യം അതോടെ ഉത്തരം ലഭിക്കാതെ അവശേഷിക്കും.’
രാജ്യത്തെ മറ്റിടങ്ങളിലേതിനേക്കാള്‍ വിഭിന്നമാണ് കേരള മുസ്ലീംകള്‍ക്കിടയിലെ ജാതിവരമ്പുകള്‍, പക്ഷെ, വര്‍ഗപരമായ വിടവ് വളരെ വലുതാണ്. താലിബാന്റെ അധികാരം പിടിച്ചെടുക്കലിന് ശേഷം, വിവിധ മുഖ്യധാര-സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലുണ്ടായ പ്രതികരണങ്ങള്‍ എനിക്ക് പരിചിതമായ യാഥാസ്ഥിതിക സമ്മര്‍ദ്ദങ്ങളെ നീചമായി ബലപ്പെടുത്തുന്നതായിരുന്നു.
താലിബാന് നേതാക്കളെ മഹത്വവല്കരിക്കുന്ന വീഡിയോകളും സ്റ്റാറ്റസുകളും പോസ്റ്റ് ചെയ്ത് എസ്ഡിപിഐ പ്രവര്‍ത്തകര്‍ വാട്സാപ്പിലൂടെ പ്രചരണം നടത്തി. ഒരു മുസ്ലീം ലീഗ് കേഡര്‍ പ്രവര്ത്തകന് ഫേസ്ബുക്ക് പോസ്റ്റില്‍ ഇങ്ങനെ പ്രതികരിച്ചു, ‘അഫ്ഗാനിസ്താനിലെ ജനങ്ങള്‍ വലിയ ആഹ്ലാദത്തോടെ താലിബാനെ സ്വാഗതം ചെയ്തു, ഇനിയും കൂടുതല്‍ പഠനത്തിന് വിധേയരാകേണ്ടവരാണ് താലിബാന്.’ മറ്റൊരു പോസ്റ്റില്‍ ഒരു എസ്ഡിപിഐ പ്രവര്ത്തകന് ഇങ്ങനെ പറയുന്നു, ‘താലിബാന് കീഴിലെ അഫ്ഗാന് ജനങ്ങളുടെ ദുരിതം എന്നത് ഏതാനും ചില മാധ്യമസ്ഥാപനങ്ങള്‍ ചമച്ചുണ്ടാക്കിയ കെട്ടുകഥയാണ്.’ ജമാഅത്തെ ഇസ്ലാമി ബന്ധമുള്ള ഒരു വ്യക്തി ഇങ്ങനെയാണ് എഴുതിയത്, ‘ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് എന്ത് സ്വാതന്ത്ര്യമാണുള്ളത്? ഈ രാജ്യത്തും സ്ത്രീകള്‍ ബലാല്‍സംഗത്തിനിരയാകുകയും കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. പിന്നെയെന്തിനാണ് ആളുകള്‍ അഫ്ഗാനിലെ സ്ത്രീകളുടെ പേരില്‍ ബഹളമുണ്ടാക്കുന്നത്.’ മറ്റൊരു ജമാഅത്തെ ഇസ്ലാമി പ്രവര്ത്തകന് ഇങ്ങനെ പ്രതികരിച്ചു, ‘അവരേക്കുറിച്ച് തീര്പ്പുകല്പിക്കുന്നതിന് പകരം നമുക്കെന്തുകൊണ്ട് താലിബാന് സമയം നല്‍കുകയും അവരുടെ ഭരണം കാണുകയും ചെയ്തുകൂടാ.’

എസ്ഡിപിഐ ബന്ധമുള്ള തേജസ് ന്യൂസ്, ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഉടമസ്ഥതയിലുള്ള മീഡിയാ വണ്‍ എന്നീ മാധ്യമസ്ഥാപനങ്ങള്‍ താലിബാനെ ഒരു ഉപകാരതല്പര ശക്തിയായാണ് വലിയ രീതിയില്‍ ചിത്രീകരിച്ചത്. തേജസ് ന്യൂസിന്റെ യുട്യൂബ് ചാനലിലെ ഒരു സംവാദത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഒരു വീഡിയോ ക്ലിപ്പ് ഉള്‍പ്പെട്ടിരുന്നു, അഫ്ഗാനിസ്താനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ യുഎസ് താലിബാനുമായി ധാരണയിലെത്തിയ സമയത്തേതാണത്. 2020 മാര്‍ച്ച് 22ന് പബ്ലിഷ് ചെയ്ത ഈ വാര്‍ത്താ ക്ലിപ്പില്‍ അവതാരകന് ഇങ്ങനെ പറയുന്നു, ‘താലിബാന്റെ വിജയം ഒരു ഇസ്ലാമിക വിപ്ലവമാണ്. പണ്ഡിതരും ധീരരും മജ്ലിസ്-അല്‍-ഷൂരയുടെ (താലിബാന്റെ ഉപദേശക സമിതി) മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഭരിക്കാന്‍ പക്വതയുള്ളവരുമായ നേതാക്കള്‍ താലിബാന് ഉണ്ടായിരുന്നതുകൊണ്ടാണ് അത് സാധ്യമായത്.’ അവതാരകന് തുടര്‍ന്നു, ‘അഫ്ഗാനിസ്താനിലെ സ്ത്രീകള്‍ ആക്രമിക്കപ്പെടാവുന്ന തരത്തില്‍ തീര്‍ത്തും അപകടകരമായ അവസ്ഥയിലായിരുന്നു, അതുകൊണ്ട് താലിബാന് അവരെ സംരക്ഷിക്കുകയാണുണ്ടായത്.’ താലിബാനെ ആരാധിക്കുന്ന ഭാഷയായിരുന്നു വീഡിയോയിലേത്. സമാധാന ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതിന് താലിബാന് ഒരിക്കലും വിമുഖത കാണിച്ചിട്ടില്ലെന്ന അവകാശവാദങ്ങള്‍ അതിലുണ്ട്. താലിബാന് നേതാക്കള്‍ പരമ്പരാഗത വസ്ത്രമണിഞ്ഞ് യോഗങ്ങളില്‍ പങ്കെടുക്കുന്നതിനെ വീഡിയോ പുകഴ്ത്തി. അഫ്ഗാനിസ്താന്റെ മൂല്യങ്ങളും സമ്പ്രദായങ്ങളും ഉയര്‍ത്തിപ്പിടിക്കാനുള്ള പ്രതിബദ്ധതയാണ് അതിലൂടെ കാണിച്ചത്, അതൊരു ‘മഹത്തായ സൂചനയാണ്.’
അതേ സമയം, ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തേക്കുറിച്ച് ശുഷ്കാന്തിയോടെ വാര്‍ത്ത നല്‍കിയിരുന്ന മീഡിയാ വണ്‍, തങ്ങളെ വേറിട്ടുനിര്‍ത്തുന്ന കാര്‍ക്കശ്യം അഫ്ഗാനിസ്താനിലെ മനുഷ്യാവകാശ ലംഘനങ്ങളേക്കുറിച്ചുള്ള റിപ്പോര്‍ട്ടിങ്ങില്‍ ഒഴിവാക്കി. 2021 ജൂലൈയില്‍, പുലിറ്റ്സര്‍ സമ്മാന ജേതാവായ ഫോട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാന് സേനയ്ക്കൊപ്പം സഞ്ചരിക്കവെ താലിബാന് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ചാനല്‍ പ്രക്ഷേപണം ചെയ്ത മിക്ക വാര്‍ത്താ ബുള്ളറ്റിനുകളിലും ഡാനിഷ് സിദ്ദിഖി വധത്തിലെ താലിബാന്റെ പങ്കിനെ ചെറുതാക്കി കാണിക്കാനുള്ള ശ്രമം പ്രത്യക്ഷമായിരുന്നു. അഫ്ഗാനിസ്താനിലെ വനിതകളുടെ അവകാശങ്ങളിന്മേല് ആസന്നമായിരിക്കുന്ന ഏതെങ്കിലും ഭീഷണിയേയും മീഡിയാ വണ്‍ ചാനല്‍ സമാന രീതിയില്‍ കുറച്ചുപറയുകയാണുണ്ടായത്. ഒരു മുന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞന്-തീര്‍ച്ചയായും പുരുഷന് തന്നെ-ഹിജാബ് നിര്‍ബന്ധമാക്കിയതില്‍ അഫ്ഗാനിലെ സ്ത്രീകള്‍ക്ക് കുഴപ്പമില്ലെന്ന് അഭിപ്രായപ്പെട്ടത് അവര്‍ വാര്‍ത്തയാക്കി നല്കി. ജമാഅത്തെ ഇസ്ലാമിയുടെ ഉടമസ്ഥതയിലുള്ള പത്രമായ മാധ്യമം 1996ലെ ഒരു റിപ്പോര്‍ട്ടില്‍ ‘വിസ്മയം പോലെ താലിബാന് പട’ എന്നെഴുതിയിരുന്നു. 2021 ഓഗസ്റ്റ് 16ലെ മാധ്യമം ഒന്നാം പേജിലെ റിപ്പോര്‍ട്ട് ‘സമാധാനപരമായ അധികാരകൈമാറ്റത്തിലൂടെ’ താലിബാന് അഫ്ഗാനിസ്താന് തിരിച്ചുപിടിച്ചെന്ന് അറിയിച്ചു. അഫ്ഗാനിലെ പ്രതിസന്ധിയേക്കുറിച്ചുള്ള ഒറ്റപ്പെട്ട വാര്‍ത്തകള്‍ ഈ മാധ്യമങ്ങള്‍ കൊടുത്തെങ്കിലും മിക്കപ്പോഴും സ്വീകരിച്ച വിശാല എഡിറ്റോറിയല്‍ നിലപാട് താലിബാനെ വിമര്‍ശിക്കാന്‍ മടികാണിക്കുന്നതായിരുന്നു.

കേരളത്തിലെ മുസ്ലീം സമുദായക്കാരെ പിന്നോക്ക വിഭാഗത്തിലാണ് (ഒബിസി) പെടുത്തിയിട്ടുള്ളത്. എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും ഇവര്‍ക്കിടയില്‍ കേഡര്‍ അടിത്തറയുണ്ട്. ഇസ്ലാമിക് സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയ മുഖമായ എസ്ഡിപിഐക്ക് വിപുലമായ അംഗത്വമുണ്ട്. പരമ്പരാഗത-സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ ജമാഅത്തെ ഇസ്ലാമിക്ക് ശ്രദ്ധേയമായ സാന്നിധ്യവുമുണ്ട്. ഇവയൊന്നും മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അല്ലെങ്കില്‍ പോലും അവരുടെ ആശയങ്ങള്‍ക്ക് സംസ്ഥാനത്തെ അരികുവല്‍കരിക്കപ്പെട്ട മുസ്ലീംകള്ക്കിടയില് അസാമാന്യ സ്വാധീനമാണുള്ളത്. എന്നിരിക്കലും, തീരുമാനങ്ങളെടുക്കാനും സൈദ്ധാന്തികമായ നിലപാടുകള്‍ രൂപ്പെടുത്താനുമുള്ള അധികാരം പ്രിവിലേജ്ഡ് നേതാക്കള്‍ക്ക് കീഴിലാണ്.
താലിബാന് ഭരണത്തിനുള്ള തങ്ങളുടെ വ്യക്തമായ പിന്തുണ ജമാഅത്തിന്റെ മുതിര്‍ന്ന നേതാക്കള്‍ പ്രകടിപ്പിച്ചു. എസ്ഡിപിഐയുടെ നിലപാട് തേജസ് ന്യൂസ് കവറേജിലൂടെ തര്‍ക്കമില്ലാത്തവിധം സ്പഷ്ടമാണ്. മുസ്ലീം ലീഗിലേയും ഇകെ-എപി സുന്നി വിഭാഗങ്ങളിലേയും നേതാക്കള്‍ വ്യക്തിപരമായി താലിബാനെതിരെ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ച് രംഗത്തെത്തി. പക്ഷെ, ഈ സംഘടനകളൊന്നും ഔദ്യോഗികമായി അപലപന പ്രസ്താവനകള്‍ നടത്തിയിട്ടില്ല. ഈ സംഘടനകളിലെല്ലാമുള്ള പ്രവര്‍ത്തകര്‍ താലിബാന്റെ തിരിച്ചുവരവ് ആഘോഷിക്കുമ്പോള്‍ സന്ദേഹങ്ങള്ക്കിടയില്ലാത്ത വിധം അവരുടെ ഭരണത്തേക്കുറിച്ചുള്ള ഉത്തരവാദിത്വപൂര്‍ണമായ നിലപാട് നേതൃത്വം വ്യക്തമാക്കേണ്ടത് അത്യാവശ്യമാണ്.
വ്യക്തിയെന്ന നിലയില്‍ അങ്ങനെ ചെയ്തവര്‍ ഒറ്റയാന്മാരായി, ‘വേണ്ടത്ര മുസ്ലീം അല്ലാത്തവര്‍’ ആയി അവര്‍ തള്ളിക്കളയപ്പെട്ടു. ‘താലിബാന് പ്രതിനിധാനം ചെയ്യുന്ന വിവേചനത്തിന്റെ ഹിംസാത്മക പ്രത്യയ ശാസ്ത്രത്തെ’ വിമര്‍ശിച്ചുകൊണ്ട് മുസ്ലീം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ എംകെ മുനീര്‍ ഓഗസ്റ്റ് 17ന് ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടു, ഇസ്ലാമോഫോബിക്കായ കാഴ്ച്ചപ്പാടുകളാണ് അവയെന്ന കുറ്റപ്പെടുത്തലുകളുമായി തുടക്കത്തിലേ തന്നെ അദ്ദേഹത്തിന്റെ കമന്റ് ബോക്സ് നിറഞ്ഞു. കേരളത്തിലെ ലിംഗപരമായ വിഷയങ്ങളേക്കുറിച്ചുള്ള വലിയ സംഭാഷണങ്ങളിലും ഇത്തരം കാഴ്ചപ്പാടുകളാണ് പ്രതിഫലിക്കുന്നത്. സമുദായങ്ങളിലുടനീളം, മലയാളി പുരുഷന്മാര് തങ്ങള്‍ക്കുചുറ്റുമുള്ള സ്ത്രീകളുടെ ഘടനാപരമായ അടിച്ചമര്‍ത്തലിനോട് ധിക്കാരപരമായ അജ്ഞത പുലര്‍ത്തുന്നു. കേരളത്തിന്റെ പുരോഗമന സൂചികകള്‍ ഈ സ്ത്രീവിദ്വേഷ സമീപനത്തില്‍ ചെറിയ മാറ്റങ്ങളേ വരുത്തിയിട്ടുള്ളൂ. ഒരു മലബാറി മുസ്ലീം സ്ത്രീയെന്ന തരത്തില്‍, എന്റെ ചുറ്റുമുള്ള പുരുഷന്മാര്ക്ക് വളരെ എളുപ്പമായിരുന്ന അവകാശങ്ങള്‍ക്ക് വേണ്ടി ഞാന്‍ മല്ലിടേണ്ടി വന്ന എന്റെ സ്വന്തം ജീവിതയാത്ര ഈ യാഥാര്‍ത്ഥ്യത്തിന് തെളിവാണ്.
കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ ഹിജാബിയായ മലയാളി സ്ത്രീകളെ സംരക്ഷിക്കുന്ന ‘ഉത്തരവാദിത്വം’ പതിവായി ഇവിടെ നിന്നുള്ള മുസ്ലിം പുരുഷന്മാര് ഏറ്റെടുക്കുന്നത് കാണാം. സ്ത്രീകളുടെ വൈയക്തിക തെരഞ്ഞെടുപ്പുകളിലേക്കുവരെ കടന്നുകയറുന്ന ഇത്തരം കാവല്നോട്ടങ്ങള്ക്ക് നിരവധി തവണ സാക്ഷിയായവളാണ് ഞാന്‍. മുസ്ലിം സ്ത്രീകള്‍ അമുസ്ലിം പുരുഷന്മാരുമായി നടത്തുന്ന സംഭാഷണങ്ങളുടെ അനാവശ്യ നിരീക്ഷണത്തിലേക്ക് വരെ ചില സന്ദര്‍ഭങ്ങളില്‍ ഈ നോട്ടം ചെന്നെത്തുന്നു. കേരളത്തിന് പുറത്തും, വര്‍ഗീയ ആക്രമണങ്ങള്‍ക്കും വിവേചന നിയമങ്ങള്‍ക്കുമെതിരെ ശക്തമായ നിലപാടുകളെടുത്തിരുന്ന, സമുദായത്തിലെ പുരോഗമനവാദികളും ധൈര്യശാലികളുമായ ആക്ടിവിസ്റ്റുകളില്‍ ചിലരും അങ്ങേയറ്റം ശുഭോദര്‍ക്കമായ കാഴ്ചപ്പാടിലൂടെയാണ് താലിബാനെ വീക്ഷിക്കുന്നത്. പൊതു വ്യവഹാരങ്ങളില്‍ അവര്‍ സ്ത്രീപക്ഷവാദത്തേക്കുറിച്ചും മതകീയ വിവേചനത്തെക്കുറിച്ചുമൊക്കെ സൈദ്ധാന്തികമായി അവലോകനം ചെയ്യുന്ന വാഗ്മികളായിരിക്കും. എന്നാല്‍ മുസ്ലിം സ്ത്രീകളുടെ അവകാശങ്ങളിലേക്ക് വരുമ്പോള്‍ മൗനികളായിരിക്കും അവര്‍, അല്ലെങ്കില്‍, അല്ലെങ്കില്‍ ഈ വിവേചനങ്ങള്‍ക്ക് മാപ്പ് നല്കുന്ന മനോഭാവമായിരിക്കും.

‘സാമ്രാജ്യത്വ വിരുദ്ധ ശക്തി’ എന്ന തിടമ്പുചാര്ത്തിയാണ് ഈ നവയുഗ അനുകൂലികള്‍ താലിബാനെ ആഘോഷിക്കുന്നത്. തങ്ങളുടെ ആഗോള പ്രതിച്ഛായാ നവീകരണത്തില്‍ താലിബാന് പ്രായോഗികമതികള്‍ ആയിരിക്കുമെന്നാണ് ഇക്കൂട്ടര്‍ ധരിക്കുന്നത്. അഫ്ഗാനിസ്താനിലെ പതിറ്റാണ്ടുകള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്ക് കാരണം സോവിയറ്റ് യൂണിയനും യുഎസുമാണെന്നതാണ് ഇവരുടെ വാദത്തിന്റെ കാതല്‍. സ്ത്രീ സംരക്ഷണമെന്ന സവിശേഷ മനോബാധ ഗ്രസിച്ച പാശ്ചാത്യ ലിബറലുകളെ ചൂണ്ടിക്കാട്ടി, അഫ്ഗാനിലെ സ്ത്രീകളുമായി ബന്ധപ്പെട്ട ഉത്കണ്ഠകളെ താലിബാന് അനുകൂലികള്‍ തള്ളിക്കളയുകയാണ്.
മുസ്ലീം സ്ത്രീകളെ അടിച്ചമര്ത്തുന്നതിനേക്കുറിച്ചുള്ള വിചിത്രമായ കഥകള്‍ക്കായി ഒരിക്കലും മതിവരാത്ത വിശപ്പുമായി കാത്തിരിക്കുന്നവരുണ്ട് എന്നതില്‍ സംശയമില്ല. എന്നാല്‍ ഈ ആഖ്യാനങ്ങള്‍ക്കുള്ള മറുപടിയില്‍ മുസ്ലീം സ്ത്രീകള്‍ നേരിടുന്ന ദുസ്സഹമായ പീഡനങ്ങളെ മായ്ച്ചുകളയാന്‍ ശ്രമിക്കുന്നത് കടുത്ത അന്യായമാണ്. 1996 മുതല്‍ അമേരിക്കന്‍ അധിനിവേശം താലിബാനെ അധികാര ഭ്രഷ്ടരാക്കിയ 2001 വരെയുള്ള അവരുടെ ഭരണകൂട വാഴ്ചയുടെ പൊതു ഓര്‍മകളെ മാറ്റിനിര്‍ത്തി ചര്ച്ചചെയ്യാനാണെകില് തന്നെ, താലിബാനെ മിതവാദികളായി ഉയര്‍ത്തികാണിക്കുന്നത് അങ്ങേയറ്റം ദുര്‍ബലമായ വാദമാണ്. സ്ത്രീകളുടെയും ഗോത്ര-ലൈംഗീക ന്യൂനപക്ഷങ്ങളുടേയും അവകാശങ്ങളെക്കുറിച്ച് വ്യക്തതയില്ലാത്ത നിലപാടാണ് താലിബാന് ഇതുവരെ മുന്നോട്ടുവെച്ചിരിക്കുന്നത്.
ലോകത്തിന് മുന്നില്‍ താലിബാന് കാഴ്ചവെക്കുന്ന ചെയ്തികളുടെ വെളിച്ചത്തില്‍ അവര്‍ സിദ്ധിച്ച പുരോഗമനത്തിന്റെ തോത് അളക്കുകയെന്നത് പ്രയാസകരമാണ്. ഉദാഹരണത്തിന് ഒരു അഫ്ഗാന് വനിതാ മാധ്യമപ്രവര്‍ത്തകക്ക് നല്കിയ അഭിമുഖമെടുക്കാം, ഒരു താലിബാന് പ്രതിനിധി അഫ്ഗാനില്‍ നിന്നുതന്നെയുള്ള വനിതാ അവതാരകയോട് ലൈവില്‍ സംസാരിക്കുന്ന ആദ്യത്തെ സന്ദര്‍ഭമായിരുന്നു അത്. എന്നാല്‍ അഭിമുഖം നടത്തിയ 24കാരിയായ മാധ്യമപ്രവര്‍ത്തക ‘ദശലക്ഷക്കണക്കിന് ജനങ്ങളെപ്പോലെ എനിക്കും താലിബാനെ ഭയമാണ്’ എന്ന് പറഞ്ഞ് രാജ്യം വിടുകയായിരുന്നു.
മേഖലയുടെ സങ്കീര്‍ണമായ ഭൗമരാഷ്ട്രീയ ചരിത്രം ഉദ്ധരിച്ചുകൊണ്ടാണ് താലിബാനോടുള്ള സമീപനത്തിന്റെ സൂക്ഷ്മതലങ്ങള്‍ മറ്റൊരു തരത്തില്‍ ന്യായീകരിക്കപ്പെടുന്നത്. പലസ്തീന് വിഷയത്തേയും പലസ്തീനികളുടെമേല് അരങ്ങേറുന്ന അനീതികളേയും ജൂത സമൂഹത്തിന്റെ യാതനകളുടെ സങ്കീര്‍ണ ചരിത്രത്തില്‍ നിന്നും മാറ്റിനിര്‍ത്തി കാണാന്‍ പലസ്തീന് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യന്‍ മുസ്ലീംകള്‍ക്ക് സാധിക്കുന്നുണ്ടെങ്കില്‍ ഇതേ ബൗദ്ധിക സാമര്‍ഥ്യം അഫ്ഗാന് ജനതയുടെ കാര്യത്തിലും പ്രകടിപ്പിക്കാന്‍ അവര്‍ക്ക് കഴിയും. സമാനമായി, ഇഴപിരിഞ്ഞുകിടക്കുന്ന ഒരു സാങ്കല്പിക ചരിത്രത്തിന്റെ കെട്ടുകളാണ് ഇന്ത്യയിലെ മുസ്ലിംങ്ങളെ പീഡിപ്പിക്കുന്നതിനിന് ന്യായീകരണമായി ഹിന്ദു തീവ്രവാദ സംഘങ്ങളും എടുത്തുപയോഗിക്കുന്നത്.
ന്യായനിര്ണയത്തിന്റേയും സമത്വവാദത്തിന്റേയും മതനിരപേക്ഷ പാതയിലുള്ള കഠിനാധ്വാനമുപേക്ഷിച്ച് നമ്മള് തിരിഞ്ഞുനടക്കുകയാണെങ്കില് ഈ മര്‍ദ്ദക ശക്തികളായിരിക്കും അതിന്റെ നേട്ടം കൊയ്യുക. അത് തന്ത്രപരമായ ഒരു അനിവാര്യത മാത്രമല്ല, ധാര്‍മ്മിക നിലപാട് കൂടിയാണ്. നമ്മുടെ ഐക്യദാര്‍ഢ്യങ്ങളുടെ തലങ്ങള്‍ നമ്മള് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കണം. അത് പ്രകടിപ്പിക്കുന്നതില്‍ നിന്നും എന്താണ് തടയുന്നതെന്ന് വിചിന്തനം ചെയ്യണം. തങ്ങളുടെ പേരില്‍ സമുദായത്തിലെ മറ്റ് അംഗങ്ങള്‍ ചെയ്തുകൂട്ടുന്ന അതിക്രമങ്ങള്‍ക്ക് മതേതര ഹിന്ദുക്കള്‍ വിശദീകരണം നല്കാന് ബാധ്യസ്ഥരാകുന്നതുപോലെയാണ് ഇതും. ഇരുസാഹചര്യത്തിലും മൗനം പാലിക്കുകയെന്നത് തികഞ്ഞ കുറ്റമാണ്.

ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും പോലെയുള്ള പ്രസ്ഥാനങ്ങളും പൊതുധാരാ ബുദ്ധിജീവികളും അവരുമായി ബന്ധപ്പെട്ട സംഘങ്ങളും തങ്ങളുടെ നിലപാടുകളിലെ ഇരട്ടത്താപ്പുകള്‍ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കുക തന്നെ വേണം. ഒരേ സമയം ഹിന്ദുത്വക്കെതിരെ രോഷം കൊള്ളാനും താലിബാനെ പുണരാനും കഴിയില്ല. ഇന്ത്യന്‍ ഭരണഘടന വകവെച്ചുനല്‍കുന്ന ജനാധിപത്യ ഇടങ്ങളിലേക്കുള്ള നമ്മുടെ അവകാശങ്ങളുടെ ആധാരമാകേണ്ടത് അവകാശാധിഷ്ഠിത നീതീ സമീപനമാണ്, സൗകര്യപൂര്‍വം പെറുക്കിയെടുത്ത കുശലതന്ത്രങ്ങളല്ല. താലിബാനുള്ള പിന്തുണയും സ്ത്രീകളെ അകത്തളങ്ങളില്‍ അടച്ചിടാനുള്ള അന്തര്‍ലീനമായ പുരുഷാഭിലാഷങ്ങളും ഇന്ത്യന്‍ മുസ്ലീംകളുടെ പൊതു ഇടങ്ങളെ വല്ലാതെ ചുരുക്കുക മാത്രമാണ് ചെയ്യുക.
‘തങ്ങളുടെ അവകാശങ്ങള്‍ക്കായി നിവര്‍ന്നുനിന്ന സ്ത്രീകളെ ഞങ്ങളുടെ സമൂഹം കൊള്ളരുതാത്തവളായാണ് കാണുന്നത്,’ എന്നാണ് അഫ്ഗാനില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥി എന്നോട് പറഞ്ഞത്. ‘ഈ അക്രമം ഞങ്ങള്‍ അംഗീകരിക്കില്ല. ഞങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതെന്തിനെയും പൊരുതി തോല്‍പ്പിക്കാന്‍ ആവുന്നതൊക്കെയും ചെയ്യും. ഞങ്ങളുടെ ശബ്ദം ഞങ്ങള്‍ക്ക് ലോകത്തെ കേള്‍പ്പിക്കണം. ഞങ്ങള്‍ ശക്തരാണ്, എന്നാല്‍ നിസ്സഹായാവസ്ഥയിലാണ്.’
അഫ്ഗാന് വനിതകള്‍ക്ക് താലിബാന് ഏതളവില്‍ ഭീഷണിയാണോ, സമാനമായ ഭീഷണിയാണ് ഒരു മുസ്ലീം വനിതാ മാധ്യമപ്രവര്‍ത്തകയായ എനിക്ക് വലതുപക്ഷ ഹിന്ദു ആള്‍ക്കൂട്ടം. ഒരേ നാണയത്തിന്റെ ഇരുപുറങ്ങള്‍ മാത്രമാണ് ഇത്. മതമൗലികവാദത്തിന്റെ തോതെടുക്കുമ്പോള്‍ അക്രമത്തിന്റെ അളവുകോല്‍ എവിടെനില്‍ക്കുന്നു എന്നതൊക്കെ അപ്രസക്തമാണ്. ഞാന്‍ എവിടെയാണ് നിലകൊള്ളുന്നതെന്ന് എനിക്കറിയാം. എന്റെ സമുദായത്തിലെ അംഗങ്ങള്‍ അവരുടെ ധാര്‍മ്മികതയുടെ ദിശാസൂചി ഏത് ദിക്കിലേക്ക് വെയ്ക്കും?