ശശി തരൂർ ലേഖനം: നിങ്ങൾക്ക് പോസ്റ്ററുകൾ വക്രീകരിക്കാം, പക്ഷേ, നെഹ്റുവിനെ മായ്ക്കാൻ കഴിയില്ല

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ സംഘടിപ്പിക്കുന്ന ‘ആസാദി കാ അമൃത് മഹോത്സവ്’ പരിപാടിയുടെ പോസ്റ്ററോടെയാണ് ഈ ചർച്ചകൾക്ക് വീണ്ടും തുടക്കമായത്. മഹോത്സവിന്റെയും ചരിത്ര കൗൺസിലിൻറെയും ലോഗോകളും നിറഭേദം വന്ന ഇന്ത്യൻ ഭൂപടവും ആസാദി എന്ന പദം രണ്ട് തരത്തിൽ എഴുതിയും സ്വാതന്ത്ര്യ സമരനേതാക്കളുടെ എട്ട് ചിത്രങ്ങളും കുത്തിനിറച്ച് അങ്ങേയറ്റം മോശമായി തയ്യാറാക്കിയ ഒരു പോസ്റ്റർ. എന്തുകൊണ്ട് ഈ എട്ടുപേർ എന്നത് ചരിത്ര കൗൺസിലിന് മാത്രമറിയാം. മുകളിൽ മഹാത്മാ ഗാന്ധിയിൽ തുടങ്ങി വലത്തേക്ക് നേതാജി സുഭാഷ് ചന്ദ്രബോസ്, ഡോ. ബി.ആർ അംബേദ്‌കർ, വി.ഡി സവർക്കർ, ഭഗത് സിംഗ്, പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ, സർദാർ പട്ടേൽ, ഡോക്ടർ രാജേന്ദ്രപ്രസാദ് എന്നിങ്ങനെയാണ് ക്രമം. ഇന്ത്യൻ സ്വാതന്ത്ര പ്രസ്ഥാനത്തിന്റെ അമരക്കാരനും ആദ്യ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്‌റുവിനെ ഒഴിവാക്കി.

അഹിംസാ വാദിയായ ഗാന്ധി മുതൽ ഹിന്ദുത്വവാദികളായ നേതാക്കൾ ഉൾപ്പെടെ വിവിധ രാഷ്ട്രീയ സ്വരങ്ങളെ പോസ്റ്ററിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്, എന്നാൽ നെഹ്റുവില്ല. നെഹ്‌റുവിനെയും സുപ്രധാന മുസ്‌ലിം ദേശീയ നേതാവായിരുന്ന മൗലാനാ അബുൽ കലാം ആസാദിനെയുംകൂടി ഉൾക്കൊള്ളിച്ചിരുന്നെങ്കിൽ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ നായകർ ഏതാണ്ട് പൂർത്തിയാകുമായിരുന്നു. ഈ നായകനിരയിൽ സവർക്കറെ ഉൾക്കൊള്ളിച്ചതിൽ പലരും വിയോജിക്കുകയും ചെയ്യും. എന്നാൽ കഴിഞ്ഞ ഏഴു വർഷമായി കേന്ദ്ര സർക്കാർ സ്ഥാപനങ്ങളെയാകെ ബാധിച്ച നിന്ദ്യതയെ അപ്പാടെ പുൽകി ഐ.സി.എച്ച്.ആർ നെഹ്‌റുവിനെയും ആസാദിനെയും ഒഴിവാക്കി.

സ്വാഭാവികമായും പ്രതിപക്ഷ പാർട്ടികൾ രോഷാകുലരായി. ഞൊടിയിടയിൽ 1700 റീട്വീറ്റും 6500ന് മുകളിലും ലൈക്കും ലഭിച്ച എന്റെ ട്വീറ്റിലൂടെ ഈ പോസ്റ്റർ നിന്ദ്യം മാത്രമല്ല ചരിത്രവിരുദ്ധവുമാണ് എന്ന് ആഗസ്റ്റ് 27ന് തന്നെ ഞാൻ പ്രതികരിച്ചിരുന്നു. സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ ആരുടേയും പങ്ക് കുറച്ചുകാണിക്കാൻ തങ്ങൾ ശ്രമിക്കുന്നില്ലെന്ന് ചരിത്ര കൗൺസിൽ വിഫല വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. വരും ദിവസങ്ങളിൽ പുറത്തിറക്കുന്ന പോസ്റ്ററുകളിൽ നെഹ്റുവിന്റെ ചിതങ്ങളുണ്ടാകുമെന്നും പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാക്കളായ പി. ചിദംബരവും ജയറാം രമേശും ഐ.സി.എച്ച്.ആറിനെ ചോദ്യം ചെയ്‌ത്‌ ഉടനടി രംഗത്തെത്തിയിരുന്നു. മോട്ടോർ കാറിന്റെ കണ്ടുപിടുത്തം ആഘോഷിക്കുമ്പോൾ ഹെൻറി ഫോർഡിനെയോ വ്യോമയാത്രയെ പരാമർശിക്കുമ്പോൾ റൈറ്റ് സഹോദരന്മാരെയോ ആരെങ്കിലും ഒഴിവാക്കുമോയെന്ന് ചിദംബരം തുറന്നടിച്ചു.

നെഹ്റുവിന്റെ ചിത്രം പോസ്റ്ററിൽ നിന്നും ഒഴിവാക്കിയത് മനഃപൂർവ്വമല്ലായിരുന്നു എന്നാണ് കാലാവധിയവസാനിക്കുന്ന ചരിത്ര കൗൺസിൽ ചെയർമാൻ അരവിന്ദ് ജംഖേദ്‌കർ വിശദീകരിക്കുന്നത്. എന്നാൽ ഈ വാദം അസംബന്ധമെന്ന് ചൂണ്ടിക്കാട്ടി അപ്പോൾ തന്നെ തള്ളപ്പെട്ടു. ചരിത്രമാണ് ഹിന്ദുത്വ പോരാളികളുടെ പുതിയ യുദ്ധഭൂമി, അവയുടെ തിരുത്തലാണ് അവരുടെ പ്രിയ ആയുധം. ഹിന്ദുത്വ ശക്തികൾക്ക് അപ്രിയനായ നെഹ്‌റുവിനോടുള്ള അനാദരവ് ഒരിക്കലും അശ്രദ്ധമായി സംഭവിച്ച പിഴവല്ല.

നെഹ്‌റുവും ഗാന്ധിജിയും

ചരിത്ര സംരക്ഷകർ വസ്തുതകളെ തിരുത്താനനുവദിക്കരുത് എന്ന നിലപാടെടുക്കുമ്പോൾ ‘തിരിച്ചു പോകൂ, തെറ്റ് തിരുത്തൂ’ എന്നാണ് ഹിന്ദു ദേശീയവാദികൾ അലമുറയിടുന്നത്. മനോഹരമായ ഭൂതകാലത്തെകുറിച്ചുള്ള ആരാധനയോ താൽപര്യമോ അല്ല ചരിത്രം തിരുത്താനുള്ള ഇവരുടെ ഉദ്യമങ്ങൾക്ക് പിന്നിൽ. മറിച്ച് ഭൂതകാലത്തെ അഴിച്ചുപണിത് നിലവിലെ രാഷ്ട്രീയ താത്പര്യങ്ങൾക്ക് ഉതകുന്നതാക്കാൻ വേണ്ടിയാണ്. ഇന്ത്യൻ സ്വാതന്ത്ര്യ മോഹങ്ങൾക്ക് അകമഴിഞ്ഞ് സംഭാവന നൽകിയ, സുപ്രസിദ്ധമായ ‘വിധിയുമായുള്ള കരാർ’ പ്രഭാഷണത്തിലൂടെ വിജയഭേരിയുടെ ആ രാത്രിയെ അടയാളപ്പെടുത്തിയ, ശേഷമുള്ള 17 വർഷം പ്രധാനമന്ത്രിയായി സ്വതന്ത്ര ഇന്ത്യക്ക് ജനാധിപത്യ അടിത്തറ പാകിയ ജവഹർലാൽ നെഹ്‌റു, ഹിന്ദുത്വ വാദികൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന നേട്ടങ്ങളുടെയും പുരോഗതിയുടെയും പ്രതിരൂപമാണ്. സ്വാതന്ത്ര്യ പോരാട്ടത്തിൽ നിന്നും നെഹ്‌റുവിനെ പറിച്ചെറിയുക അസാധ്യമാണ്, പോസ്റ്ററിൽ നിന്നും ചിത്രമൊഴിവാക്കുക എന്നത് മാത്രമാണ് അവർക്ക് ആകെ ചെയ്യാൻ സാധിക്കുക.

സ്വാതന്ത്ര്യ സമരത്തിലെ കൈകടത്തലുകൾ

1942ലെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ 70-ാം വാർഷിക വേളയിൽ ’70 സാൽ ആസാദി: സ’രാ യാദ് കരോ ഖുർബാനി’ (സ്വാതന്ത്ര്യത്തിന്റെ 70 വർഷങ്ങൾ: ത്യാഗങ്ങൾ സ്‌മരിക്കാം) എന്ന പേരിൽ നരേന്ദ്ര മോഡി ഒരു കാമ്പയിൽ പ്രഖ്യാപിച്ചിരുന്നു. ഓപ്പൺ മാഗസിനിൽ 2017ൽ ഞാൻ ഇങ്ങനെയെഴുതി: ക്വിറ്റ് ഇന്ത്യയുമായി ബന്ധപ്പെട്ട് ഹിന്ദുത്വ പ്രസ്ഥാനങ്ങൾക്ക് യാതൊരു പങ്കുമില്ല, സ്വാതന്ത്ര്യത്തിനായി അവർ ഒന്നും ത്യജിച്ചിട്ടുമില്ല. എന്നാൽ ദേശീയതയുടെ കരിമ്പടം പുതച്ച, പ്രധാനമന്ത്രി മോഡി നയിക്കുന്ന ബിജെപി ഇപ്പോൾ സ്വാതന്ത്യ്ര സമരത്തെ ഏറ്റെടുക്കാൻ ശ്രമിക്കുകയാണ്.

ചരിത്രത്തിന്റെ പുനർവായനയിലൂടെ സ്വാതന്ത്ര്യ സമര നേതാക്കളെ തങ്ങളുടെ ആളുകളാക്കി മാറ്റാനുള്ള ശ്രമമാണ് മോഡി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. വൈരുധ്യമെന്തെന്നാൽ, ജനസംഘ്, ആർ.എസ്.എസ്, മറ്റ് ഹിന്ദുത്വ പ്രസ്ഥാനങ്ങൾ ഉൾപ്പടെയുള്ള ബിജെപിയുടെ ആശയപരിസരങ്ങളിൽ എവിടെയും സ്വാതന്ത്ര്യ സമരത്തിൽ സുപ്രധാന പങ്കുവഹിച്ച ഒരു നേതാവുപോലുമില്ല എന്നതാണ്. ദേശീയ പ്രസ്ഥാനത്തിന്റെ സമയത്ത് സജീവമല്ലാതിരുന്നതോ ക്വിറ്റ് ഇന്ത്യാ സമരത്തെ തുടർന്ന് ദേശീയ നേതാക്കൾ ജയിലിലായപ്പോൾ ബ്രിട്ടീഷുകാർക്ക് ഒപ്പംകൂടിയവരോ ആയ നേതാക്കളിലേക്കാണ് ബിജെപിയുടെ നേതൃപരമ്പര ചെന്നെത്തുക.

ബിജെപിയുടെ മാതൃപ്രസ്ഥാനത്തിൽ ഇത്തരത്തിൽ സമാദരണീയനായ ഒരു നേതാവുപോലും ഇല്ലാതെപോയതിനാൽ മറ്റെവിടെനിന്നെങ്കിലും നേതാക്കളെ തപ്പേണ്ട ഗതികേടിലാണ് മോഡി. പട്ടേലിനെ സ്വന്തമാക്കാൻ ഒരു വിവാദ ശ്രമം നടത്തി അവർ, എന്നാൽ ഹിന്ദുത്വയുടെ ചട്ടക്കൂടിൽ ഒതുക്കാൻ കഴിയാത്ത ഗാന്ധിയനാണ് അദ്ദേഹം. ബ്രിട്ടീഷ് തടവറയിൽ നിന്നും മാപ്പെഴുതി മോചിതനായ സവർക്കറെ ‘വീർ’ എന്ന് വിശേഷിപ്പിച്ച് ചിത്രം തയാറാക്കി പാർലമെന്റ് മന്ദിരത്തിനുള്ളിൽ തൂക്കി. അതും അദ്ദേഹം ഏറ്റവും വെറുത്തിരുന്ന മഹാത്മാ ഗാന്ധിയുടെ ചിത്രത്തിന് മുഖാമുഖമായി. കോൺഗ്രസുകാരനായിരുന്ന, പിന്നീട് ഹിന്ദു മഹാസഭക്ക് നേതൃത്വം നൽകിയ മാളവ്യക്ക് ഭാരത് രത്നയും സമ്മാനിച്ചു. ഇരുവരും നിലവിലെ ഗവണ്മെന്റിന്റെ ആശയവാഹികളായിരുന്നു. എന്നാൽ അവരെ ഉൾക്കൊള്ളിച്ചത്കൊണ്ട് മാത്രം ഐ.സി.എച്ച്.ആർ തൃപ്തിപ്പെട്ടില്ല, അവർക്ക് നെഹ്റുവിനെ ഒഴിവാക്കുക തന്നെ വേണമായിരുന്നു.

ജവഹർലാൽ നെഹ്‌റു

സ്വാതന്ത്ര്യത്തിനായി പോരാടിയ, ഒട്ടനവധി ത്യാഗങ്ങൾ സഹിച്ചവർ ‘ദേശീയവാദി’ പട്ടം ഹിന്ദുത്വവാദികൾക്ക് അടിയറവുപറയാൻ നിർബന്ധിതരാക്കുന്ന അതിശയകരമായ രാഷ്ട്രീയ സാഹചര്യമാണ് നിലവിൽ രാജ്യത്തുള്ളത്. ഒൻപത് വർഷമാണ് നെഹ്‌റു ബ്രിട്ടീഷ് ജയിലുകളിൽ കഴിഞ്ഞത്. എന്നാൽ യഥാർത്ഥ നായകരായിരുന്ന നെഹ്‌റുവും പട്ടേലും ആസാദും ജയിലിൽ കഴിഞ്ഞപ്പോൾ ബ്രിട്ടീഷുകാരുടെ തോളത്തുകയ്യിട്ടുനടന്നവരുടെ പിന്മുറക്കാർക്കുവേണ്ടിയാണ് ചരിത്ര കൗൺസിൽ ഇപ്പോൾ സംസാരിക്കുന്നത്.

ഭരണഘടനാ നിഷ്കർഷിതമായ ദേശീയതാ സങ്കൽപ്പങ്ങളെ മാറ്റിനിർത്തി ഇന്ന് ഹിന്ദുത്വ ശക്തികൾ ദേശീയതയെ തങ്ങൾക്ക് ഉതകുന്ന വിധം പുനർവ്യാഖ്യാനം നടത്തുകയാണ്. അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് ചരിത്ര കൗൺസിൽ പോലെയുള്ള ഭരണകൂട സംവിധാനങ്ങളെ അവർ പരുവപ്പെടുത്തി കൂടെക്കൂട്ടിയിരിക്കുന്നു. മിതവാദവും ഉത്പതിഷ്ണുത്വവും നാനാത്വവും സമാധാനവാദവും ഒക്കെ ശക്തിഹീനമായ ദുർബല സങ്കല്പങ്ങളായി ചിത്രീകരിച്ച് ലോകത്തിനുമുന്നിൽ കരുത്തുറ്റ ഇന്ത്യയെ ഉയർത്തിയെടുക്കാൻ അവ വിഘാതമാണ് എന്ന് വരുത്തിത്തീർത്തിരിക്കുന്നു. അസ്സൽ ദേശീയവാദിയെന്ന് 56-ഇഞ്ച്കാരന് മാത്രം അവകാശപ്പെടാം.

ചരിത്രത്തിന്റെ അട്ടിമറി

ഞാൻ മുൻപ് എഴുതിയിട്ടുള്ളതുപോലെ, ഇന്ത്യയിൽ ചരിത്രം പലപ്പോഴും ഒരു വിവാദ ഭൂമികയാണ്. എന്നാൽ 21-ാം നൂറ്റാണ്ടിലെ രാഷ്ട്രീയ പശ്ചാത്തലങ്ങളോട് ചേർത്തുകെട്ടിയുള്ള ഈ പുനർവായനകൾ ഗൗരവതരമാണ്. അതായത് സമകാലീന ഹിന്ദുത്വ രാഷ്ട്രീയത്തിലും ഭൂതകാലത്തിന് വലിയ പങ്കുണ്ട് എന്നതാണ്. ബാബറിന്റെ മക്കൾ എന്നൊക്കെ ചാപ്പ ചാർത്തി ഇന്ത്യൻ മുസ്‌ലിമുകളെ ഇകഴ്ത്തുന്നതിനായി മുഗളരെ പൈശാചികമായി അവതരിപ്പിക്കുകയാണ് അവർ. ഹിന്ദുത്വയോടൊപ്പം നിൽക്കാതെ മുസ്ലിമുകളോട് ചേർന്നതാണ് നെഹ്‌റു ചെയ്‌ത തെറ്റ്. ദേശീയതയുടെ പ്രഭാവലയം സ്വന്തമാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യസമരവും അട്ടിമറിക്കപ്പെടും എന്നത് അടിവരയിടുന്നതാണ് ഈ ‘അമൃത് മഹോത്സവ്’ ആഘോഷം.

സ്വാതന്ത്ര്യലബ്‌ദിയുടെ രാത്രിയിൽ ഭരണഘടനാ നിർമാണ സഭയെ അഭിസംബോധനചെയ്തുകൊണ്ട് സംസാരിക്കുന്ന നെഹ്‌റു.

മോഡി സർക്കാരും അതിന്റെ ബൗദ്ധികകേന്ദ്രങ്ങളും പ്രതിനിധീകരിക്കുന്ന ആശയങ്ങളുടെ കൃത്യമായ നിഷേധമാണ് നെഹ്‌റു. അതിനാൽ നെഹ്റുവിനെ നിശ്ശബ്ദമാക്കാൻ അവർ ശ്രമിക്കും. അവരുടെ പൂർവികരോട് നെഹ്‌റു ചെയ്‌തതും സമാനമാണ്. ഗാന്ധി വധത്തിന് ശേഷമുള്ള ദിനങ്ങളിൽ ഹിന്ദുത്വ മതഭ്രാന്തിനെക്കുറിച്ച് നെഹ്‌റു പറഞ്ഞത് ഇങ്ങനെയാണ്: ‘ഈ വിഷം നമ്മൾ നേരിടുകതന്നെ വേണം. ഈ വിഷം നമുക്ക് പിഴുതെറിയാൻ സാധിക്കണം. നമുക്ക് ചുറ്റും വ്യാപരിച്ചിരിക്കുന്ന എല്ലാ വിപത്തുകളെയും നമ്മൾ നേരിടണം. ഭ്രാന്തമായോ, തെറ്റായോ അല്ല, മറിച്ച് നമ്മുടെ പ്രിയ ഗുരു നമുക്ക് പകർന്നുതന്ന മാതൃകയിൽ തന്നെ.’

ലിബറലുകളായ നാം കാലങ്ങളായി താലോലിച്ചിരുന്ന, എല്ലാവരെയും ഉൾക്കൊള്ളുന്ന സൗമ്യമായ രാജ്യമെന്ന ഭാരതസങ്കല്പം എന്നെന്നേക്കുമായി തകരുന്നു എന്നതിന്റെ ഓർമ്മപ്പെടുത്തലാണ് ഈ ഐ.സി.എച്ച്‌.ആർ പോസ്റ്റർ. പകരം വൈവിധ്യരഹിതമായ, വ്യത്യസ്‌തകളെ ഉൾക്കൊള്ളാത്ത, എതിർ ആശയങ്ങളോട് സഹിഷ്ണുതയില്ലാത്ത ഒരിന്ത്യ ഉയർന്നുവരികയാണ്. ദേശീയതയെ പുനർനിർവചിച്ച് താത്പര്യാനുസരണം ഉപയോഗിക്കപ്പെടുന്നു. ഐക്യം എന്നത് ഏകം എന്നാക്കി മാറ്റിയിരിക്കുന്നു. രാജ്യസ്നേഹമെന്നത് അമിത ദേശാഭിമാനമായിക്കഴിഞ്ഞു. സ്വതന്ത്ര സ്ഥാപനങ്ങൾ സർക്കാരിന് അടിയറവ് പറയുന്നു. ജനാധിപത്യം ഏകാധിപത്യത്തിന് വഴിമാറുന്നു.

ഹിന്ദു ദേശീയവാദികളുടെ പ്രധാന ശല്യങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നയിച്ച സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യം പേറുന്ന, അസ്സൽ ദേശീയവാദികളെന്ന് സ്വയം വിശ്വസിക്കുന്ന, നെഹ്‌റൂവിയൻ ലിബറലുകളാണ്. ചരിത്രത്തെ വളച്ചൊടിക്കുന്ന, മടുപ്പുളവാക്കുന്ന ഈ രാഷ്ട്രീയ വിവാദങ്ങൾ നമുക്ക് ഇപ്പോൾ ശീലമായിരിക്കുന്നു. പതിനാറാം നൂറ്റാണ്ടിലേക്ക് രാജ്യത്തെ തിരികെവലിക്കാനാണ് അവർ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. നിലവിൽ 21-ാം നൂറ്റാണ്ടിൽ തന്നെ നിർത്തിയിരിക്കുന്നതിൽ നമ്മൾ അവരോട് കൃതാർത്ഥരായിരിക്കണം. പ്രധാനമന്ത്രിചരിത്രം മറക്കുന്നു എന്നതുതന്നെ ആക്ഷേപകരമാണ്. രാജ്യത്തെ താഴെക്കുവലിക്കാൻ അദ്ദേഹം നേതൃത്വം നൽകുക എന്നത് അങ്ങേയറ്റം മോശകരവും.


മുതിർന്ന കോൺഗ്രസ് നേതാവും പാർലമെന്റ് അംഗവുമായ ശശി തരൂർ ദി പ്രിന്റിൽ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.