‘ആന്റണി കുശാഗ്രബുദ്ധിക്കാരന്‍’; തലകുനിക്കുമെന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു

‘മരക്കാര്‍’ ഒടിടി റിലീസ് വിവാദങ്ങള്‍ക്കിടെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനക്കല്‍. ആന്റണി പെരുമ്പാവൂരിനെതിരെ സംഘടിത ശക്തികളുടെ ആക്രമണം നടക്കുകയാണെന്ന് സിദ്ധു ആരോപിച്ചു. കേരളത്തില്‍ മാത്രം ഓടിയാല്‍ മുതലാകുന്ന സിനിമയല്ല മരക്കാര്‍. നൂറു കോടി മുതല്‍ മുടക്കുമ്പോള്‍ ആന്റണി ലോക വിപണിയും ലക്ഷ്യമിട്ടെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറഞ്ഞു. ബിഗ് ബജറ്റ് മോഹന്‍ലാല്‍ ചിത്രം തിയേറ്ററിലെത്തിക്കാതിരുന്നതിന് നിര്‍മ്മാതാവ് വിമര്‍ശനം നേരിടുന്ന സാഹചര്യത്തിലാണ് സിദ്ധു പനക്കലിന്റെ പ്രതികരണം.

സ്‌നേഹത്തിനു മുന്നില്‍ അല്ലാതെ, സംഘടിത ശക്തികള്‍ക്ക് മുന്നില്‍ അദ്ദേഹം തലകുനിക്കും എന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്.

സിദ്ധു പനക്കല്‍

അവാര്‍ഡുകളുടെയും അംഗീകാരങ്ങളുടെയും പേരില്‍ മാത്രം ലോകസിനിമാവേദികളില്‍ അറിയപ്പെട്ടിരുന്ന മലയാളസിനിമയെ കച്ചവട മൂല്യത്തിന്റെ പേരില്‍ ലോക വിപണിയിലേക്ക് എത്തിച്ചതില്‍ ആന്റണിയോളം സംഭാവന നല്‍കിയ മറ്റൊരാള്‍ ഉണ്ടാവില്ലെന്ന് സിദ്ധു അവകാശപ്പെട്ടു. പതിനഞ്ചും ഇരുപതും കോടി രൂപ ബഡ്ജറ്റില്‍ നിന്ന് നൂറുകോടി എന്ന സ്വപ്ന സംഖ്യയിലേക്ക് സിനിമയെ എത്തിച്ചയാളാണ് ആന്റണി. ആ വലിയ മുടക്കുമുതല്‍ തിരിച്ചു പിടിക്കാനുള്ള ബിസിനസ് തന്ത്രങ്ങള്‍ മെനയാനറിയുന്ന കുശാഗ്രബുദ്ധിക്കാരന്‍. മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ മലയാള നിര്‍മാതാവിന് നിവര്‍ന്നുനിന്ന് തന്റെ ഉല്‍പ്പന്നത്തിന് വിലപറയാന്‍ പ്രാപ്തരാക്കിയവരില്‍ ഒരാള്‍. അങ്ങനെയൊരു നിര്‍മ്മാതാവ് ബാക്കിയുണ്ടാകണമെങ്കില്‍ ഈ പ്രത്യേക കാലഘട്ടത്തില്‍ സിനിമാലോകത്തിന്റെ മൊത്തം സപ്പോര്‍ട്ടും അയാള്‍ക്കൊപ്പം ഉണ്ടാവണം. അങ്ങനെ ഉണ്ടാവുന്നില്ല എന്ന് അദ്ദേഹത്തിന് ബോധ്യപ്പെടുകയും നിലനില്‍പ്പിനായി മറ്റു മാര്‍ഗ്ഗങ്ങള്‍ തേടുകയും ചെയ്യുമ്പോള്‍ അതിനെ കുറ്റം പറയാനാവില്ലെന്നും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറഞ്ഞു.

ഒരു നടനെ കേന്ദ്രീകരിച്ചല്ല മലയാള സിനിമയുടെ നിലനില്‍പെന്നും അഞ്ചല്ല 50 ചിത്രങ്ങള്‍ പോയാലും സിനിമ നിലനില്‍ക്കുമെന്നും ഫിയോക് അദ്ധ്യക്ഷന്‍ കെ വിജയകുമാര്‍ പ്രസ്താവിച്ചിരുന്നു. ഫിയോകിനെതിരേയും സിദ്ധു പരോക്ഷ വിമര്‍ശനങ്ങള്‍ നടത്തി. ഈ വിഷയത്തിലേക്ക് മലയാള സിനിമയുടെ സുല്‍ത്താന്‍ പ്രേംനസീര്‍ സാറിനെയും പ്രിയ നടന്‍ ജയന്‍ സാറിനെയും വലിച്ചിഴച്ചത് തികച്ചും പ്രധിഷേധാര്‍ഹം തന്നെയാണ്. ലാലേട്ടനും മമ്മൂട്ടി സാറും സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. പ്രേംനസീറും ജയനും ചത്തടിഞ്ഞിട്ടും സിനിമ ബാക്കിയായെന്നും മമ്മൂട്ടിയും മോഹന്‍ലാലും പോയാലും അത് ഉണ്ടാകുമെന്നും പറയുന്ന നേതാക്കള്‍ ഒന്നോര്‍ക്കണം, ഇവര്‍ മാത്രമല്ല ആരൊക്കെ പോയാലും സിനിമ ബാക്കിയുണ്ടാകും ഒരു വ്യത്യാസമുണ്ട്. മലയാള സിനിമ ഉള്ള കാലത്തോളം ഇവരേയും അവരുടെ സിനിമകളും ഓര്‍ക്കും. പക്ഷേ ഈ പറയുന്നവരെ ഒരു പുല്‍ക്കൊടിത്തുമ്പുപോലും ഓര്‍ക്കില്ലെന്നും സിദ്ധു പനക്കല്‍ കൂട്ടിച്ചേര്‍ത്തു.

തിയേറ്ററുകള്‍ പ്രതിസന്ധിയിലായിരിക്കെ മലയാള സിനിമയിലെ രണ്ട് മുന്‍ നിര നടന്‍മാരും നിര്‍മ്മാതാക്കളും സ്വീകരിച്ച നിലപാട് ചര്‍ച്ചയാകുന്നുണ്ട്. മോഹന്‍ലാലിന്റെ നിര്‍ദ്ദേശത്തേത്തുടര്‍ന്നാണ് മരക്കാര്‍ റിലീസിന് ഒടിടി തെരഞ്ഞെടുത്തതെന്നും നാല് ചിത്രങ്ങള്‍ കൂടി ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നല്‍കുമെന്നുമുള്ള ആന്റണിയുടെ പ്രതികരണം വിവാദമായിരുന്നു.

ഇതിനിടെ ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണത്തില്‍ ശ്രീനാഥ് രാജേന്ദ്രന്‍ ദുല്‍ഖറിനെ തന്നെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘കുറുപ്പ്’ ഡയറക്ട് ഒടിടി റിലീസ് വേണ്ടെന്ന് വെച്ചെന്ന് വാര്‍ത്തകള്‍ വന്നു. നെറ്റ്ഫ്ളിക്സിന്റെ 40 കോടിയുടെ ഡയറക്ട് ഒടിടി റിലീസ് ഓഫര്‍ ദുല്‍ഖറിന്റെ വെയ്ഫാറര്‍ ഫിലിംസ് വേണ്ടെന്ന് വെച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങളെ സഹായിക്കാന്‍ വേണ്ടി മമ്മൂട്ടിയും ദുല്‍ഖറും നടത്തിയ സ്നേഹപൂര്‍വ്വമായ ഇടപെടലാണിതെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ പ്രസിഡന്റ് കെ വിജയകുമാര്‍ വ്യക്തമാക്കുകയും ചെയ്തു. കൊച്ചിയില്‍ ‘കുറുപ്പ്’ സിനിമയുടെ പ്രചരണാര്‍ത്ഥം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെ വിജയകുമാര്‍ പങ്കെടുത്തു. കേരളത്തിലെ 450 സ്‌ക്രീനുകളില്‍ മിനിമം രണ്ടാഴ്ച്ചയെങ്കിലും കുറുപ്പ് ഓടിക്കാനാണ് ഫിയോകിന്റെ തീരുമാനമെന്നും തിയേറ്ററുടമകള്‍ പ്രഖ്യാപിച്ചു.

‘നെറ്റ്ഫ്‌ളിക്‌സിലെടുക്കാത്ത സിനിമകളാണ് ചിലര്‍ തിയേറ്ററുകളെ സഹായിക്കാനെന്ന പേരില്‍ ഇറക്കുന്നത്’, എന്ന സംവിധായകന്‍ പ്രിയദര്‍ശന്റെ പ്രസ്താവനയും വിവാദമായി. മലയാള സിനിമയിലെ രണ്ട് പ്രബല വിഭാഗങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയാണിത് വെളിവാക്കുന്നതെന്ന് വരെ വ്യാഖ്യാനങ്ങളുണ്ടായി. നടന്‍മാരുടെ ആരാധകരും തിയേറ്ററുടമകളും തമ്മില്‍ സമൂഹമാധ്യമങ്ങളില്‍ വാക് പോര് തുടരുകയാണ്.