വേടന്‍ വിവാദം: മീമിന് ചുണ്ടനക്കി വിമര്‍ശകരോട് പാര്‍വ്വതി; ‘വലിച്ചുകീറാന്‍ ഇറങ്ങുമ്പോള്‍ വീഴുന്നത് നിങ്ങള്‍ തന്നെ’

ലൈംഗീകാരോപണത്തേത്തുടര്‍ന്ന് വേടന്‍ പരസ്യമായി മാപ്പ് അഭ്യര്‍ത്ഥിച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് നടി പാര്‍വ്വതി തിരുവോത്ത് ലൈക്ക് ചെയ്തത് ചര്‍ച്ചയായിരുന്നു. അതിക്രമങ്ങള്‍ക്ക് ഇരയായവരുടെ പക്ഷത്ത് നിന്ന് ചിന്തിക്കാതെ കേവലമായ മാപ്പപേക്ഷയില്‍ പാര്‍വ്വതി വിഷയത്തിന്റെ ഗൗരവം ചുരുക്കിയെന്ന് വിമര്‍ശനങ്ങളുയര്‍ന്നു. വിവാദമായതോടെ പാര്‍വ്വതി ലൈക്ക് പിന്‍വലിക്കുകയും തുറന്നുപറച്ചില്‍ നടത്തിയവര്‍ക്ക് വേടന്റെ ക്ഷമാപണം ആത്മാര്‍ത്ഥമായി തോന്നിയില്ലെന്ന് ചൂണ്ടിക്കാട്ടി മാപ്പ് ചോദിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ വിമര്‍ശനം തുടരുന്ന സാഹചര്യത്തില്‍ മറുപടിയുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് പാര്‍വ്വതി. വിമര്‍ശനങ്ങള്‍ തന്നെ സ്പര്‍ശിക്കുന്നു പോലുമില്ലെന്ന് വ്യക്തമാക്കുന്ന ഒരു മീമിന് ചുണ്ടനക്കിക്കൊണ്ടാണ് പാര്‍വ്വതിയുടെ ഇന്‍സ്റ്റഗ്രാം പ്രതികരണം.

നിങ്ങളുടെ വിലയിരുത്തലുകളും അനുമാനങ്ങളും (അല്ലെങ്കില്‍ വെറും വിരോധം) വെച്ച് ഒരാളെ വലിച്ചുകീറാന്‍ ഇറങ്ങുമ്പോള്‍, വീണുപോകുന്നത് നിങ്ങള്‍ തന്നെയാണെന്ന കാര്യം മറന്നുപോകരുത്.

പാര്‍വ്വതി

നിങ്ങള്‍ക്ക് എന്നോടുള്ള വെറുപ്പും പൊതുവിടത്തില്‍ എന്നെ വലിച്ചുകീറാന്‍ ശ്രമിക്കുമ്പോഴുള്ള ആഹ്ലാദവും നിങ്ങള്‍ അകപ്പെട്ടിരിക്കുന്ന പ്രശ്‌നമാണ് കാണിക്കുന്നത്. നമ്മള്‍ തമ്മില്‍ ഒരു കാര്യത്തില്‍ പോലും യോജിപ്പുണ്ടാകണമെന്നില്ല. പക്ഷെ, പരസ്പര ബഹുമാനത്തോടെ സംവദിക്കാന്‍ ഒരിടം നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലായെങ്കില്‍ ഒരു സംഭാഷണം വളര്‍ച്ചയിലേക്ക് മുന്നോട്ടുകൊണ്ടുപോകാന്‍ അനുവദിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ ക്യാന്‍സല്‍ കള്‍ച്ചറിന്റെ ഭാഗമാകുകയാണ്. ആദ്യമായല്ല എനിക്കിത് നേരിടേണ്ടി വരുന്നത്, അവസാനത്തേതുമായിരിക്കില്ല. തന്നെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ താന്‍ തുടരുമെന്നും പാര്‍വ്വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.