‘കടുവ’ സെറ്റിലേക്ക് പൊന്‍കുന്നം യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ച്; കാഞ്ഞിരപ്പിള്ളിയിലെ പ്രവര്‍ത്തകര്‍ തടഞ്ഞതോടെ ഉന്തും തള്ളും

കോട്ടയം: കാഞ്ഞിരപ്പിള്ളിയില്‍ ഷാജി കൈലാസ്-പൃഥ്വിരാജ് ചിത്രം ‘കടുവ’യുടെ ലൊക്കേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയതിനേത്തുടര്‍ന്ന് സംഘര്‍ഷം. കുന്നം ഭാഗത്തേക്കുള്ള റോഡ് ഗതാഗതം തടസപ്പെടുത്തി സിനിമ ചിത്രീകരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പൊന്‍കുന്നത്തെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരുമാണ് ആദ്യം പ്രതിഷേധ മാര്‍ച്ച് നടത്തിയത്. വൈറ്റിലയിലെ കോണ്‍ഗ്രസ് റോഡ് ഉപരോധത്തിനിടെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു പൊന്‍കുന്നം യൂത്ത് കോണ്‍ഗ്രസിന്റെ പ്രകടനം.

പ്രതിഷേധ മാര്‍ച്ചിനെതിരെ കാഞ്ഞിരപ്പിള്ളിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എ കെ ഷമീര്‍, കെഎസ് യുവിന്റെ ജില്ലാ സെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് കടുവ സെറ്റിലേക്കുള്ള പ്രതിഷേധം തടഞ്ഞതോടെ ഉന്തും തള്ളുമായി. പൊലീസ് ഇടപെട്ടാണ് ഇരുവിഭാഗത്തേയും പിന്തിരിപ്പിച്ചത്. ഇനി ഗതാഗതം തടസപ്പെടുത്തിയുള്ള ചിത്രീകരണം ഉണ്ടാകില്ലെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയെന്ന് പൊന്‍കുന്നം യൂത്ത് കോണ്‍ഗ്രസ് പ്രതികരിച്ചു. പൃഥ്വിരാജ് ചിത്രത്തിന്റെ സെറ്റിലേക്ക് മാര്‍ച്ച് നടത്തരുതെന്ന് എംപി ആന്റോ ആന്റണി നിര്‍ദ്ദേശിച്ചിട്ടും പൊന്‍കുന്നത്തെ പ്രവര്‍ത്തകര്‍ ചെവിക്കൊണ്ടില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.