ന്യൂദല്‍ഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുതിച്ചു കയറവേ രാജ്യമെമ്പാടും പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. ദല്‍ഹിയില്‍ നടന്ന പ്രതിഷേധ പരിപാടിക്ക് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസ് നേതൃത്വം നല്കി.
പ്രതിഷേധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരടക്കം കേന്ദ്രമന്ത്രിസഭയിലെ പ്രമുഖര്‍ക്കും സൈക്കിളുകള്‍ യൂത്ത് കോണ്‍ഗ്രസ് അയച്ചു കൊടുത്തു. പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രഥാന്, സ്മൃതി ഇറാനി എന്നിവര്‍ക്കും സൈക്കിളുകള്‍ അയച്ചിട്ടുണ്ട്.
സര്‍ക്കാരിന്റെ നയങ്ങളാല്‍ ദിരിതം അനുഭവിക്കുന്ന ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുകയാണ്. മോഡി സര്‍ക്കാര്‍ ചെയ്യുന്നത് പോലെ ലോകത്തെ മറ്റൊരു സര്‍ക്കാരും ജനങ്ങളെ ഇത്രമേല്‍ ദ്രോഹിക്കുന്നില്ല. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 43 തവണയാണ് പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചതെന്ന് ബിവി ശ്രീനിവാസ് പറഞ്ഞു.
ബിജെപി പ്രതിപക്ഷത്തായിരുന്ന കാലത്ത് പെട്രാളിന് അഞ്ച് രൂപ കൂടിയാല്‍ തെരുവില്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ഇപ്പോള്‍ വന്‍വില വര്‍ധന ഉണ്ടാവുമ്പോള്‍ എല്ലാവരും നിശബ്ദതയിലാണെന്നും ശ്രീനിവാസ് പറഞ്ഞു.
കേരളത്തിലും യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. ഇന്ധനത്തിന് നികുതിയായി ഈടാക്കുന്ന പണം തിരികെ നല്കുന്ന സമരമാണ് യൂത്ത് കോണ്‍ഗ്രസ് വിവിധ പെട്രോള്‍ പമ്പുകളില്‍ നടത്തിയത്. സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ നേതൃത്വം നല്കി.