തിരുവനന്തപുരം: കേരളത്തില്‍ ലൗജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്ന് പറഞ്ഞ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്കാട്ടിന് അനുകൂലമായി നിലപാട് സ്വീകരിച്ച യൂത്ത് കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം കമ്മറ്റിയെ തള്ളി സംസ്ഥാന കമ്മറ്റി. ഏത് വിഷയത്തിലും നിലപാട് അറിയിക്കേണ്ടത് സംസ്ഥാന സമിതിയാണെന്നും സമിതിയോട് ആലോചിക്കാതെ ഒരു പ്രാദേശിക യൂണിറ്റിന്റെ പ്രസിഡണ്ട് പറഞ്ഞ കാര്യങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് നിലപാടല്ലെന്നും സംസ്ഥാന കമ്മറ്റി പറഞ്ഞു.
സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുന്ന നിലപാടിനെ യൂത്ത് കോണ്‍ഗ്രസിന് പിന്തുണക്കാനാവില്ലെന്നും അതിനെ എതിര്‍ക്കുമെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗിക നിലപാട്. ബിഷപ്പിനെ സാമൂഹ്യ വിരുദ്ധനായി ചിത്രീകരിക്കാനുള്ള പ്രചരണങ്ങളെ ചെറുക്കുമെന്നും സിപിഐഎമ്മും ബിജെപിയും ഇക്കാര്യത്തില്‍ രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുകയാണെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ പ്രതികരണം.
കേരളത്തില്‍ ലൗജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്ന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്കാട്ട് വചന സന്ദേശം നല്‍കുന്നതിനിടെ പറഞ്ഞിരുന്നു. നാര്‍ക്കോട്ടിക്, ലൗ ജിഹാദുകള്‍ക്ക് കത്തോലിക്ക പെണ്‍കുട്ടികളെ ഇരയാക്കുന്നുവെന്നും അതിനെതിരെ കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുറവിലങ്ങാട് പള്ളിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ബിഷപ്പിന്റെ പ്രസംഗം പുറത്തുവന്നത്.
ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണ്. ഇത്തരക്കാര്‍ക്ക് നിക്ഷിപ്ത താല്പര്യം ഉണ്ട്. ഇതര മതസ്ഥരായ യുവതികള്‍ ഐ.എസ് ക്യാമ്പില്‍ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ മനസ്സിലാകുമെന്ന് ബിഷപ്പ് പറഞ്ഞു.
വര്‍ഗീയതയും വിദ്വേഷവും വെറുപ്പും മതസ്പര്‍ധയും അസഹിഷ്ണുതയും വളര്‍ത്താന്‍ ശ്രമിക്കുന്ന ജിഹാദി തീവ്രവാദികള്‍ ലോകമെമ്പാടും ഉണ്ട്. ഇതിനെതിരെ കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നും ബിഷപ്പ് പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.
ജിഹാദിന് സഹായം നല്കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നതും ബിഷപ്പ് ആരോപിച്ചിരുന്നു.