വനിതാകമ്മീഷനിലെ പരാതി പിന്‍വലിച്ചാല്‍ പുറത്താക്കിയ ഹരിതാ നേതാക്കളെ സഹഭാരവാഹികളാക്കാമെന്ന് യൂത്ത് ലീഗ്; ഫിറോസും മുനവറലിയും തുടരാന്‍ ധാരണ

കോഴിക്കോട്: മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ അഴിച്ചുപണിയില്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ യഥാക്രമം പാണക്കാട് മുനവറലി തങ്ങളും പി.കെ ഫിറോസും തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. എംഎസ്എഫ് നേതാക്കള്‍ക്കെതിരെയുള്ള പരാതിയില്‍ വിട്ടുവീഴ്ച ചെയ്താല്‍ ഫാത്തിമ തെഹ്ലിയയെയും മുന്‍ ഹരിതാ ഭാരവാഹികളെയും യൂത്ത് ലീഗിന്റെ സഹഭാരവാഹിത്വത്തില്‍ കൊണ്ടുവരാനും ശ്രമം നടക്കുന്നുണ്ട്. യൂത്ത് ലീഗിന്റെ നേതൃസ്ഥാനങ്ങളിലേക്ക് കൂടുതല്‍ പുതുമുഖങ്ങളെ എത്തിക്കാനും ധാരണയുണ്ട്.

‘മുസ്ലിം ലീഗിന്റെ എല്ലാ ഘടകങ്ങളിലും ഇനി മുതല്‍ ഭരണഘടന അനുസരിച്ച് മാത്രമേ ഭാരവാഹികളും പദവികളും ഉണ്ടാവാന്‍ പാടുള്ളു എന്നാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. അത് ഇപ്പോള്‍ത്തന്നെ നടപ്പിലാക്കണമെന്ന് തീരുമാനിച്ചാല്‍ യൂത്ത് ലീഗിന്റെ സംസ്ഥാന നേതൃത്വത്തില്‍ 11 ഭാരവാഹികളേ ഉണ്ടാവുകയുള്ളു’, പി.കെ ഫിറോസ് വ്യക്തമാക്കി. 20 ശതമാനം വനിതാ പ്രാതിനിധ്യം വേണമെന്നാണ് തീരുമാനമെങ്കിലും ഇക്കുറി ഇത് നടപ്പിലാക്കണോ എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

പ്രായപരിധി കഴിഞ്ഞതിനാല്‍ ട്രഷറര്‍ സ്ഥാനത്തുനിന്നും എം.എ സമദ് മാറും. ട്രഷറര്‍ അടക്കമുള്ള മറ്റ് പ്രധാന പദവികളിലേക്കടക്കം പുതുമുഖങ്ങളെയാവും പരിഗണിക്കുക. നിലവില്‍ നജീബ് കാന്തപുരത്തിന് ചുമതലയുള്ള സീനിയര്‍ വൈസ് പ്രസിഡന്റ് പദവി എടുത്തുമാറ്റും. ഒക്ടോബര്‍ 23നാവും പുതിയ കമ്മിറ്റിയുടെ അന്തിമ പ്രഖ്യാപനമുണ്ടാവുക.

Also Read: സമൂഹ മനസാക്ഷി സൂരജിന് വധശിക്ഷ ആവശ്യപ്പെടുന്നെന്ന പരാമര്‍ശം; സര്‍ക്കാര്‍ അഭിഭാഷകന്‍ ജി മോഹന്‍രാജിനെതിരെ വിമര്‍ശനം

എംഎസ്എഫ് നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയുമായി മുന്നോട്ട് പോകാതിരുന്നാല്‍ ഈ വിഷയുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മിറ്റിയില്‍നിന്നും പുറത്താക്കപ്പെട്ട ഹരിതാനേതാക്കളില്‍ രണ്ടുപേരെ യൂത്ത്‌ലീഗിന്റെ സഹഭാരവാഹികളാക്കിയേക്കും. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളുണ്ടായിട്ടില്ല. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എംഎസ്എഫ് നേതാക്കള്‍ക്കെതിരെ ഹരിതാ നേതാക്കള്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത് ലീഗില്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് സമവായ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ പരാതിയുന്നയിച്ച നേതാക്കളടങ്ങിയ കമ്മിറ്റി പിരിച്ചുവിട്ട് പുതിയ കമ്മിറ്റിക്ക് രൂപം നല്‍കുകയായിരുന്നു.