‘നിര്‍ണായകമായ വിഷയങ്ങളില്‍ നിന്ന് ഒളിച്ചോടാനും രക്ഷപ്പെടാനുമുള്ള പിണറായിയുടെ തന്ത്രമാണ് ഊരിപ്പിടിച്ച വാളും കഠാരയും ഒക്കെ പറയുന്ന ബ്രണ്ണന്‍ വീരവാദം’; ജനകീയ പ്രശ്‌നങ്ങളില്‍ തന്നെ രാഷ്ട്രീയ സംവാദങ്ങളെ ഉറപ്പിച്ചു നിര്‍ത്താനുള്ള പക്വത യുഡിഎഫ് കാണിക്കണമെന്ന് ഷിബു മീരാന്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും തമ്മില്‍ ഇപ്പോള്‍ നടക്കുന്ന വാക്‌പോരിനെ അയ്യപ്പനും കോശിയും കളിയായി വിശേഷിപ്പിച്ച് യൂത്ത് ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഷിബു മീരാന്‍. ജനകീയ പ്രശ്‌നങ്ങളില്‍ തന്നെ രാഷ്ട്രീയ സംവാദങ്ങളെ ഉറപ്പിച്ചു നിര്‍ത്താനുള്ള പക്വത യുഡിഎഫ് കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഈ അയ്യപ്പനും കോശിയും കളി ഗുണപരമോ ജനാധിപത്യപരമോ അല്ല. കേരളത്തിന്റെ രാഷ്ട്രീയ സംവാദങ്ങള്‍ക്ക് ഒരു നിലവാരമുണ്ട്. നിര്‍ണായക വിഷയങ്ങളില്‍ നിന്ന് ഒളിച്ചോടാനും രക്ഷപ്പെടാനുള്ള പിണറായിയുടെ തന്ത്രമാണ് ഊരിപ്പിടിച്ച വാളും, ഉയര്‍ത്തിപ്പിടിച്ച കഠാരയും ഒക്കെ പറയുന്ന ഈ ബ്രണ്ണന്‍ വീരവാദമെന്നും ഷിബു മീരാന്‍ പറഞ്ഞു.

ഇപ്പോള്‍ അതില്‍ കെ കൂട്ടി ഇടിച്ച് സ്‌ഫോടന ശബ്ദമുണ്ടാക്കി ആളുകളെ ഓടിക്കുന്ന ഒരു ആക്ഷന്‍ കൂടി വരുന്നു. ജനകീയ പ്രശ്‌നങ്ങളില്‍ തന്നെ രാഷ്ട്രീയ സംവാദങ്ങളെ ഉറപ്പിച്ചു നിര്‍ത്താനുള്ള പക്വതയാണ് യു ഡി എഫില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്നതെന്നും ഷിബു മീരാന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെ ചവിട്ടിവീഴ്ത്തിയെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് കെ സുധാകരന്‍ ഇന്ന് പറഞ്ഞു. ഓഫ് ദ റെക്കോര്‍ഡ് ആയി പറഞ്ഞ കാര്യമാണ് വാരികയിലെ അഭിമുഖത്തില്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു.

പിണറായി ഉന്നയിച്ച ആരോരപണങ്ങളോട് അതേ പോലെ മറുപടി പറയാന്‍ തനിക്ക് സാധിക്കില്ല. പിആര്‍ ഏജന്‍സിയില്‍ നിന്ന് പുറത്ത വന്ന യഥാര്‍ത്ഥ പിണറായിയെ ആണ് ഇന്നലെ കണ്ടത്. അത് പോലെ തിരിച്ച് മറുപടി പറയാന്‍ തനിക്കാവില്ല. തന്റെ വ്യക്തിത്വവും തന്റെ സംസ്‌കാരവും ഇരിക്കുന്ന കസേരയുടെ മഹത്വവും പിണറായിയിലേക്ക് താഴാനാവില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

അഭിമുഖത്തില്‍ വന്ന എല്ലാ കാര്യങ്ങളും താന്‍ പറഞ്ഞതല്ല. അദ്ദേഹത്തെ ചവിട്ടിയെന്ന് താന്‍ അഭിമുഖത്തിനിടെ പറഞ്ഞിട്ടില്ല. പ്രസിദ്ധീകരിക്കില്ലെന്ന് ലേഖകന്‍ പറഞ്ഞതുകൊണ്ടാണ് സ്വകാര്യമായി കുറച്ച കാര്യങ്ങള്‍ പറഞ്ഞത്. സംഭവത്തിന്റെ വിശദീകരണം പേഴ്‌സണലായി നല്‍കിയിട്ടുണ്ട്. ചതിയുടെ ശൈലിയില്‍ ഇക്കാര്യങ്ങള്‍ അഭിമുഖത്തില്‍ ചേര്‍ത്തതിന്റെ കുറ്റം തനിക്കല്ല. അത് മാധ്യമപ്രവര്‍ത്തനത്തിന് അപമാനമാണ്. പിണറായി വിജയനെ ചവിട്ടി താന്‍ വലിയ അഭ്യാസിയാണെന്ന് കേരളത്തെ അറിയിക്കാനുള്ള താല്‍പര്യം തനിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

മകളെ തട്ടിക്കൊണ്ടുപോകാന്‍ ആരെയെങ്കിലും പദ്ധതിയിടുന്നുവെങ്കില്‍ ആദ്യം പൊലീസിനെ അല്ലേ അറിയിക്കേണ്ടത്. എന്ത് കൊണ്ട് പൊലീസിനെ അറിയിച്ചില്ല. ഭാര്യയോട് പോലും പറഞ്ഞിട്ടില്ലെന്നാണ് പറയുന്നത്. തന്റെ സുഹൃത്താണ് അക്കാര്യം പറഞ്ഞതെങ്കില്‍ ആരാണ് സുഹൃത്ത് എന്ന് പറയാനുള്ള ബാധ്യത പിണറായിക്കുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു.