കടല്‍ ക്ഷോഭത്തിനിടെ യുവാവിന്റെ ‘സ്വാമി വിവേകാനന്ദന്‍ സ്റ്റൈല്‍’ ധ്യാനം; കരയിലെത്തിച്ചത് ബലം പ്രയോഗിച്ച്

കണ്ണൂര്‍ തോട്ടട കടപ്പുറത്ത് സ്വാമി വിവേകാനന്ദനെ അനുകരിച്ച് കടലിലെ പാറയില്‍ ധ്യാനമിരുന്ന യുവാവിനെ കടല്‍ക്ഷോഭത്തേത്തുടര്‍ന്ന് രക്ഷിച്ചു. ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷ് തോട്ടട കടപ്പുറത്ത് നിന്ന് 200 മീറ്റര്‍ അകലെ കടലിലുള്ള പാറയിലേക്ക് നീന്തിയെത്തി. അവിടെ ധ്യാനമിരിക്കുന്നതിനിടെ കടല്‍ ക്ഷോഭം രൂക്ഷമായി. രാജേഷ് ഇരുന്ന പാറയിലേക്ക് വലിയ തിരകള്‍ അടിച്ചുകയറുന്നത് കണ്ട തീരദേശവാസികള്‍ വിവരം പൊലീസില്‍ അറിയിച്ചു.

രാജേഷിനെ രക്ഷിക്കാന്‍ കണ്ണൂരില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് സംഘമെത്തി. എന്നാല്‍ ധ്യാനം അവസാനിപ്പിച്ച് കരയിലേക്ക് മടങ്ങാന്‍ രാജേഷ് വിസമ്മതിച്ചു. നാട്ടുകാരുടേയും സുരക്ഷാ ഉദ്യോഗസ്ഥരുടേയും നിര്‍ബന്ധത്തിന് രാജേഷ് വഴങ്ങാതായതോടെ ബലം പ്രയോഗിച്ച് കരയിലെത്തിക്കുകയായിരുന്നു.

1892ല്‍ ദക്ഷിണേന്ത്യന്‍ സന്ദര്‍ശനത്തിനിടെ സ്വാമി വിവേകാനന്ദന്‍ കന്യാകുമാരിയിലെത്തിയിരുന്നു. കന്യാകുമാരി കടലില്‍ കണ്ട ഒരു വലിയ പാറയിലേക്ക് നീന്തി ചെന്ന അദ്ദേഹം മൂന്ന് ദിവസം (1892 ഡിസംബര്‍ 25, 26, 27) അവിടെ ധ്യാനനിരതനായി ഇരുന്നു. ഈ പാറയാണ് പിന്നീട് വിവേകാനന്ദപ്പാറ ആയി മാറിയത്.