മത വിശ്വാസത്തെ ചോദ്യം ചെയ്ത ആരാധകന് വായടപ്പിക്കുന്ന മറുപടി; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി യുവന്‍ ശങ്കര്‍ രാജയുടെ പ്രതികരണം

സൂപ്പര്‍ സ്റ്റാര്‍ അജിത്തിന്റെ വലിമൈ എന്ന ചിത്രത്തിന് സംഗീതം പകരുന്ന തിരക്കിലാണ് സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജ. ചിത്രവുമായി ബന്ധപ്പെട്ട കുഞ്ഞ് വിവരങ്ങളും സംവിധായകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

ഈ തിരക്കുകള്‍ക്കിടയിലും ഇടക്ക് ആരാധകരുമായി സോഷ്യല്‍ മീഡിയയിലൂടെ സംസാരിക്കാന്‍ യുവന്‍ ശങ്കര്‍ രാജ സമയം കണ്ടെത്താറുണ്ട്. ഈയടുത്ത ദിവസങ്ങളില്‍ യുവന്‍ ഒരു ആരാധകന് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി.

ഒരു മതവാചകം യുവന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ചില ആരാധകര്‍ ഇതിനെതിരെ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഒരു ആരാധകന്റെ കമന്റ് ഇങ്ങനെയായിരുന്നു ‘ഇത് ഒരു ഫാന്‍ പേജാണോ അതോ മതത്തെ ഉദ്‌ഘോഷിക്കുന്ന പേജാണോ?.ഞങ്ങളെല്ലാം നിങ്ങളെ ഫോളോ ചെയ്യുന്നത് താങ്കളുടെ സംഗീതം കാരണമാണ്. അല്ലാതെ നിങ്ങളുടെ മതപ്രഭാഷണം കേള്‍ക്കുന്നതിന് വേണ്ടിയല്ല. ഞാന്‍ താങ്കളെ ഫോളോ ചെയ്യേണ്ടതുണ്ടോ?’. ഇതിന് യുവന്‍ മറുപടിയും നല്‍കി. തന്നെ നിങ്ങള്‍ പിന്തുടരേണ്ട കാര്യമില്ല എന്നായിരുന്നു മറുപടി. പിന്നീടൊരു വിശദീകരണവും യുവന്‍ നടത്തി.

‘ഞാനൊരു ഇന്ത്യക്കാരനാണ്. ഞാനൊരു തമിഴനാണ്. ഞാനൊരു മുസ്‌ലിമാണ്. അറേബ്യയില്‍ മാത്രമാണ് മുസ്‌ലിംങ്ങള്‍ ഉള്ളത് എന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ അത് നിങ്ങളുടെ വിവരക്കുറവാണ് സഹോദരാ. വിശ്വാസവും വംശവും രണ്ട് വ്യത്യസ്തമായ കാര്യങ്ങളാണ്്. വംശവും ഭാഷയും രണ്ട് വ്യത്യസ്തമായ കാര്യങ്ങളാണ്്. ദേശീയതയും മതവും രണ്ട്
വ്യത്യസ്തമായ കാര്യങ്ങളാണ്്. ഉള്ളിലുള്ളതെന്താണോ അതാണ് വിശ്വാസം. നിങ്ങള്‍ക്ക് ഈ ലളിതമായ കാര്യം മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് മറ്റെന്ത് മനസ്സിലാകാനാണ്. ഇന്ത്യക്കാരനായ സഹോദരനായ താങ്കളോട് വേണ്ടത്ര സമയമെടുത്ത് ഞാന്‍ വിശദീകരിക്കുന്നതിന് കാരണം, നിങ്ങളീ പറയുന്നത് നിര്‍ത്തണം. ഈ വിദ്വേഷം നിറഞ്ഞ വര്‍ത്തമാനം. അപ്പോള്‍ സമാധാനം നിങ്ങളോടൊപ്പം ഉണ്ടാവും’, എന്നായിരുന്നു യുവന്റെ വിശദീകരണം.